കിഫ്ബിയുടെ മാതൃഭാഷാവിരോധം
കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികാഘോഷത്തിനു തുടക്കമിട്ട് മുഖ്യമന്ത്രി മാതൃഭാഷയ്ക്കു വേണ്ടി സംസാരിച്ചിട്ടും അതൊന്നും ബാധകമല്ലെന്ന മട്ടിലാണ് കിഫ്ബിയുടെ പോക്ക്. വികസനത്തിനുള്ള മാന്ത്രികപ്പെട്ടിയായി ധനമന്ത്രി തോമസ് ഐസക് ഉയര്‍ത്തിക്കാട്ടുന്ന ഈ സംവിധാനത്തിന് കേരള അടിസ്ഥാനസൗകര്യ നിക്ഷേപനിധി ബോര്‍ഡ് എന്നൊരു മധുരമനോഹര മലയാള നാമമുണ്ടെങ്കിലും മന്ത്രിയും സഭാംഗങ്ങളുമൊക്കെ അതിനെ വിളിക്കുന്നത് ഇംഗ്ലീഷ് പേരിന്റെ ചുരുക്കരൂപമായ കിഫ്ബി എന്നാണ്.
ഒരു പേരിലെന്തിരിക്കുന്നു എന്നു കരുതി അതു വിടാമെങ്കിലും അതിനായി കൊണ്ടുവന്ന ബില്ലില്‍ നിറയെ ഇംഗ്ലീഷ് പദങ്ങളാണ്. സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്ത കാലം മുതല്‍ കടുത്ത മാതൃഭാഷാസ്‌നേഹിയായ കെ.സി ജോസഫിനും വലിയ സാഹിത്യാസ്വാദകനായ പ്രൊഫ. എന്‍. ജയരാജിനും അതിലുള്ള വേദന ചെറുതല്ല.
മുഖ്യമന്ത്രി പറഞ്ഞതിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് ബില്ലിലെ കണ്‍സെഷണര്‍ എന്ന പദം സംരംഭകന്‍ എന്നാക്കി മാറ്റണമെന്ന് ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ കെ.സി ജോസഫ്. ബില്ലിലെ യൂസേഴ്‌സ് ഫീ എന്നത് ഉപയോഗ ഫീ എന്നാക്കണമെന്ന് ജയരാജ്. ഇതൊക്കെ നടപ്പുള്ള കാര്യമാണോ എന്ന് മന്ത്രി ഐസക്കിന്റെ ചോദ്യം. കണ്‍സെഷണര്‍ എന്നതിനു സംരംഭകന്‍ എന്നത് ശരിയായ അര്‍ഥമല്ലെന്നത് ഒരു പ്രശ്‌നം. ചിലതിന്റെ മലയാളം പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ക്ക് മനസിലാവില്ലെന്നത് രണ്ടാമത്തെ പ്രശ്‌നം. റിസ്‌കിന് നഷ്ടോത്തരവാദിത്തം എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കു മനസിലാകുമെന്ന് ഐസക്.
കിഫ്ബി വലിയൊരു സംഭവമാണെന്നും അതുവച്ച് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്നുള്ള കാര്യത്തില്‍ മന്ത്രി ഐസക്കിനും ഭരണപക്ഷത്തെ മറ്റുള്ളവര്‍ക്കും ഒട്ടും സംശയമില്ലെങ്കിലും പ്രതിപക്ഷത്തിനു തീര്‍ത്താല്‍ തീരാത്ത സംശയം. കിഫ്ബി വഴി 23 വകുപ്പുകള്‍ ധനമന്ത്രിയില്‍ കേന്ദ്രീകരിക്കുമെന്നാണ് വി.ഡി സതീശനും പി.ടി തോമസിനും സംശയം.
കിഫ്ബി വഴി വന്‍തോതില്‍ കടമെടുത്ത് നാട് വന്‍ കടക്കെണിയിലാവില്ലേ എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും സംശയം. വരുമാനമില്ലാത്ത പദ്ധതികള്‍ക്ക് ആരു വായ്പ തരുമെന്ന് ഉമ്മന്‍ ചാണ്ടി. കടം തിരിച്ചടയ്ക്കാനുള്ള പണം എങ്ങനെയുണ്ടാക്കുമെന്ന് ചെന്നിത്തല. എത്ര പറഞ്ഞുകൊടുത്താലും പ്രതിപക്ഷത്തിനു സംശയം തീരുന്നില്ലല്ലോ എന്ന് പി.കെ ശശിക്കു പരിഭവം. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി കൊടുത്ത ഐസക് കിഫ്ബികൊണ്ട് ഉദ്ദേശിക്കുന്നത് വിശദീകരിച്ചു.
നമ്മള്‍ക്ക് 20 വര്‍ഷംകൊണ്ട് എല്ലാവര്‍ക്കും വീടുവച്ചു കൊടുക്കാനാവുമെങ്കില്‍ ഇപ്പോള്‍ തന്നെ കടമെടുത്ത് അതു ചെയ്ത് 20 വര്‍ഷംകൊണ്ട് കടം വീട്ടുകയല്ലേ നല്ലതെന്ന് ഐസക്കിന്റെ ചോദ്യം. തിരിച്ചടവിനു ജി.എസ്.ടി വഴിയൊക്കെ പണം വരുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഇതൊരു പരീക്ഷണമാണെന്ന് അദ്ദേഹം സമ്മതിച്ചു. ഇതോടെ പി.കെ കുഞ്ഞാലിക്കുട്ടിക്കു സംശയം തീര്‍ന്നു. ആദ്യവര്‍ഷം വന്‍തോതില്‍ കടമെടുത്ത് ജനപ്രിയ പദ്ധതികള്‍ നടപ്പിലാക്കി അതിന്റെ കടംവീട്ടാന്‍ അടുത്ത വര്‍ഷം മുതല്‍ തിരിച്ചടവിന് ജനപ്രിയമല്ലാത്ത നടപടികള്‍ സ്വീകരിക്കാനല്ലേ പോകുന്നതെന്ന് കുഞ്ഞാലിക്കുട്ടി.
കിഫ്ബി ചര്‍ച്ചയ്ക്കിടയിലും തന്റെ നേതാവിനെതിരേ വിജിലന്‍സ് നടത്തുന്ന നീക്കത്തിലുളള പരിഭവം എന്‍. ജയരാജ് പ്രകടിപ്പിച്ചു. പഴയ കേസുകളെല്ലാം പൊക്കിക്കൊണ്ടുവരികയാണ് വിജിലന്‍സെന്നും ഇനി സ്യമന്തകമണി മോഷ്ടിച്ചതിന് ശ്രീകൃഷ്ണന്റെ പേരില്‍ കേസെടുക്കാന്‍ വരെ സാധ്യതയുണ്ടെന്നും ജയരാജ്. നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ബില്ലിന്‍മേലുള്ള ചര്‍ച്ച നെല്‍കൃഷിയിലും പരസ്പരമുള്ള കുറ്റപ്പെടുത്തലുകളിലും കേന്ദ്രീകരിച്ചു. 2008ല്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ത്ത് പിഴവാങ്ങി നിലംനികത്തലിന് നിയമസാധുത നല്‍കാന്‍ ഭേദഗതി കൊണ്ടുവന്നതിന്റെ പേരില്‍ യു.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു ഭരണപക്ഷത്തിന്റെ ശ്രമം.
എന്നാല്‍ വി.എസ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നപ്പോള്‍ ഐസക് അവതരിപ്പിച്ച ബജറ്റില്‍ തന്നെ അതിനുള്ള നിര്‍ദേശമുണ്ടായിരുന്നെന്നും അതിന്റെ ചുവടുപിടിച്ചാണ് യു.ഡി.എഫ് സര്‍ക്കാര്‍ നിയമത്തില്‍ മാറ്റംവരുത്തിയതെന്നും പറഞ്ഞ് പ്രതിപക്ഷം അതിനെ നേരിട്ടു. വീടുവയ്ക്കാന്‍ നിശ്ചിത അളവില്‍ നെല്‍വയല്‍ നികത്താന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ ഇരുപക്ഷത്തിനും യോജിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."