തുലാമഴ തുടങ്ങി; അപകട പരമ്പരകളും
തളിപ്പറമ്പ് : തുടര്‍ച്ചയായി രണ്ടാം ദിനവും തളിപ്പറമ്പ് മേഖലയില്‍ അപകട പരമ്പര. ചിറവക്ക്, കുറുമാത്തൂര്‍ കൂനം, മരിയാപുരം, ചുടല,അലക്യംപാലം എന്നിവിടങ്ങളിലാണ് ഇന്നലെ വൈകുന്നേരം പെയ്ത മഴയില്‍ അഞ്ച് അപകടങ്ങള്‍ നടന്നത്. തിങ്കളാഴ്ചയും തളിപ്പറമ്പിന്റെ പല ഭാഗങ്ങളിലായി മൂന്ന് അപകടങ്ങള്‍ നടന്നിരുന്നു.
പരിയാരം അലക്യംപാലം വളവില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഇരു ബസുകളിലേയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ പരുക്ക് ഗുരുതരമാണ്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം. പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസ്സ് മുന്നില്‍ പോകുകയായിരുന്ന വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ കാഞ്ഞങ്ങാടേക്ക് പോകുകയായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തളിപ്പറമ്പ് ചിറവക്കില്‍ ലൂര്‍ദ്ദ് ആശുപത്രിക്ക് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടങ്ങളുടെ സ്ഥിരം കേന്ദ്രമായ ചുടല കപ്പണതട്ടില്‍ ഐസ്‌ക്രീം കമ്പനിക്ക് മുമ്പിലായിരുന്നു മറ്റൊരു അപകടം.
തളിപ്പറമ്പില്‍ നിന്നു പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും പിറകിലുണ്ടായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമാണ് കൂട്ടിയിടിച്ചത്. എതിരെ വരികയായിരുന്ന വാഹനത്തെ അപകടത്തില്‍ രക്ഷിക്കാന്‍ ഓട്ടോ വെട്ടിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ലോറി റോഡിരികിലെ മതിലില്‍ ഇടിച്ചാണ് നിന്നത്. ഓട്ടോറിക്ഷയില്‍ ഉണ്ടായ അഞ്ചുവയസുകാരി പട്ടുവത്തെ ഷിഫാ ഫാത്തിമക്ക് നിസ്സാരപരിക്കുപറ്റി. മരിയാപുരത്ത് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ എതിരെ വരികയായിരുന്ന ഐഷര്‍ ലോറിയില്‍ ഇടിച്ചതായിരുന്നു മറ്റൊരു അപകടം. പരിയാരം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ തെറ്റായ ദിശയില്‍ ലോറിയെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടകാരണം ആര്‍ക്കും പരിക്കില്ല. കുറുമാത്തൂര്‍ കൂനത്ത് റോഡ് റോളര്‍ ക്ലച്ച് തകരാറായി നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ബൈക്കിലിടിച്ച ശേഷം വൈദ്യുതി തൂണിലിടിക്കുകയും റോഡരികിലെ കുഴിയിലേക്ക് മറിയുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടു നീങ്ങിയ ബൈക്ക് അവിടെയുണ്ടായിരുന്ന ഓട്ടോയിലും ഇടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. റോളര്‍ നിയന്ത്രണം വിട്ട് വരുന്നതുകണ്ട നാട്ടുകാര്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടുകയായിരുന്നു. മഴക്കാലത്ത് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് അശാസ്ത്രീയമായ റോഡ്‌നിര്‍മാണത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അപകട വളവുകളും, ഡ്രൈവര്‍മാരുടെ അശ്രദ്ധയും, റോഡിലെ വാഹനബാഹുല്യവും മറ്റുകാരണങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."