രണ്ട് വ്യാഴവട്ടം എസ്.വൈ.എസ് നേതൃത്വത്തില്‍; ആത്മനിര്‍വൃതിയോടെ പടിയിറക്കം
രണ്ട് വ്യാഴവട്ടക്കാലം ഒരു പ്രസ്ഥാനത്തിന്റെ അമരത്തിരിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. കേരളത്തിലെ ഏറ്റവും ഊര്‍ജസ്വലമായ സംഘടനയുടെ തലപ്പത്താവുമ്പോള്‍ അതിന് മാറ്റ് കൂടും. അതെ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി സ്ഥാനം വിടുന്നത് നീണ്ട ഇരുപത്തിനാല് വര്‍ഷത്തെ സേവനത്തിനു ശേഷം. അതും മാതൃസംഘടനയായ സമസ്തയുടെ ജനറല്‍ സെക്രട്ടറിപദം വന്നുചേര്‍ന്ന ശേഷം.
നിറഞ്ഞ സംതൃപ്തിയായിരുന്നു ആ മുഖത്ത്. കാല്‍നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനം ശ്ലാഘനീയമായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ മാത്രമല്ല, മറ്റുള്ളവരും വിലയിരുത്തുമ്പോള്‍ നേതൃത്വത്തിന് സംതൃപ്തി സ്വാഭാവികം. അര്‍ഹമായ സ്ഥാനങ്ങള്‍ മാത്രം നേടുകയും നേടിയ പദവികളോട് നീതിപുലര്‍ത്തുകയും ചെയ്ത ഉസ്താദ് സമസ്തയുടെ സാരഥ്യത്തിലും മികച്ച സാന്നിധ്യമാവുമെന്നാശിക്കാം.
പാണ്ഡിത്യവും ലാളിത്യവും കരകവിഞ്ഞൊഴുകി രണ്ട് പുഴകള്‍ ഒന്നായിച്ചേര്‍ന്നാല്‍ അത് ആലിക്കുട്ടി മുസ്്്‌ലിയാര്‍ ആയി. വിജ്ഞാനത്തിനൊപ്പം വിനയവും സ്ഥാനമാനങ്ങള്‍ക്കൊപ്പം ലാളിത്യവും മുഖമുദ്രയായി സൂക്ഷിക്കുന്നു ഈ പണ്ഡിതന്‍. 1945 ല്‍ ഇരുമ്പുഴ തെക്കംമുറിയില്‍ കുന്നത്ത് മൂസഹാജിയുടെയും ബിയ്യാത്തക്കുട്ടിയുടെയും മകനായി ജനിച്ചു. വല്യുപ്പ ആലിഹാജിയില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം. പെരിന്തല്‍മണ്ണ സൈതാലി മുസ്്്‌ലിയാര്‍, കെ.ടി മുഹമ്മദ് മുസ്‌ലിയാര്‍, വളപുരം മൊയ്തീന്‍ മുസ്്‌ലിയാര്‍ പടിഞ്ഞാറ്റുമുറി, അബ്ദുല്‍ഖാദര്‍ എന്ന കായിമുസ്്‌ലിയാര്‍, പെരിമ്പലം ബാപ്പുട്ടി മുസ്്‌ലിയാര്‍ എന്നിവരുടെ ദര്‍സുകളില്‍ പഠനം നടത്തി. പട്ടിക്കാട് ജാമിഅയില്‍ ഉപരിപഠനം. ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാര്‍, താഴേക്കോട് കുഞ്ഞലവി മുസ്്‌ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, വെല്ലൂര്‍ അബൂബക്കര്‍ ഹസ്‌റത്ത്, കെ.പി. ഉസ്മാന്‍ സാഹിബ് എന്നിവരായിരുന്നു പ്രധാന ഉസ്താദുമാര്‍. 1979 ല്‍ ജാമിഅയില്‍ അധ്യാപകനും 2003 ല്‍ പ്രിന്‍സിപ്പലുമായി.
സമുദായത്തിന്റെ നെഞ്ച് പിളര്‍ത്തിയ വിഭാഗീയതയ്ക്കുള്ള നീക്കം ചിലര്‍ നടത്തിയതിനെ തുടര്‍ന്ന് സുന്നി യുവജനസംഘം പുനസംഘടിപ്പിച്ചതോടെയാണ് ആലിക്കുട്ടി മുസ്്‌ലിയാര്‍ നേതൃരംഗത്ത് സജീവമാകുന്നത്. സി.എച്ച് ഹൈദ്രോസ് മുസ്്‌ലിയാര്‍ക്ക് ശേഷം 1992 മുതല്‍ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറിയായി. ചെറുശ്ശേരി ഉസ്താദിന്റെ വിയോഗത്തെ തുടര്‍ന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറിയായത്.
സുന്നി അഫ്കാര്‍, അല്‍മുഅല്ലിം, അന്നൂര്‍, കേരള മുസ്്‌ലിം ഡാറ്റാ ബേങ്ക് വെബ് പോര്‍ട്ടല്‍ എന്നിവയുടെ ചീഫ് എഡിറ്ററാണ്. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.
ഈജിപ്ത്, ലിബിയ, തുര്‍ക്കി, സെനഗല്‍, ഇറാഖ്, മൊറോക്കോ, മലേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഒട്ടേറെ അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ കഴിഞ്ഞു. റാബിത്വ, ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോബോര്‍ഡ് എന്നിവയില്‍ പ്രത്യേക ക്ഷണിതാവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."