പി.എസ്.സിക്ക് മലയാളം മ്ലേച്ഛമാകുന്ന അവസ്ഥയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മലയാളഭാഷയ്ക്ക് കേരളത്തില്‍ വേണ്ടുന്ന പ്രാധാന്യം കിട്ടുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളപ്പിറവിയുടെ 60 ാം വാര്‍ഷികദിനത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭാഷ പഠിക്കാതെ ഡിഗ്രി എടുക്കാവുന്ന അവസ്ഥ കേരളത്തിലല്ലാതെ മറ്റെവിടെയുമില്ല. പി.എസ്.സിക്ക് മലയാളം മ്ലേച്ഛമായി തോന്നുന്ന സ്ഥിതി വേറൊരിടത്തുമില്ല. ഇതു മാറണമെന്നും സംസ്‌കാരത്തെ വീണ്ടെടുത്തു ശക്തിപ്പെടുത്താന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു ജനതയുടെ നിലനില്‍പ്പിനും അതിജീവനത്തിനും ഭാഷ വലിയ അടിസ്ഥാനമാണ്. ആ അടിത്തറ തകര്‍ന്നാല്‍ നാടും സമൂഹവുമില്ല. മലയാളം ശ്രേഷ്ഠഭാഷയായി എന്നു പറഞ്ഞു വിശ്രമിക്കാനാവില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി മലയാളത്തെ അധ്യയന ഭാഷയാക്കാനും ഭരണഭാഷയാക്കാനും കോടതി ഭാഷയാക്കാനും കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ഉത്തരവുകളുടെ അടിസ്ഥാനത്തിലല്ലാതെ നിത്യജീവിത സത്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനു മറുപടി പറയാന്‍ കഴിയണം. മലയാളഭാഷ മലയാളികള്‍ക്ക് നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആന്ധ്രപ്രദേശില്‍ നിരാഹാര സമരത്തിലൂടെയുണ്ടായ പോറ്റി ശ്രീരാമലുവിന്റെ ജീവത്യാഗമാണ് സത്യത്തില്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണമെന്ന ആവശ്യത്തെ അനിവാര്യതയാക്കി മാറ്റിയത്. അപ്പോള്‍ ഐക്യകേരളം രൂപപ്പെട്ടതിന് കേരളീയര്‍ അദ്ദേഹത്തിനുവരെ നന്ദി പറയണം.
കേരളത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും അഭിമാനിക്കുന്ന ആത്മാഭിമാനമുള്ള ഒരു ജനത എന്ന നിലയ്ക്കു മലയാളക്കരയെ ലോകം കാണുന്ന ഒരു കാലമുണ്ടാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."