എന്‍.ബി.എയില്‍ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി പല്‍പ്രീത് സിങ്
നാഗ്പൂര്‍: ലോകത്തിലെ ഏറ്റവും മികച്ച പ്രൊഫഷനല്‍ ബാസ്‌കറ്റ് ബോള്‍ ലീഗായ അമേരിക്കയിലെ നാഷനല്‍ ബാസ്‌കറ്റ് ബോള്‍ (എന്‍.ബി.എ) പോരാട്ടങ്ങളിലേക്ക് മറ്റൊരു ഇന്ത്യന്‍ താരം കൂടി. പഞ്ചാബിലെ കര്‍ഷകന്റെ മകനായ പല്‍പ്രീത് സിങ് ബ്രറര്‍ ആണ് എന്‍.ബി.എ ഇന്ത്യയില്‍ സംഘടിപ്പിച്ച ടാലന്റ് സെര്‍ച്ചിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്. പല്‍പ്രീത് എന്‍.ബി.എയുടെ ഡി ലീഗ് ഡിവിഷന്‍ ടീമായ ലോങ് ഐലന്‍ഡ് നെറ്റ്‌സിനായി കളത്തിലിറങ്ങും. എന്‍.ബി.എയിലെ പ്രധാന ടീമായ ബ്രൂക്‌ലിന്‍ നെറ്റ്‌സിന്റെ അനുബന്ധ ടീമാണ് ലോങ് ഐലന്‍ഡ്.
ഡി ലീഗ് സംഘടിപ്പിച്ച ടാലന്റ് ഹണ്ടില്‍ 12ാം താരമായാണ് പല്‍പ്രീത് തിരഞ്ഞെടുക്കപ്പെട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ തിരഞ്ഞെടുപ്പില്‍ 76പേരെയാണ് എന്‍.ബി.എ സെലക്ട് ചെയ്തത്. ലോകത്തിലെ ഏറ്റവും മികച്ച ലീഗില്‍ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ അങ്ങേയറ്റത്തെ സന്തോഷമുണ്ടെന്നു പല്‍പ്രീത് പ്രതികരിച്ചു. താന്‍ ആകാംക്ഷയിലാണെന്നും താരം പറഞ്ഞു. വലിയ ടൂര്‍ണമെന്റുകളില്‍ കളിച്ച പരിചയമൊന്നുമില്ലാതെയാണ് പല്‍പ്രീത് അമേരിക്കക്ക് പറക്കാനൊരുങ്ങുന്നത്. പഞ്ചാബിലെ കര്‍ഷകനായ ഫര്‍ജിന്ദര്‍ സിങിന്റേയും സരബ്ജിത് കൗറിന്റേയും മകനാണ് പല്‍പ്രീത്.
സത്‌നം സിങിനു ശേഷം എന്‍.ബി.എയില്‍ കളിക്കാനവസരം ലഭിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമായി ഇതോടെ പല്‍പ്രീത് മാറി. 2011ലാണ് സത്‌നം എന്‍.ബി.എ ടീമായ ഡല്ലാസ് മവെറിക്ക്‌സിന്റെ താരമായത്. നിലവില്‍ മാവെറിക്ക്‌സിന്റെ ഡി ഡിവിഷനിലെ സഹ ടീമായ ടക്‌സാസ് ലെജന്‍ഡിന്റെ താരമാണ് സത്‌നം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."