വിഷരഹിത വിഷു ജൈവകൃഷി കാംപയ്‌നിന് തുടക്കം കുറിച്ചു
പാലക്കാട്: പുതുതലമുറയില്‍ കാര്‍ഷികവൃത്തിയോട് ആഭിമുഖ്യം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്‍ നടത്തുന്ന വിഷരഹിത വിഷു ജൈവകൃഷി ക്യാംപയ്ന്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്ത് മന്ത്രി പറഞ്ഞു.
സാങ്കേിതക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എന്‍ജിനിയറിങ് കോളജുകളിലെയും പോളിടെക്‌നിക്കുകളിലെയും 33,500 എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ ഭാഗമാകുന്ന പദ്ധതിയില്‍ കൃഷി വകുപ്പിനൊപ്പം ഹോര്‍ട്ടികോര്‍പ്, വി.എഫ്.പി.സി.കെ തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തമുറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
നെല്‍കൃഷിയോടൊപ്പം ഒരു ടണ്‍ പച്ചക്കറികള്‍ ഓരോ എന്‍.എസ്.എസ്.യൂനിറ്റുകള്‍ ഉത്പാദിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്ലിനൊപ്പം ഗാന്ധിയന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സോഷല്‍ റിസര്‍ച്ച് സൊസൈറ്റി എന്നീ സംഘടനകളും പദ്ധതിയുടെ ഭാഗമാകും.
മികച്ച രീതിയില്‍ കൃഷിയും വിളവെടുപ്പും വിപണനവും നടത്തുന്ന യൂനിറ്റുകളെ സംസ്ഥാനതലത്തില്‍ ആദരിക്കും.
വകുപ്പ് മന്ത്രിയുടെ ഓഫിസില്‍ നടന്ന പരിപാടിയില്‍ എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്‍ സംസ്ഥാന കോഡിനേറ്റര്‍ അബ്ദുള്‍ ജബ്ബാര്‍ അഹമ്മദ്, കണ്‍സള്‍ട്ടന്റ് ഡോ. നിസ്സാം റഹ്മാന്‍ പ്രൊജക്ട് കണ്‍സള്‍ട്ടന്റ് ജസ്റ്റിന്‍ ജോസഫ്, ആക്റ്റിവിറ്റി റിലേഷന്‍ മാനേജര്‍ ജി. അശ്വിന്‍, ടി.കെ. അര്‍ഷാദ്, ഡാനി ഡേവിഡ്, ജൂഹി ഫാത്തിമ, വിഷ്ണുപ്രിയ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."