ഗതാഗത ക്രമീകരണത്തിന് തുടക്കം
തളിപ്പറമ്പ് : തളിപ്പറമ്പ് ബസ്സ്റ്റാന്‍ഡില്‍ ഗതാഗത ക്രമീകരണത്തിന് തുടക്കമായി. ഇനി മുതല്‍ സര്‍വിസ് സമയത്തിന് 10 മിനുട്ട് മുമ്പു മാത്രമേ ബസുകള്‍ക്ക് സ്റ്റാന്‍ഡില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. സര്‍വിസ് സമയത്തിനു മണിക്കൂറുകള്‍ മുമ്പ് ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത് തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ഗതാഗത തടസങ്ങള്‍ക്കു കാരണമായിരുന്നു. ബസ് സ്റ്റാന്‍ഡില്‍ മൂത്രപ്പുരക്ക് സമീപത്തും ടൗണ്‍ സ്‌ക്വയറിന് മുന്നിലുമായാണ് ബസുകള്‍ അനാവശ്യമായി പാര്‍ക്ക് ചെയ്യുന്നത്. ഈ പശ്ചാത്തലത്തിലാണ് പൊലിസ് ഗതാഗത ക്രമീകരണവുമായി മുന്നോട്ടുവന്നത്. ക്രമീകരണത്തിന് ആദ്യദിനം തന്നെ നല്ല പ്രതികരണമാണ് ലഭിച്ചത്. ഗതാഗതപ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് ആദ്യദിനം കടന്നുപോയത്. തളിപ്പറമ്പില്‍ കൂടുതല്‍ പാര്‍ക്കിങ് സമയമുള്ള ബസുകള്‍ക്ക് നഗരസഭയുടെ അനുമതിയോടെ കാക്കാത്തോട് ബസ് സ്റ്റാന്‍ഡില്‍ സൗകര്യമൊരുക്കി. നേരത്തെ ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ലോറികള്‍ ഇനി മുതല്‍ കുപ്പം പാലത്തിനു സമീപം ദേശീയപാതയ്ക്കരികില്‍ തയ്യാറാക്കിയ സ്ഥലത്ത് പാര്‍ക്ക് ചെയ്യണം. തളിപ്പറമ്പ് ബസ്സ്റ്റാന്‍ഡിന് പരിസരത്ത് ദേശീയപാതയോരത്തും മറ്റുമായി അനധികൃതമായി പാര്‍ക്കുചെയ്യുന്ന ബസുകള്‍ക്കും ലോറികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു. നിര്‍ദേശം തെറ്റിക്കുന്ന വാഹന ഉടമകളില്‍ നിന്നും ആയിരം രൂപ പിഴ ഈടാക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."