ആകാശ ഊഞ്ഞാല്‍ ദുരന്തം: ഉത്തരവാദികള്‍ ചിറ്റാര്‍ പഞ്ചായത്തെന്ന് മനുഷ്യാവകാശ കമ്മിഷന് കലക്ടറുടെ റിപ്പോര്‍ട്ട്
പത്തനംതിട്ട: ആകാശ ഊഞ്ഞാല്‍ തകര്‍ന്ന് സഹോദരങ്ങള്‍ മരിച്ച സംഭവം ചിറ്റാര്‍ ഗ്രാമപഞ്ചായത്തിന്റെ അറിവോടെയാണ് നടന്നതെന്ന് ജില്ലാ കലക്ടര്‍ ആര്‍. ഗിരിജയുടെ റിപ്പോര്‍ട്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പഞ്ചായത്തിനെ പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളത്. സംഭവത്തെ തുടര്‍ന്ന് കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കലക്ടറുടെ നടപടി.
സംഘാടകരില്‍ നിന്നും പഞ്ചായത്ത് വിനോദനികുതി ഇനത്തില്‍ 20000 രൂപ ഈടാക്കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കലാപരിപാടികള്‍ നടത്തുന്നതിന് ചങ്ങനാശേരി സ്വദേശി കെ. റഷീദില്‍ നിന്നാണ് പഞ്ചായത്ത് തുക ഈടാക്കിയത്. നികുതി ഈടാക്കിയെങ്കിലും പരിപാടിക്ക് പഞ്ചായത്ത് രേഖാമൂലം അനുമതി നല്‍കിയിരുന്നില്ല. ഗ്രീന്‍ ഈവന്റ്‌സ് വസന്തോത്സവം എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടി ഉദ്ഘാടനം ചെയ്തത് പഞ്ചായത്ത് പ്രസിഡന്റാണെന്നും ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തതെന്നും റിപ്പോര്‍ട്ടിലുണ്ട്.
പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ കാര്‍ണിവല്‍ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തത് എങ്ങനെയാണെന്ന് പ്രദേശ വാസികള്‍ ചോദിച്ച വിവരവും റിപ്പോര്‍ട്ടിലുണ്ട്. അപകടം ഉണ്ടായാല്‍ ഉത്തരവദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിനാണത്രേ വാക്കാലുള്ള അനുമതി മാത്രം നല്‍കിയത്. നാട്ടുകാരുടെ ഈ ആരോപണത്തെ കുറിച്ചും പരാമര്‍ശമുണ്ട്. അപകടത്തിനിരയായ കുടുംബത്തിന് ധനസഹായം നല്‍കുന്നതു സംബന്ധിച്ച് റിപ്പോര്‍ട് നല്‍കിയിട്ടുള്ളതായും കലക്ടര്‍ അറിയിച്ചു.
2015ല്‍ ചിറ്റാറില്‍തന്നെ നടന്ന മേളയില്‍ പൊലിസിനെതിരേ ആക്രമണം ഉണ്ടായ കാര്യവും പരാമര്‍ശിച്ചിട്ടുണ്ട്. കേസ് ഡിസംബര്‍ 23ന് പത്തനംതിട്ടയില്‍ നടത്തുന്ന സിറ്റിംഗില്‍ കമ്മിഷന്‍ പരിഗണിക്കും. വിശദ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ എസ്.പിയോട് കമ്മിഷനംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. ചിറ്റാര്‍ പഞ്ചായത്ത് സെക്രട്ടറിയോടും വിശദീകരണം ചോദിക്കും.
മേളയ്ക്കിടെ സെപ്തംബര്‍ എട്ടിനാണ് ആകാശ ഊഞ്ഞാലില്‍ നിന്നും തെറിച്ചു വീണ് കുളത്തിങ്കല്‍ സജിയുടെ മകന്‍ അലന്‍(അഞ്ച്) മരിച്ചത്. സഹോദരി പ്രിയങ്ക(15) ക്കും ഗരുതര പരിക്കേറ്റു. പ്രിയങ്ക തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കേ സെപ്തംബര്‍ 17നും മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."