സമഗ്ര പ്രവാസി പുനരധിവാസ പദ്ധതി സര്‍ക്കാര്‍ പരിഗണനയില്‍: പിണറായി
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്നു തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണം, സാമ്പത്തിക മാന്ദ്യം, നിതാഖത്ത് നിയമങ്ങള്‍ എന്നിവ മൂലം ആയിരക്കണക്കിന് പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. നിരവധിപേര്‍ തിരിച്ചുവന്നു.
ഇതോടെ സംസ്ഥാനത്തിനു ലഭിച്ചുവന്ന വിദേശനാണ്യം കുറഞ്ഞു. ഇതു സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്കും കനത്ത ആഘാതമായി. തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായുള്ള സമഗ്ര പുനരധിവാസ പദ്ധതിയെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള ഏജന്‍സിയായ യു.എന്‍.ഡി.പിയോടും സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ പുനരധിവാസത്തിനായി 12 കോടി രൂപയും ക്ഷേമപദ്ധതികള്‍ക്കായി 10 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. പ്രവാസികള്‍ക്കോ അവര്‍ ചേര്‍ന്നു രൂപീകരിക്കുന്ന കമ്പനികള്‍ക്കോ 20 ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗള്‍ഫ് നാടുകളിലെ സ്വദേശിവല്‍ക്കരണം പ്രവാസികളെ അത്യധികം ദോഷകരമായി ബാധിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അഞ്ച്‌വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പ്രവാസികള്‍ സംസ്ഥാനത്തേയ്ക്ക് തിരിച്ചുവരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1970 കളില്‍ തുടങ്ങിയ ഗള്‍ഫ് ബൂം അവസാനിക്കുകയാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു ഇവിടെ ലഭിക്കുന്ന കൂലിയുടെ പകുതിപോലും ഗള്‍ഫ് നാടുകളില്‍ പണിയെടുക്കുന്ന പ്രവാസികള്‍ക്കു ലഭിക്കുന്നില്ല. എന്നാല്‍ ഇവിടെ പണിയെടുക്കാന്‍ മടിക്കുന്ന മാനസികാവസ്ഥ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രവാസി പ്രശ്‌നം കേന്ദ്രശ്രദ്ധയില്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."