മാനസിക രോഗികളായ തടവുകാര്‍ക്ക് പുനരധിവാസ കേന്ദ്രം വരുന്നു
കോഴിക്കോട്: മനസിന്റെ താളം തെറ്റിയ തടവുകാര്‍ക്ക് ഇനി ഇരുട്ടുമുറിയിലെ അഴികളില്‍ നിന്നു മോചനം. സംസ്ഥാനത്തെ മൂന്നു സെന്‍ട്രല്‍ ജയിലുകളില്‍ സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രം നിര്‍മിക്കുന്നു. മാനസികരോഗം ബാധിച്ച എല്ലാ തടവുകാരെയും പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി ചികില്‍സയും പരിചരണവും ഉറപ്പാക്കും.
കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര തുടങ്ങിയ സെന്‍ട്രല്‍ ജയിലുകളിലാണ് ആദ്യഘട്ടത്തില്‍ പുനരധിവാസ കേന്ദ്രം നിര്‍മിക്കുക. 2014 ലെ കണക്കുപ്രകാരം സംസ്ഥാനത്തെ വിവിധ ജയിലുകളിലായി 89 തടവുകാരാണ് കടുത്ത മാനസിക വെല്ലുവിളി നേരിടുന്നത്. ഇതിനു പുറമെ മാനസികരോഗ ലക്ഷണങ്ങള്‍ പുറപ്പെടുവിക്കുന്ന 506 തടവുകാര്‍ ജയിലുകളിലുണ്ട്. ഇത് കാണിച്ച് മുന്‍ ഡി.ജി.പി സെന്‍കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ്് നിയമിച്ച സൈക്യാട്രിസ്റ്റുകളടക്കമുള്ള സ്‌പെഷല്‍ സംഘം ജയിലുകളില്‍ പരിശോധന നടത്തി 15 പേരെ വിട്ടയക്കാന്‍ ഉത്തരവായിരുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന തടവുകാരുടെ എണ്ണം വര്‍ഷംതോറും വര്‍ധിച്ചു വരുകയാണ്. ഇതില്‍ മിക്കവരും വര്‍ഷങ്ങള്‍ നീണ്ട തടവിനൊടുവില്‍ മാനസികരോഗികളായി മാറിയവരാണ്. മിക്കപ്പോഴും ഇവര്‍ ജയിലുകളിലെ സഹതടവുകാരെ ആക്രമിക്കുന്നതും സ്വയം ദേഹോപദ്രവമേല്‍പ്പിക്കുന്നതുമെല്ലാം പതിവാണ്. ഇതില്‍ വിചാരണ പൂര്‍ത്തിയാക്കാത്ത തടവുകാരും ഏറെയാണ് . ഇത്തരം രോഗികള്‍ക്ക് സ്ഥിരമായ പരിശോധനയും പരിചരണവും ആവശ്യമായതിനാലാണ് ജയിലിനുളളില്‍ തന്നെ മറ്റൊരു പുനരധിവാസ കേന്ദ്രം ഒരുക്കുന്നത്. ഇവിടേക്ക് മാത്രമായി സൈക്യാട്രിസ്റ്റുകളെയും പാരാമെഡിക്കല്‍ സ്റ്റാഫുകളേയും നിയമിക്കും. മാനസികരോഗത്തിന് പുറമെ മറ്റ് മാരകമായ രോഗങ്ങള്‍ ബാധിച്ച അനേകം പേരും ജയിലുകളിലുണ്ട്. ഗുരുതരരോഗം ബാധിച്ച 154 തടവുകാരാണുള്ളത്. 24 എയ്ഡ്‌സ് ബാധിതര്‍ , 77 ഹൃദ്രോഗികള്‍, 13 വൃക്ക രോഗികള്‍, ഒമ്പത് കരള്‍ രോഗികള്‍, എട്ട് പക്ഷാഘാത ബാധിതര്‍, ഏഴ് അര്‍ബുധ ബാധിതര്‍ തുടങ്ങി അനേകം പേര്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് ജയില്‍ വകുപ്പിന്റെ കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."