വരുന്നു... കോഴിക്കോട്ടും സര്‍ക്കാര്‍വക ഡിമെന്‍ഷ്യ സെന്റര്‍
ശ്രുതി സുബ്രഹ്മണ്യന്‍
കോഴിക്കോട്: ജില്ലയില്‍ ഡിമെന്‍ഷ്യ രോഗികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് കോഴിക്കോട്ടും സര്‍ക്കാര്‍ ഡിമെന്‍ഷ്യ സെന്റര്‍ ആരംഭിക്കുന്നു. അടുത്ത വര്‍ഷത്തോടെ വെള്ളിമാട്കുന്നില്‍ ഡിമെന്‍ഷ്യ സെന്റര്‍ യാഥാര്‍ഥ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് സാമൂഹ്യനീതി വകുപ്പ്. നിലവില്‍ എറണാകുളം ജില്ലയില്‍ മാത്രമാണ് സര്‍ക്കാരിന്റെ ഡിമെന്‍ഷ്യ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെ സര്‍ക്കാര്‍ വൃദ്ധസദനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം നവീകരിച്ചാണ് ഡിമെന്‍ഷ്യ സെന്ററായി മാറ്റുക. കെട്ടിടനവീകരണത്തിനുള്ള നടപടികള്‍ ആരംഭിക്കാന്‍ സാമൂഹ്യനീതി ഡയറക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. പി.ഡബ്ല്യു.ഡി എസ്റ്റിമേറ്റ് തയാറാക്കി അയച്ചാലുടന്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ സാറാമ്മ സുപ്രഭാതത്തോട് പറഞ്ഞു.
കെട്ടിടം രോഗീ സൗഹൃദമാക്കുന്നതിനുള്ള നടപടികളാണ് ആദ്യം ചെയ്യുക. എല്ലായിടത്തും വീല്‍ചെയര്‍ പോകുന്ന തരത്തിലുളളതായിരിക്കും കെട്ടിടം. എല്ലാ മുറികളിലും യൂറോപ്യന്‍ രീതിയിലുള്ള അറ്റാച്ച്ഡ് ബാത്ത്‌റൂമും ഒരുക്കും.
ചുമരുകള്‍ പെയ്ന്റടിച്ച് വൃത്തിയാക്കും. ഒരേസമയം 50തോളം രോഗികളെ ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യം ഡിമെന്‍ഷ്യ സെന്ററിലുണ്ടാകും. ഓരോ രോഗികളെയും പരിചരിക്കാന്‍ ഓരോ നഴ്‌സുമാര്‍ വേണമെന്നാണ് കണക്ക്. കെട്ടിട നവീകരണം പൂര്‍ത്തിയായാലുടന്‍ ഇവിടേക്കാവശ്യമായ ജീവനക്കാരെയും നിയമിച്ചു തുടങ്ങും. കോഴിക്കോട് ജില്ലയ്ക്ക് പുറമെയുള്ള ഡിമെന്‍ഷ്യ രോഗികളെയും ഉള്‍ക്കൊള്ളിക്കുന്ന തരത്തിലായിരിക്കും സെന്ററിന്റെ പ്രവര്‍ത്തനം.
ജില്ലയില്‍ നിലവില്‍ ആയിരത്തോളം ഡിമെന്‍ഷ്യ രോഗികളുണ്ടെന്നാണ് കണക്ക്. വെള്ളിമാട്കുന്ന് വൃദ്ധസദനത്തിലുള്ള ഡിമെന്‍ഷ്യ രോഗികളെയും പുതിയ സെന്ററിലേക്ക് മാറ്റും.
നിലവില്‍ മലബാര്‍ ഹാര്‍മണി ഹോം എന്ന സ്ഥാപനം മാത്രമാണ് ഡിമെന്‍ഷ്യ രോഗികള്‍ക്കായി കോഴിക്കോട് പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്കോ ഉറ്റവരില്ലാത്ത രോഗികള്‍ക്കോ ഇത്തരം സ്വകാര്യ സ്ഥാപനങ്ങളുടെ സഹായം ലഭിക്കാറില്ല. ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ ഡിമെന്‍ഷ്യ സെന്ററിന്റെ സേവനം വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."