കെ.ആര്‍ നാരായണനും അബ്ദുല്ല മാസ്റ്ററും സഹയാത്രികരായ പാണക്കാട് യാത്ര
പാലക്കാട്: സി.കെ അബ്ദുല്ല മാസ്റ്റര്‍, സാധാരണക്കാര്‍ മുതല്‍ രാഷ്ട്രപതിവരെയുള്ളവരുമായി സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിത്വം. ഇന്ത്യന്‍ പ്രസിഡന്റായിരുന്ന കെ.ആര്‍ നാരായണന്‍ അദ്ദേഹത്തിന്റെ മരണംവരെയും ഒറ്റപ്പാലം ലോകസഭാ മണ്ഡലവുമായി സ്ഥാപിച്ചിരുന്ന ബന്ധങ്ങളിലൊന്ന് സി.കെ അബ്ദുല്ല മാസ്റ്ററുമായുള്ള സൗഹൃദമാണ്. കെ.ആര്‍ നാരായണന്‍ ഉപരാഷ്ട്രപതി ആയിരിക്കുമ്പോഴും രാഷ്ട്രപതി ആയിരിക്കുമ്പോഴും തുടര്‍ന്നും അദ്ദേഹത്തിന്റെ സീസണ്‍ ആശംസാകാര്‍ഡുകള്‍ അബ്ദുല്ല മാസ്റ്ററെ തേടി മുടങ്ങാതെ എത്തിയിരുന്നു. കേരളത്തിലെത്തുമ്പോഴും ഡല്‍ഹിയില്‍ വെച്ചുമുള്ള കൂടിക്കാഴ്ചകളും ഈ ബന്ധം ദൃഢമാക്കി. കെ.ആര്‍ നാരായണന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കുള്ള സ്‌നേഹ സന്ദേശങ്ങള്‍ കൈമാറിയിരുന്നത് പലപ്പോഴും ഡല്‍ഹിയില്‍ അബ്ദുല്ല മാസ്റ്ററുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു.
1991ലെ ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിനിടെ കെ.ആര്‍ നാരായണന്‍ പാണക്കാട്ടേക്ക് നടത്തിയ യാത്രയാണ് ഈ സൗഹൃദത്തിന്റെ തുടക്കം. മുസ്‌ലിംലീഗ് മുതിര്‍ന്ന നേതാവ് യൂസഫ് ഹാജി, ഇപ്പോഴത്തെ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എ.എം.എ കരീം, സി.കെ അബ്ദുല്ല മാസ്റ്റര്‍ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ സഹയാത്രികര്‍.
1989ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തേക്ക് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഹൈക്കമാന്റ് നിശ്ചയിച്ചത് നിലവിലെ എം.പിയായ കെ.ആര്‍ നാരായണനെ തന്നെയായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ഈ നിര്‍ദേശത്തെ സ്‌നേഹത്തോടെ നിരസിക്കുകയായിരുന്നു അന്ന് കെ.ആര്‍ നാരായണന്‍. 1984ല്‍ തന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന മുസ്‌ലിംലീഗ് യു.ഡി.എഫ് മുന്നണിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന വാര്‍ത്തകളാണ് കെ.ആര്‍ നാരായണനെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.
തന്റെ തീരുമാനം അദ്ദേഹം പ്രാദേശിക നേതാക്കളെയും അറിയിച്ചു. ഇക്കാര്യമറിഞ്ഞ കെ.ആര്‍ നാരായണനെ സന്ദര്‍ശിച്ച മുസ്‌ലിംലീഗിന്റെ മുതിര്‍ന്ന നേതാവ് യൂസഫ് ഹാജി, അന്നത്തെ മണ്ഡലം മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി സി.എ.എം.എ കരീം, യൂത്ത്‌ലീഗ് നേതാവായിരുന്ന അബ്ദുല്ല മാസ്റ്റര്‍ എന്നിവരോട് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി നേരില്‍ കൂടിക്കാഴ്ച നടത്താന്‍ അവസരമൊരുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം. അടുത്ത ദിവസം തന്നെ മുസ്‌ലിംലീഗ് നേതാക്കളോടൊപ്പം കെ.ആര്‍ നാരായണന്‍ പാണക്കാടെത്തി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ആ ചര്‍ച്ചക്കൊടുവിലാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം സ്വീകരിച്ച് ഒറ്റപ്പാലത്ത് വീണ്ടും മത്സരിക്കാന്‍ കെ.ആര്‍ നാരായണന്‍ തീരുമാനിച്ചത്.
തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി നില്‍ക്കുകയും കെ.ആര്‍ രണ്ടാം തവണയും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മണ്ഡലത്തില്‍ തന്റെ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചിരുന്നവരില്‍ ഒരാളായിരുന്ന അബ്ദുല്ല മാസ്റ്ററുമായുള്ള സൗഹൃദം കെ.ആര്‍ നാരായണന്‍ അദ്ദേഹത്തിന്റെ മരണം വരെയും കാത്തുസൂക്ഷിച്ചിരുന്നു.
1980ല്‍ യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റായാണ് അബ്ദുല്ല മാസ്റ്റര്‍ മുസ്‌ലിംലീഗ് നേതൃനിരയിലേക്ക് കടന്നുവരുന്നത്. യുവത്വത്തില്‍ തന്നെ ഓങ്ങല്ലൂര്‍ പഞ്ചായത്ത് ജനപ്രതിനിധിയായ അബ്ദുല്ല മാസ്റ്റര്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളിലാണ് വിയോഗത്തിന് തൊട്ടുമുമ്പുവരെയും മുഴുകിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."