യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-1 നു ബാഴ്‌സലോണയെ കീഴടക്കി
ലണ്ടന്‍: പെപ് ഗെര്‍ഡിയോള കണക്കു തീര്‍ത്തു. യുവേഫ ചാംപ്യന്‍സ് ലീഗില്‍ മുന്‍ ക്ലബായ ബാഴ്‌സലോണയോടു ആദ്യ പാദത്തില്‍ നൗ കാംപിലേറ്റ 4-0ത്തിന്റെ തോല്‍വിക്ക് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം തട്ടകത്തില്‍ കറ്റാലന്‍ പടയോടു പകരം ചോദിച്ചു. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. ജയത്തോടെ നോക്കൗട്ട് ഘട്ടത്തിലേക്കുള്ള സാധ്യത സജീവമാക്കി നിര്‍ത്താനു സിറ്റിക്ക് സാധിച്ചു.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ കരുത്തന്‍മാരെല്ലാം വിജയം സ്വന്തമാക്കി പ്രീ ക്വാര്‍ട്ടറിനോടു കൂടുതല്‍ അടുത്തു. അത്‌ലറ്റിക്കോ മാഡ്രിഡ് 2-1നു റോസ്റ്റോവിനേയും പാരിസ് സെന്റ് ജെര്‍മെയ്ന്‍ 2-1നു ബാസലിനേയും ആഴ്‌സണല്‍ 3-2നു ലുഡോഗോറെറ്റ്‌സിനേയും ബയേണ്‍ മ്യൂണിക്ക് 2-1നു പി.എസ്.വി ഐന്തോവനേയും പരാജയപ്പെടുത്തി. ബെന്‍ഫിക്ക 1-0ത്തിനു ഡൈനാമോ കീവിനെ കീഴടക്കിയപ്പോള്‍ ബൊറൂസിയ മോണ്‍ചന്‍ഗ്ലെഡ്ബാച്- സെല്‍റ്റിക്ക് പോരാട്ടം 1-1നു സമനില. ബെസിക്റ്റസ്- നാപോളി മത്സരവും 1-1നു സമനില.
ആദ്യ പകുതിയില്‍ ലയണല്‍ മെസ്സി നേടിയ ഗോളില്‍ മുന്നില്‍ കടന്ന ബാഴ്‌സലോണയെ ആദ്യ പകുതി തീരും മുന്‍പ് ഗുണ്ടഗന്‍ നേടിയ ഗോളില്‍ സമനിലയില്‍ തളയ്ക്കാന്‍ സിറ്റിക്ക് സാധിച്ചു. രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി നേടി സിറ്റി വിജയമുറപ്പിക്കുകയായിരുന്നു. അഗ്യെറോയെ ഏക സ്‌ട്രൈക്കറാക്കി 4-1-4-1 എന്ന ശൈലിയിലാണ് ഗെര്‍ഡിയോള ടീമിനെ ഇറക്കിയത്.
21ാം മിനുട്ടില്‍ മെസ്സി ബാഴ്‌സയെ മുന്നിലെത്തിച്ചു. ഈ ഗോളോടെ മറ്റൊരു റെക്കോര്‍ഡും മെസ്സി സ്വന്തമാക്കി. ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റൗള്‍ ഗോണ്‍സാലസിന്റെ 53 ഗോളുകളുടെ റെക്കോര്‍ഡാണ് മെസ്സി തിരുത്തിയത്.
ഒപ്പം ഇംഗ്ലീഷ് ക്ലബുകള്‍ക്കെതിരായ അവസാനം നടന്ന 14 പോരുകളില്‍ നിന്നായി 16ാം ഗോളും കുറിച്ചു. കൗണ്ടര്‍ അറ്റാക്കിലാണ് നെയ്മറുടെ പാസില്‍ നിന്നുള്ള മെസ്സിയുടെ ഗോള്‍. ആദ്യ പകുതിക്ക് തൊട്ടുമുന്‍പ് ഇല്‍കെ ഗുണ്ടഗനിലൂടെ സിറ്റി സമനില പിടിച്ചു.
എന്നാല്‍ രണ്ടാം പകുതിയില്‍ ബാഴ്‌സലോണയെ ഛിന്നഭിന്നമാക്കി സിറ്റി നിറഞ്ഞാടുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ അവസാനം വരെ അവര്‍ ഒന്നിനു പുറകേ ഒന്നായി ആക്രമണം സംഘടിപ്പിച്ചു. പ്രതിരോധ നിര കൂട്ടംതെറ്റിയപ്പോള്‍ ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റീഗന്റെ ചങ്കുറപ്പു മാത്രമാണ് ബാഴ്‌സക്ക് തുണയായത്. ആക്രമണത്തിനിടെ 51ാം മിനുട്ടില്‍ ഡി ബ്രുയനും 74ാം മിനുട്ടില്‍ തന്റെ രണ്ടാം ഗോളിലൂടെ ഗുണ്ടഗനും പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു. തിരിച്ചടിക്കാനുള്ള ശ്രമം കറ്റാലന്‍ പട നടത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല. തോറ്റെങ്കിലും സി ഗ്രൂപ്പില്‍ ഒന്‍പതു പോയിന്റുമായി ബാഴ്‌സ തന്നെ ഒന്നാമത്. ഏഴു പോയിന്റുള്ള സിറ്റി തൊട്ടുപിന്നില്‍.
രണ്ടു ഗോളുകള്‍ക്ക് പിന്നിട്ടു നിന്ന ശേഷമാണ് ആഴ്‌സണല്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ച് ലുഡോഗോറെറ്റ്‌സിനെതിരേ ഉജ്ജ്വല വിജയം പിടിച്ചത്. 12, 15 മിനുട്ടുകളില്‍ ഗണ്ണേഴ്‌സിനെ ഞെട്ടിച്ച എതിരാളികള്‍ക്ക് 20ാം മിനുട്ടില്‍ സാക്ക, 41ാം മിനുട്ടില്‍ ജിറൂദ്, 87ാം മിനുട്ടില്‍ മെസുറ്റ് ഓസില്‍ എന്നിവരുടെ ഗോളുകളിലൂടെ ആഴ്‌സണല്‍ മറുപടി നല്‍കി. ഗ്രൂപ്പ് എയില്‍ പത്തു പോയിന്റുമായി ആഴ്‌സണല്‍ ഒന്നാമത്.
അന്റോണിയോ ഗ്രിസ്മാന്‍ നേടിയ ഇരട്ട ഗോളുകളുടെ പിന്‍ബലത്തിലാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വിജയം. ആദ്യ മുന്നിലെത്തിയ അത്‌ലറ്റിക്കോയെ സമനിലയില്‍ തളക്കാന്‍ റോസ്റ്റോവിനു സാധിച്ചെങ്കിലും കളിയുടെ അവസാന നമിഷങ്ങളില്‍ ഗ്രിസ്മാന്‍ സ്പാനിഷ് കരുത്തരെ രക്ഷപ്പെടുത്തുകയായിരുന്നു.
മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് പി.എസ്.വിയോടു ഒരു ഗോള്‍ വഴങ്ങി രണ്ടു ഗോള്‍ തിരിച്ചടിക്കുകയായിരുന്നു. ഇരു പകുതികളിലായി ലെവന്‍ഡോസ്‌കി നേടിയ ഇരട്ട ഗോളുകളാണ് ബാവേറിയന്‍സിനു വിജയം സമ്മാനിച്ചത്. നാലില്‍ നാലും വിജയിച്ച് ഗ്രൂപ്പ് ഡിയില്‍ അത്‌ലറ്റിക്കോ ഒന്നാം സ്ഥാനത്ത്. ബയേണ്‍ രണ്ടാമത്.
ബാസലിനെതിരേ ആദ്യ പകുതിയില്‍ മറ്റിയൂഡിയിലൂടെ പി.എസ്.ജി മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍ സമനില പിടിക്കാന്‍ ബാസലിനു സാധിച്ചു.
കളിയുടെ അവസാന നിമിഷം മുനീര്‍ നേടിയ ഗോളാണ് പി.എസ്.ജിയെ വിജയിപ്പിച്ചത്. ഗ്രൂപ്പ് എയില്‍ ആഴ്‌സണലിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ് പി.എസ്.ജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."