അര്‍ണബ് ഗോസ്വാമി ചാനല്‍ വിട്ടു; സൈനിക മേധാവിയായിട്ടുണ്ടാവുമെന്ന് സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: ടൈംസ് നൗ ചാനലിന്റെ പ്രധാനപ്പെട്ട മാധ്യമപ്രവര്‍ത്തകനും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമി തല്‍സ്ഥാനം രാജിവച്ചു. 'ന്യൂസ് അവര്‍' എന്ന ചര്‍ച്ചയിലൂടെ ശ്രദ്ധേയനായ ആളാണ് അര്‍ണബ് ഗോസ്വാമി.
പുതിയ പദ്ധതി തുടങ്ങുന്നതിന്റെ ഭാഗമാണ് രാജിയെന്നാണ് സൂചന. എഡിറ്റോറിയല്‍ മീറ്റിങിലാണ് രാജി പ്രഖ്യാപിച്ചത്.
അതേസമയം, അര്‍ണബിന്റെ രാജിക്കു പിന്നാലെ എന്താണ് പുതിയ പദ്ധതിയെന്ന ചോദ്യവുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. സുപ്രിം കോടതിയുടെ ജഡ്ജാവുകയാണോ പുതിയ പദ്ധതിയെന്നാണ് ഒരാള്‍ ഉന്നയിക്കുന്നത്. സൈനിക മേധാവിയായി ചുമതലയേറ്റുവെന്ന രീതിയിലും ചിലര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അതോ ബി.ജെ.പിയില്‍ ചേര്‍ന്നോ എന്ന് ചോദിക്കുന്നവരുമുണ്ട്.
ജെ.എന്‍.യു അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് വിളിച്ചു വരുത്തി അതിഥികളെ രാജ്യദ്രോഹികളെന്നു വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത നടപടിയില്‍ അര്‍ണബ് ഏറെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. കാര്യമായ ചോദ്യങ്ങളൊന്നും ഉന്നയിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിമുഖം നടത്തിയതും അര്‍ണബിനെ വിമര്‍ശനത്തിനിരയാക്കി.
ഇതിനിടയില്‍ തീവ്രവാദ ഭീഷണിയുണ്ടെന്ന ഐ.ബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അര്‍ണബിന് സര്‍ക്കാര്‍ 'വൈ കാറ്റഗറി' സുരക്ഷ നല്‍കിയതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."