സിമി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ദുരൂഹത: ബന്ധുക്കള്‍ നിയമനടപടിക്ക്
ഭോപ്പാല്‍: മധ്യപ്രദേശില്‍ ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ പൊലിസ് വെടിവച്ചുകൊന്നതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ബന്ധുക്കള്‍ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുന്നത്.
സിമി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാണ്. അതിനിടയിലാണ് സംഭവത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം വേണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും രംഗത്തെത്തിയത്.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നീതിയുക്തമായ അന്വേഷണത്തിനായിട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് ഇവര്‍ക്കായി ഹാജരാകുന്ന പര്‍വേസ് ആലം എന്ന അഭിഭാഷകന് അറിയിച്ചു. അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും പ്രതികള്‍ ഒരു ജയില്‍ ജീവനക്കാരനെ കൊലപ്പെടുത്തി രക്ഷപ്പെട്ടുവെന്നും പിന്നീട് ഇവരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലിസ് പറയുന്നത്. എന്നാല്‍ പൊലിസ് പറയുന്ന ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും അഡ്വ.പര്‍വേസ് ആലം പറഞ്ഞു. പൊലിസും ആന്റി ടെററിസ്റ്റ് സ്ക്വാഡും പുറത്തുവിട്ട വിഡിയോ ദൃശ്യത്തില്‍ കൊല്ലപ്പെട്ട എട്ടുപേരും പൊലിസുമായി ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങളില്ലെന്നതും സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും അഭിഭാഷകന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."