മാതൃകയായി ഇലക്ഷന് കണ്ട്രോള് റൂമും മീഡിയാ ഫെസിലിറ്റേഷന്‍ സെന്ററും
മലപ്പുറം: തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പരാതികളില്ലാതെ സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കാനും കലക്ടറേറ്റില്‍ സജ്ജമാക്കിയ ഇലക്ഷന് കണ്ട്രോള് റൂം മാതൃകാപരമായി.
ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതിയുടെയും ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ സി.വി സജന്റെയും നേതൃത്വത്തില്‍ അന്‍പതോളം പേരാണ് കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട സംശയ ദൂരീകരണത്തിനും വരണാധികാരികളും മറ്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിനും വിപുലമായ സംവിധാനം കണ്ട്രോള് റൂമില്‍ ഒരുക്കിയിരുന്നു.
ഓരോ നിയോജക മണ്ഡലത്തിനും പ്രത്യേക ടെലഫോണ്‍ ലൈനുകള്‍ സ്ഥാപിച്ചിരുന്നു. അതാത് മണ്ഡലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരില്‍കേട്ട് ഉടനടി പരിഹരിക്കാനും പരാതികളും പ്രശ്നങ്ങളുമില്ലാത്ത തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാനും ഇതുവഴി കഴിഞ്ഞു.
വിവിധ മണ്ഡലങ്ങളിലെ പോളിങ് നില കൃത്യമായി ശേഖരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനു പുറമെ മാധ്യമങ്ങള്‍ക്കും തത്സമയം ലഭ്യമാക്കാന്‍ കണ്ട്രോള് റൂമിനോടനുബന്ധിച്ച് മീഡിയാ ഫെസിലിറ്റേഷന്‍ സെന്ററും ഒരുക്കിയിരുന്നു. മെയ് 19ന് വോട്ടെണ്ണലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കണ്ട്രോള് റൂം പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."