വൈദ്യുതാഘാതമേറ്റ് പുലി ചത്ത സംഭവം; കെ.എസ്.ഇ.ബിക്കെതിരേ വനംവകുപ്പ് കോടതിയില്‍
തൊടുപുഴ: പെരിയാര്‍ കടുവാസങ്കേതത്തിനുള്ളില്‍ വൈദ്യുതാഘാതമേറ്റ് പുലി ചത്ത സംഭവത്തില്‍ വൈദ്യുതി വകുപ്പിനെതിരേ വനംവകുപ്പ് കോടതിയില്‍. പമ്പ റേഞ്ച് ഓഫിസര്‍ എം. അജീഷാണ് കെ.എസ്.ഇ.ബി പീരുമേട് സബ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറടക്കമുളള ജീവനക്കാര്‍ക്കെതിരേ പീരുമേട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
കടുവാസങ്കേതത്തിനുള്ളിലെ സ്വകാര്യഎസ്റ്റേറ്റിലേക്ക് വൈദ്യുതി എത്തിക്കുന്ന 11 കെ.വി ലൈനില്‍നിന്നു വൈദ്യുതാഘാതമേറ്റാണ് വെസ്റ്റ് ഡിവിഷനിലെ പമ്പ റേഞ്ചിലെ നാലാം മൈല്‍ ഭാഗത്ത് പത്തുവയസ്സ് പ്രായം തോന്നിക്കുന്ന ആണ്‍ പുള്ളിപ്പുലി ചത്തത്.
ചൊവ്വാഴ്ച വൈകിട്ട് പട്രോളിങ് സംഘമാണ് പുലിയുടെ ജഡം കണ്ടത്. വനത്തിനുള്ളില്‍ പച്ചക്കാനം ഭാഗത്തുള്ള സ്വകാര്യതോട്ടത്തിലേക്ക് വലിച്ചിരുന്ന വൈദ്യുതി ലൈനില്‍ നിന്നാണ് ഷോക്കേറ്റത്. വൈദ്യുതി ലൈനില്‍ കരിങ്കുരങ്ങിന്റെ ജഡാവശിഷ്ടം കണ്ട വനപാലകര്‍ നടത്തിയ പരിശോധനയിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. കരിങ്കുരങ്ങിനെ ഭക്ഷിക്കാനായി കയറിയപ്പോള്‍ പുലിക്ക് ഷോക്കേറ്റതാകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം.
ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ പ്രതിനിധി സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് സംസ്‌കരിച്ചു. ദേശീയ കടുവാ കണ്‍സര്‍വേഷന്‍ അതോറിറ്റി പ്രതിനിധികളായ ഡോ.ജിജി ജോസഫ്, ഡോ.ക്രിസ്റ്റഫര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കുമളി സര്‍ക്കാര്‍ വെറ്ററിനറി ആശുപത്രിയിലെ ഡോ.പാര്‍ഥിപന്‍, പെരിയാര്‍ കടുവാ സങ്കേതത്തിലെ ഡോ.അബ്ദുല്‍ ഫത്ഹ് എന്നിവര്‍ ചേര്‍ന്നാണ് തേക്കടി പ്രകൃതി പഠന കേന്ദ്രത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
വൈദ്യുതാഘാതമേറ്റ് പുലി ചത്ത സാഹചര്യത്തില്‍ ഈ ലൈനിലെ വൈദ്യുതിബന്ധം വിച്ഛേദിക്കാന്‍ വനംവകുപ്പ് കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കി. ജനവാസ മേഖലയായ വള്ളക്കടവില്‍ നിന്നു 12 കിലോമീറ്റര്‍ ദൂരത്തിലാണ് വനത്തിനുള്ളിലൂടെ വൈദ്യുതി ലൈന്‍ വലിച്ചിട്ടുള്ളത്. ഇതിനെതിരേ വനംവകുപ്പ് രംഗത്തുവന്നെങ്കിലും ഉന്നത ഇടപെടല്‍ മൂലം നടപടിയുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."