പനാമ പേപ്പര്‍ കേസില്‍ നവാസ് ശരീഫിന്റെ പങ്ക് അന്വേഷിക്കണം: പാക് സുപ്രിംകോടതി
കറാച്ചി: പനാമ വെളിപ്പെടുത്തലില്‍ പാകിസ്താന് പ്രധാനമന്ത്രി നവാസ് ശരീഫിന്റെയും കുടുംബത്തിന്റെയും പങ്ക് അന്വേഷിക്കണമെന്ന് പാക് സുപ്രിംകോടതി. പനാമ കേസില്‍ ഹരജിക്കാരനായ തെഹരീകെ-ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന് ഖാന് അടക്കമുള്ളവരുടെ വാദം കേട്ടശേഷമാണ് നടപടി. അഴിമതി ആരോപണം നേരിടുന്ന നവാസ് ശരീഫിനേറ്റ തിരിച്ചടിയാണ് പാക് സുപ്രിംകോടതി വിധി.
ചീഫ് ജസ്റ്റിസ് അന്‍വര്‍ സഹീര്‍ ജമാലി, ജസ്റ്റിസുമാരായ ആസിഫ് സഈദ് ഖാന് കോസ, ആമിര്‍ ഹാനി മുസ്ലിം, ഷെയ്ഖ് അസ്മത്ത് സഈദ്, ഇജാസുല്‍ അഹ്സാല് എന്നിവരടങ്ങുന്ന ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേസന്വേഷണത്തിന് പ്രത്യേക കമ്മിഷനെ നിയോഗിക്കാന്‍ തയാറാണെന്ന് കോടതി വ്യക്തമാക്കി.
പരാതിക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. കേസില്‍ നിത്യേന വാദം കേള്‍ക്കാന്‍ തയാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അഴിമതിപണമാണ് ശരീഫ് വിദേശത്ത് നിക്ഷേപിച്ചതെന്നും പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും ഹരജിയില്‍ ഇമ്രാന് ഖാന് ചൂണ്ടിക്കാണിച്ചിരുന്നു.
ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ശരീഫിനും കുടുംബത്തിനും വിദേശത്ത് സ്വത്തുക്കളുണ്ടെന്ന രേഖ പുറത്തുവന്നത്. അതേസമയം, കോടതി വിധിയെ തുടര്‍ന്ന കഴിഞ്ഞ ഒരാഴ്ച്ചയായി തുടര്‍ന്നു വന്ന പ്രതിഷേധ പ്രകടനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി തീരുമാനിച്ചതായി ഇമ്രാന് ഖാന് വ്യക്തമാക്കി.
കോടതി വിധി അഴിമതിക്കെതിരേ പോരാടുന്നവര്‍ക്ക് ഊര്‍ജം പകരുന്നതാണെന്നും ഖാന് കൂട്ടിച്ചേര്‍ത്തു. ഇനി പാര്‍ട്ടി അണികള്‍ക്ക് താല്‍ക്കാലികമായി വിശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നവാസ് ശരീഫിനെതിരേയുള്ള അഴിമതി ചൂണ്ടിക്കാട്ടി ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് ഇമ്രാന് ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തഹ്്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ 2000ത്തോളം പേരെ പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."