തലവരിപ്പണം; സി.ബി.എസ്.ഇ വിദ്യാലയങ്ങള്‍ക്ക് പത്തിരട്ടി തുകവരെ പിഴ
തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനത്തിന് തലവരിപ്പണം വാങ്ങുന്ന സി.ബി.എസ്.ഇ വിദ്യാലങ്ങളില്‍നിന്ന് തുകയുടെ പത്തിരട്ടി വരെ പിഴ ഈടാക്കുമെന്ന് സി.ബി.എസ്.ഇ അധികൃതര്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷനെ അറിയിച്ചു. ബിസിനസായല്ല, സാമൂഹ്യസേവനമായാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും യാതൊരു വിധത്തിലുമുള്ള വാണിജ്യപ്രവര്‍ത്തനത്തിലും സ്‌കൂളുകള്‍ ഉള്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുള്ളതായും സി.ബി.എസ്.ഇ അധികൃതര്‍ വ്യക്തമാക്കി.
സി.ബി.എസ്.ഇയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ വിദ്യാലങ്ങളുടെയും മേധാവികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ അയച്ചുകൊടുത്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ ഒരു സ്‌കൂളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന്‍ നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സി.ബി.എസ്.ഇയുടെ വിശദീകരണം. ഈ പരാതിയിന്‍മേല്‍ കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്ന തരത്തില്‍ മാത്രമേ ഫീസ് ഈടാക്കാവൂയെന്നും മറ്റേതെങ്കിലും പേരില്‍ അധികം തുക വാങ്ങരുതെന്നും സി.ബി.എസ്.ഇ സ്‌കൂളിന് നിര്‍ദേശം നല്‍കി. കൂടാതെ കമ്മിഷന്റെ നിര്‍ദേശങ്ങള്‍, സി.ബി.എസ്.ഇ അഫിലിയേഷന്‍ ബൈലോ, സംസ്ഥാന വിദ്യാഭ്യാസവകുപ്പ് നല്‍കിയ എന്‍.ഒ.സിയിലെ വ്യവസ്ഥകള്‍ എന്നിവ പാലിക്കാനും ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ഏഴു ദിവസത്തിനകം അറിയിക്കാനും സ്‌കൂളിനോട് സി.ബി.എസ്.ഇ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."