ഓട്ടോഡ്രൈവറുടെ കൊലപാതകം: മുഖ്യപ്രതിയെ തെളിവെടുപ്പിനെത്തിച്ചു
കോവളം: ഓട്ടോ ഡ്രൈവറായ വെട്ടുകാട് ബാലനഗര്‍ തൈവിളാകത്ത് വീട്ടില്‍ രതീഷിനെ (27) കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തിലെ മുഖ്യപ്രതിയെയും സഹായിയെയും തിരുവല്ലം പാലപ്പൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രധാന പ്രതി പാലപ്പൂര് സ്വദേശി രതീഷ് ഇയാളുടെ സുഹൃത്ത് അന്യന്‍ എന്നു വിളിക്കുന്ന ദിലീപ്, എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ സംഭവസ്ഥലത്തും പ്രതികളുടെ വീട്ടിലും കൊലക്കുപയോഗിച്ച ആയുധങ്ങള്‍ ഉപേക്ഷിച്ച കുറ്റിക്കാട്ടിലുമെത്തിച്ച് തെളിവെടുത്തത്. കഴിഞ്ഞ ദിവസം ഇവരുടെ കൂട്ടു പ്രതിയായിരുന്നു പട്ടാച്ചി കുട്ടപ്പന്‍ എന്ന രാജുവിനെ സംഭവസ്ഥലത്ത് എത്തിച്ചാണ് രതീഷിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തത്.തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.
ഇന്നലെ ഉച്ചയോടെ പൂന്തുറ സി.ഐ യുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. വന്‍ ജനാവലിയാണ് തടിച്ച് കൂടിയിരുന്നു. കൊലപാതകത്തിനുപയോഗിച്ച കമ്പിപ്പാര, കുഴിയെടുത്ത മണ്‍വെട്ടി , ഓട്ടോ തല്ലി തകര്‍ത്ത വെട്ടുകത്തി, എന്നിവ ഒന്നാംപ്രതി രതീഷിന്റെ വീട്ടില്‍ നിന്നാണ് കണ്ടെടുത്തത്. കൊല്ലപ്പെടുമ്പോള്‍ രതീഷ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍, ചെരുപ്പ് ഇടിച്ച് വാരിയല്ല് പൊട്ടിക്കാനുപയോഗിച്ച സ്റ്റീല്‍ വള തുടങ്ങിയവ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെടുത്തു.
അതേ സമയം എവിടെ വെച്ച് കൃത്യം നടത്തിയെന്നതിനുള്ള ശാസ്ത്രീയമായ തെളിവ് കണ്ടെത്താനോ കൊല്ലപ്പെട്ട രതീഷിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനോ ഇതുവരെയും കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പ്രതികള്‍ പറയുന്നതെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണ്ടിവരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. രണ്ട് മണിക്കൂറോളം നടത്തിയ തെളിവെടുപ്പിന് ശേഷം രാത്രിയോടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. മൊബൈല്‍ ഫോണ്‍ അടക്കമുള്ള തെളിവുകള്‍ കണ്ടെത്താനും സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കാനുമായി പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നും പ്രതികള്‍ അടിച്ചു തകര്‍ത്ത ആട്ടോ മറ്റൊരു ആട്ടോ റിക്ഷയില്‍ കെട്ടിവലിച്ചാണ് വര്‍ക്ക്‌ഷോപ്പിന് സമീപം ഉപേക്ഷിച്ചതെന്ന് നാട്ടുകാരില്‍ ചിലര്‍ അറിയിച്ചതായും ഇത് സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൂന്തുറ സി.ഐ മനോജ്കുമാര്‍ ,വലിയതുറ എസ്.ഐ ബി.സതീഷ്‌കുമാര്‍ ക്രൈം എസ്.ഐ.മാരായ രാമചന്ദ്രന്‍, സനില്‍, എ.എസ്.ഐ. സന്തോഷ്, സി.പി.ഒ മാരായ അജി, ടിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."