പൗണ്ടിനു രൂപമാറ്റം
ലണ്ടന്‍: ബ്രെക്‌സിറ്റിനെ തുടര്‍ന്ന് മൂല്യം ഇടിയുന്ന പൗണ്ടിന്റെ രൂപം മാറുന്നു. പുതുതായി രൂപകല്‍പന ചെയ്ത പൗണ്ടിന്റെ പുതിയ നാണയങ്ങള്‍ അടുത്തവര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങും. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കാന്‍ ധനമന്ത്രാലയം സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കി. കൂടുതല്‍ സുരക്ഷിതമായ നാണയമാണ് പുറത്തിറക്കുക.
ഒരു പൗണ്ടിന്റെ പുതിയ നാണയം ലോകത്തെ ഏറ്റവും സുരക്ഷിതമായ നാണയമായിരിക്കുമെന്നാണ് ബ്രിട്ടനിലെ കറന്‍സി അച്ചടിയുടെ ചുമതലക്കാരായ റോയല്‍ മിന്റിന്റെ അവകാശവാദം. ബ്രിട്ടനില്‍ ഒരു പൗണ്ടിന്റെ 45 ദശലക്ഷം (നാലരക്കോടി) കള്ളനാണയങ്ങള്‍ പ്രചാരത്തിലുണ്ടെന്നാണ് റോയല്‍ മിന്റ് കണ്ടെത്തിയിട്ടുള്ളത്. പുതിയ നാണയത്തിന്റെ വ്യാജനിര്‍മാണം അസാധ്യമായിരിക്കുമെന്നാണ് റോയല്‍മിന്റ് ചീഫ് എക്‌സിക്യൂട്ടീവ് ആഡം ലോറന്‍സിന്റെ വിശ്വാസം. വൃത്താകൃതിയില്‍ നിലവിലുള്ള പൗണ്ടിന്റെ അതേ വലുപ്പത്തില്‍ പന്ത്രണ്ട് വശങ്ങളുള്ളതാണ് പുതിയ നാണയം. സ്വര്‍ണനിറത്തിനു പകരം വെള്ളി നിറത്തിനു ചുറ്റം സ്വര്‍ണനിറമാകും പുതിയ നാണയത്തിനുണ്ടാകുക. പന്ത്രണ്ട് വശമുണ്ടെങ്കിലും വൃത്താകൃതിയാണെന്നോ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ തോന്നുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."