കൊണ്ടോട്ടി നഗരസഭയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ചെയര്‍മാന്‍ ഇന്ന് മന്ത്രിയെ കാണും
കൊണ്ടോട്ടി: ചീക്കോട് കുടിവെള്ള പദ്ധതിയില്‍ കൊണ്ടോട്ടി നഗരസഭയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയര്‍മാന്‍ സി.നാടിക്കുട്ടി, വികസന സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ.കെ.കെ സമദ് എന്നിവര്‍ ഇന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി തോമസിനെ കാണും. ഇതിനായി ഇവര്‍ തിരുവനന്തപുരത്തേക്ക് പോയി. കൊണ്ടോട്ടി, നെടിയിരുപ്പ് എന്നിവ പഞ്ചായത്ത് ആയതിനാല്‍ നേരത്തെ ചീക്കോട് പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നീട് ഇരുപഞ്ചായത്തുകളും ചേര്‍ന്ന് നഗരസഭ ആയതോടെ കൊണ്ടോട്ടി പദ്ധതിയില്‍ നിന്ന് പുറത്തായി. കൊണ്ടോട്ടിയിലാണ് പദ്ധതിക്കായുളള പ്രധാന ടാങ്ക് അടക്കം സ്ഥാപിച്ചിട്ടുള്ളത്. മറ്റു പഞ്ചായത്തുകളിലേക്ക് വെള്ളം എത്തിക്കുന്നതിനുളള പൈപ്പുകള്‍ സ്ഥാപിച്ചതും കൊണ്ടോട്ടി വഴിയാണ്. എന്നിട്ടും നഗരസഭ ആയതിന്റെ പേരില്‍ കൊണ്ടോട്ടിയെ ഒഴിവാക്കിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജല മന്ത്രിക്ക് പുറമെ അവസരം ലഭിച്ചാല്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പ്രശ്‌നം ചെലുത്തും.
ജലനിധിക്കാണ് പദ്ധതിയുടെ ചുമതല നല്‍കിയിരിക്കുന്നത്. ചട്ടപ്രകാരം ജലനിധിക്ക് ഗ്രാമപ്രദേശങ്ങളിലേക്ക് മാത്രമെ തുക അനുവദിക്കുകയുള്ളു എന്നതിനാലാണ് നഗരസഭ പുറത്താവാന്‍ കാരണം.കൊണ്ടോട്ടിയും നെടിയിരുപ്പും കനത്ത കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളാണ്. നഗരസഭയിലെ വാര്‍ഡ് സഭകളിലും പ്രധാനവിഷയം ചീക്കോട് കുടിവെള്ള പദ്ധതിയാണ്. കുടിവെള്ളത്തിന്റെ പേരില്‍ വാര്‍ഡ് സഭകളിലും ബഹളവുമുണ്ടായിരുന്നു.
അതിനിടെ പ്രശ്‌നത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്നതും പതിവായി. പഞ്ചായത്തുകളെ ആവശ്യമില്ലാതെ നഗരസഭയാക്കി ഉയര്‍ത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഇടതുപക്ഷത്തിന്റെ വാദം.എന്നാല്‍ എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലേയെന്നാണ് ലീഗിന്റെ മറുചോദ്യം.
മന്ത്രിയെ കണ്ട് പ്രശ്‌നം അവതരിപ്പിച്ച് കുടിവെള്ളമെത്തിക്കാനാണ് ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."