തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ ഇന്ന് മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം
തോല്‍പ്പെട്ടി: തോല്‍പ്പെട്ടി വന്യജീവി സങ്കേതം ഇന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കാന്‍ ധാരണ. വിനോദസഞ്ചാരികളെ കൊണ്ടു പോകുന്നതിനെച്ചൊല്ലി ടാക്സി ഡ്രൈവര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കേന്ദ്രം അടച്ചിട്ടത്. വയനാട് വൈല്‍ഡ് ലൈഫ് വാര്ഡന് പി ധനേഷ് കുമാര്‍ തൊഴിലാളി യൂനിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഇതനുസരിച്ച് പച്ച പെയ്ന്റടിച്ച ഇരുപത്തിയെട്ട് ടാക്സി ജീപ്പുകള്‍ക്ക് മുമ്പത്തേ പോലെ പ്രവേശനാനുമതി നല്‍കും. ബാക്കിയുള്ള വിഷയങ്ങള്‍ ഈ മാസം 18ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പച്ച പെയിന്റ് അടിക്കാത്ത അഞ്ച് ജീപ്പുകള്‍ക്ക് കൂടി പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ഏതാനും ടാക്സി ഡ്രൈവര്‍മാര്‍ രംഗത്ത് വന്നതോടെയാണ് തര്‍ക്കവും കയ്യാങ്കളിയിലേക്കു നീങ്ങിയത്.
ഇതോടെയാണ് ഒക്ടോബര്‍ 11 മുതല്‍ സങ്കേതം അടച്ചിട്ടത്. തുടര്‍ന്ന് നിരവധി തവണ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായിരുന്നില്ല. ഇതു മൂലം പൂജ, ദീപാവലി അവധിക്കാലങ്ങളില്‍ എത്തിയ നിരവധി സഞ്ചാരികള്‍ നിരാശയോടെ മടങ്ങുകയായിരുന്നു.
വനം വകുപ്പിന് ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ചര്‍ച്ചയില്‍ തോല്‍പ്പെട്ടി അസി.വൈല്‍ഡ് ലൈഫ് വാര്ഡന് എ.കെ ഗോപാലന്, വിവിധ യൂനിയന്‍ നേതാക്കളായ പി.വി സഹദേവന്, ഇ.ജെ ബാബു, എം.പി ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."