പണമടച്ചില്ലെങ്കിലും കെ.എസ്.ഇ.ബിക്ക് ഉടന്‍ ഫ്യൂസ് ഊരാനാകില്ല...
തിരുവനന്തപുരം: ഉപയോക്താവ് നിശ്ചിത തിയതിക്കകം ബില്ല് അടച്ചില്ലെങ്കില്‍ ഇനി മുതല്‍ ഒറ്റയടിക്ക് കെ.എസ്.ഇ.ബിക്ക് വൈദ്യുതി വിച്ഛേദിക്കാനാകില്ല. 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ വൈദ്യുതി വിച്ഛേദിക്കാവൂയെന്ന് സംസ്ഥാന ഉപഭോക്തൃ പ്രശ്‌നപരിഹാര ഫോറം ഉത്തരവിട്ടു. മുന്നറിയിപ്പ് നല്‍കാതെ വൈദ്യതി വിച്ഛേദിക്കുന്നത് കെ.എസ്.ഇ.ബി ആക്ടിന്റെ ലംഘനമാണെന്നാണ് ഉപഭോക്തൃ പ്രശ്‌നപരിഹാര ഫോറത്തിന്റെ വിലയിരുത്തല്‍. നിലവില്‍ വൈദ്യുതിബില്ലും വൈദ്യുതി വിച്ഛേദിക്കുന്നതിനുളള മുന്നറിയിപ്പും ഒരൊറ്റ അറിയിപ്പായാണ് കെ.എസ്.ഇ.ബി ഉപഭോക്താവിന് നല്‍കുന്നത്. ബില്ല് കിട്ടി 10 ദിവസത്തിനകം പിഴ കൂടാതെ തുക അടയ്ക്കാം. 25 ദിവസത്തിനകം പിഴയോടു കൂടി പണം അടച്ചില്ലെങ്കില്‍ പിറ്റേദിവസം വൈദ്യുതി വിച്ഛേദിക്കുകയാണ് പതിവ്.
കെ.എസ്.ഇ.ബി ആക്ട് (2003) പ്രകാരം വൈദ്യുതി ബില്ലും വിച്ഛേദിക്കുന്നതിനുള്ള നോട്ടിസും വെവ്വേറെയാണ് നല്‍കേണ്ടത്. കെ.എസ്.ഇ.ബിയുടെ സൗകര്യം കണക്കിലെടുത്ത് വൈദ്യുതിബില്ലും വിച്ഛേദിക്കുന്ന മുന്നറിയിപ്പും ഒരൊറ്റ നോട്ടിസായി നല്‍കുന്നത് പര്യാപ്തമല്ലെന്നും ഫോറം ചൂണ്ടിക്കാട്ടി.
എന്നാല്‍ രണ്ടു നോട്ടിസ് വെവ്വേറെ നല്‍കുന്നതിന് കൂടുതല്‍ ജീവനക്കാരുടെ ആവശ്യമുണ്ടെന്നും ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും കെ.എസ്.ഇ.ബി വാദിച്ചു. അതേസമയം നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുന്നത് ജനങ്ങളുടെ നന്മയ്ക്കാണെന്നും കെ.എസ്.ഇ.ബി ആക്ട് നടപ്പാക്കാനുളള ബാധ്യത ബോര്‍ഡിനുണ്ടെന്നും ഫോറം വ്യക്തമാക്കി. അങ്കമാലി സ്വദേശിയായ ജോസഫ് നല്‍കിയ പരാതിയിലാണ് ഫോറത്തിന്റെ ഇടപെടല്‍.
ഉപഭോക്തൃ പ്രശ്‌നപരിഹാര ഫോറത്തിന്റെ ഉത്തരവ് പ്രകാരം ജനുവരി മുതല്‍ വൈദ്യുതി വിച്ഛേദിക്കുന്നതിന് 15 ദിവസം മുന്‍പ് കെ.എസ്.ഇ.ബി, ഗാര്‍ഹിക-ഗാര്‍ഹികേതര ഉപയോക്താക്കള്‍ക്ക് നോട്ടീസ് നല്‍കും. എന്നാല്‍ ഇതുമൂലം ബില്‍ തുകയില്‍ വര്‍ധനയുണ്ടാകില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."