ഇക്കരെ നിരോധനം, അക്കരെ സുലഭം
പുല്‍പ്പള്ളി: പുഴകളില്‍ നിന്നുള്ള മണല്‍ വാരല്‍ സംസ്ഥാനത്ത് നിരോധിച്ചത് അയല്‍ സംസ്ഥാനമായ കര്‍ണാടകക്ക് അനുഗ്രഹമാകുന്നു. വയനാട്ടിലെ മാനന്തവാടി, പനമരം, പാപനാശിനി തുടങ്ങിയ പുഴകളിലൂടെ ഒഴുകിയെത്തുന്ന മണലാണ് കബനി നദിയില്‍ നിന്ന് കര്‍ണാടക സമൃദ്ധമായി വാരുന്നത്. കബനി നദിയുടെ കരഭാഗം ഉള്‍പ്പെടുന്ന കര്‍ണാടകയിലെ ദൊഡെബൈരന്‍ക്കുപ്പ പഞ്ചായത്ത് കബനിയില്‍ നിന്നും മണല്‍ വാരുന്നതിന് സ്വകാര്യവ്യക്തികള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്.
വയനാട്ടില്‍ നിന്ന് കബനി നദിയിലൂടെയുള്ള മണ്ണൊലിപ്പ് ഓരോ വര്‍ഷം കഴിയും തോറും വന്‍തോതില്‍ വര്‍ധിക്കുകയാണെന്ന് ഇതുസംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് കര്‍ണാടകയിലെ ബീച്ചനഹള്ളിയിലെ കബനിഡാമിന് ഭീഷണിയാകുമെന്നതിനാലാണ് കര്‍ണാടക സര്‍ക്കാര്‍ കബനിയിലെ മണല്‍ വാരന്‍ അനുമതി നല്‍കിയത്. കേരളത്തിന്റെ അതിര്‍ത്തിയായ ബൈരക്കുപ്പയില്‍ പാലം പണിയാന്‍ കര്‍ണാടക മുമ്പ് മുന്‍കൈ എടുത്തതും അവരുടെ അണക്കെട്ടിലേക്കുള്ള മണ്ണൊലിപ്പ് തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. ബൈരക്കുപ്പ പാലത്തിനോടനുബന്ധിച്ച് ചെക്ക്ഡാം നിര്‍മിക്കാന്‍ കൂടിയായിരുന്നു കര്‍ണാടക പദ്ധതി വിഭാവനം ചെയ്തിരുന്നത്. ബൈരക്കുപ്പയില്‍ ചെക്ക്ഡാം നിര്‍മിക്കുകയാണെങ്കില്‍ ബീച്ചനഹള്ളി അണക്കെട്ടിലേക്കുള്ള മണ്ണൊലിപ്പ് തടയാന്‍ കഴിയുമെന്നായിരുന്നു കര്‍ണാടകയുടെ വിലയിരുത്തല്‍. എന്നാല്‍ വിവിധ കാരണങ്ങളാല്‍ പാലം നിര്‍മാണം നടക്കാതെ പോയതോടെയാണ് കര്‍ണാടക അധികൃതര്‍ മണ്ണൊലിപ്പ് തടയുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ മണല്‍ വാരാന്‍ തീരുമാനിച്ചത്.
ബൈരക്കുപ്പ, മച്ചൂര്‍ ഭാഗങ്ങളില്‍ നദിയില്‍ നിന്നും മണല്‍വാരുകയാണെങ്കില്‍ ബീച്ചനഹള്ളിയിലെ അണക്കെട്ടിലേക്കുള്ള മണ്ണൊലിപ്പ് കുറയുമെന്നതിനാലാണിത്. ഇതുകൂടാതെ മണല്‍ വാരുന്നതിലൂടെ ലഭിക്കുന്ന വരുമാനവും കര്‍ണടക പ്രതീക്ഷിക്കുന്നുണ്ട്.
എന്നാല്‍ ഈ മണല്‍വാരല്‍ കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങളാണുണ്ടാക്കുകയെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. കേരളാതിര്‍ത്തിയില്‍ മണല്‍ വാരുന്നതോടെ കബനിയിലെ ജലനിരപ്പ് താഴും. ഇതോടെ ഇപ്പോള്‍ത്തന്നെ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന വയനാടിന്റെ വലിയൊരു ഭാഗത്ത് ഭൂഗര്‍ഭ ജലനിരപ്പ് താഴുകയും കുടിവെള്ളം ഇല്ലാതാകുകയും ചെയ്യും. മണല്‍ വാരുന്നത് തടയാന്‍ കേരളത്തിനാകില്ലെന്നതും കര്‍ണാടകക്ക് ഗുണകരമാകുന്നുണ്ട്.
മണല്‍ വാരുന്നതിനുള്ള കരാര്‍ നേടിയവര്‍ കൊള്ളലാഭമാണ് കൊയ്യുന്നത്. കബനി നദിയില്‍ നിന്നും വാരുന്ന മണല്‍ ബാവലി വഴി കേരളത്തിലേക്കാണ് കടത്തുന്നത്. ബൈരക്കുപ്പയില്‍ 5000-6000 രൂപയാണ് ഒരു ലോഡ് മണലിന്റെ വില. ഇത് കബനിക്ക് തൊട്ടപ്പുറത്ത് കേരളത്തിലെത്തുമ്പോള്‍ 18000-മുതല്‍ 20000 വരെ വിലയാകുന്നു. കുടിവെള്ള ക്ഷാമത്തിനും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്ന മണല്‍ വാരലിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യം ഇതോടെ ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."