ജിഷ കേസ് വിചാരണ ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസ് വിചാരണ ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി. പ്രതിഭാഗം അഭിഭാഷകന്റെ അഭ്യര്‍ഥന മാനിച്ചാണിത്. കേസിന്റെ വിശദാംശങ്ങള്‍ പഠിക്കാന്‍ ഒരുമാസം സമയം അനുവദിക്കണമെന്ന്് പ്രതി അമീറിന്റെ അഭിഭാഷകന്‍ ബി.എ.ആളൂര്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. ഇതിനിടെ, ജിഷ കേസില്‍ പൊലിസിന്റെ കണ്ടെത്തലുകള്‍ വിശ്വസനീയമല്ലെന്നും അതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പുവും കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയിരുന്നു. കേസിലെ ഒന്നും രണ്ടും സാക്ഷികളെ ഇന്നലെ വിസ്തരിക്കാന്‍ കോടതി തീരുമാനിച്ചിരുന്ന സാഹചര്യത്തിലാണ് ഈ അപേക്ഷകള്‍ എത്തിയത്.
അഡ്വ. ബി.എ ആളൂരിന്റെ ഹരജിയാണ് ആദ്യം പരിഗണിച്ചത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ആളാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിതനായിട്ടുള്ളതെന്നും അതിനാല്‍ പ്രോസിക്യൂട്ടറെ ഒഴിവാക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ബി.എ ആളൂര്‍ വാദിച്ചു. ഈ അപേക്ഷയില്‍ 18ന് വാദം കേള്‍ക്കാന്‍ നിശ്ചയിച്ചു. കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം പരിഗണിക്കാവുന്നതാണെന്ന പരാമര്‍ശത്തോടെയാണ് കോടതി വിചാരണ നടപടികള്‍ ഡിസംബര്‍ അഞ്ചിലേക്ക് മാറ്റിയത്. കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം പ്രതിക്ക് മനസിലാകുന്ന അസമിസ് അല്ലെങ്കില്‍ ഹിന്ദി ഭാഷയിലേക്ക് മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം നിരസിക്കുകയും ചെയ്തു. ഇന്നലെ വിസ്തരിക്കാനിരുന്ന രണ്ട് സാക്ഷികളെ തന്നെയാവും ഡിസംബര്‍ അഞ്ചിന് വിസ്തരിക്കുക. ഇതിനായി സാക്ഷികള്‍ക്ക് വീണ്ടും സമന്‍സ് അയക്കും.
അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ പലതും വാസ്തവ വിരുദ്ധമാണെന്നും ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും വിരുദ്ധ വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ജിഷയുടെ പിതാവ് പാപ്പു ഹരജിയില്‍ ആരോപിച്ചു. കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധവും അമീര്‍ ധരിച്ച വസ്ത്രവും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും അമീര്‍ ഒറ്റക്കാണ് കൊല നടത്തിയതെന്ന പൊലിസിന്റെ വാദം വിശ്വസിക്കാന്‍ കഴിയില്ലെന്നും പാപ്പുവിന്റെ ഹരജിയിലുണ്ടായിരുന്നു. അമീറാണ് കുറ്റം നടത്തിയതെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്നും ഡി.എന്‍.എ പരിശോധനാ ഫലം, കൊലപാതകത്തിന് ഉപയോഗിച്ച കത്തി എന്നിവ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എതിര്‍വാദം ഉന്നയിച്ചു. വാദം പൂര്‍ത്തിയാക്കി പാപ്പുവിന്റെ ഹരജി ഈമാസം 10 ന് വിധി പറയാന്‍ മാറ്റി.
മാധ്യമ പ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് ഒരുവിഭാഗം അഭിഭാഷകര്‍ ഇറക്കി വിട്ടതിനെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം കോടതി നടപടികള്‍ തടസപ്പെടുകയും ചെയ്തു. ഉച്ചക്ക് രണ്ട് മണിക്ക് വിചാരണ തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും മൂന്നരയോടെയാണ് വീണ്ടും നടപടികള്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."