ഡല്‍ഹിയിലെ നാല് നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്താന്‍ പിന്‍വലിക്കും
ന്യൂഡല്‍ഹി: ചാരവൃത്തിയാരോപിച്ച് പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥന്‍ മഹ്മൂദ് അക്തറിനെ ഇന്ത്യ പുറത്താക്കിയതിനു പിന്നാലെ ഡല്‍ഹിയിലെ നാലുനയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്താന്‍ പിന്‍വലിക്കുന്നു. പാക് ഹൈക്കമ്മിഷനിലെ കൊമേഴ്‌സ്യല്‍ കൗണ്‍സിലര്‍ സയ്യിദ് ഹബീബ്, ഫസ്റ്റ് സെക്രട്ടറിമാരായ ഖാദിം ഹുസൈന്‍, മുദസ്സിര്‍ ചീമ, ഷിഹാദ് ഇഖ്ബാല്‍ എന്നിവരെയാണ് പാകിസ്താന്‍ പിന്‍വലിക്കുന്നത്. ഹൈകമ്മിഷനില്‍ നിന്നു നാലുഉദ്യോഗസ്ഥരെ പിന്‍വലിക്കുന്ന കാര്യം പരിഗണനയിലാണെന്നും അന്തിമ തീരുമാനം ഉടന്‍ അറിയിക്കുമെന്നും പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ഇവര്‍ക്കു ബന്ധമുണ്ടെന്ന്, ചാരപ്രവര്‍ത്തനത്തെത്തുടര്‍ന്ന് ഇന്ത്യ നേരത്തെ പുറത്താക്കിയ അക്തര്‍ മൊഴിനല്‍കിയിരുന്നു. ഡല്‍ഹി പൊലിസ് തന്നെ കൊണ്ട് ബലംപ്രയോഗിച്ചു പറയിപ്പിച്ചതാണ് ആ മൊഴിയെന്ന് പിന്നീട് അക്തര്‍ പാക് മാധ്യമങ്ങള്‍ക്കുനല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.
ഡല്‍ഹിയിലെ തങ്ങളുടെ ഹൈകമ്മിഷന്‍ ഉദ്യോഗസ്ഥരുടെ ജീവനു ഭീഷണിയുണ്ടെന്നും അവിടത്തെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഉദ്യോഗസ്ഥരെ പാകിസ്താന്‍ പിന്‍വലിക്കുന്നത്.
നേരത്തേയും പല തവണ ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ടെങ്കിലും ആദ്യമായാണ് പുറത്താക്കാനുദ്ദേശിക്കുന്നവരുടെ വിവരങ്ങള്‍ മുന്‍കൂട്ടി പുറത്തുവിടുന്നത്. കഴിഞ്ഞയാഴ്ചയാണ് മൂന്നു ഇന്ത്യക്കാര്‍ക്കൊപ്പം ചാരപ്രവര്‍ത്തനത്തിനിടെ അക്തറിനെ ഡല്‍ഹി പൊലിസ് പിടികൂടിയത്.
നയതന്ത്രപരിരക്ഷയുള്ള അദ്ദേഹത്തെ അറസ്റ്റ്‌ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇന്ത്യ പുറത്താക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ അസിസ്റ്റന്റ് പേഴ്‌സണല്‍, വെല്‍ഫയര്‍ ഓഫിസര്‍ സുര്‍ജിത്ത് സിങ്ങിനെ പാകിസ്താനും പുറത്താക്കുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."