കഴിഞ്ഞ 10 മാസത്തിനുള്ളില്‍ ഉണ്ടായത് 595 അപകടങ്ങള്‍
കല്‍പ്പറ്റ: വയനാട്ടില്‍ കഴിഞ്ഞ 10 മാസത്തിനുള്ളില്‍ ഉണ്ടായത് 595 അപകടങ്ങള്‍. 65 ജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍, 747 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത് ഇത്രയും അപകടങ്ങളില്‍. 2015ലെ അപകടങ്ങളുടെ കണക്കുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഈ വര്‍ഷം മരണസംഖ്യ കൂടിയിട്ടുണ്ട്. 2015ല്‍ 719 അപകടങ്ങളാണ് വയനാട്ടില്‍ ഉണ്ടായത്. ഇതില്‍ 62 ആളുകള്‍ മരണപ്പെട്ടു. 972 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇത് ഒരു വര്‍ഷത്തെ കണക്കാണെങ്കില്‍ 2016ല്‍ 10 മാസം കൊണ്ട് അപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞത് 65 പേരുടെയാണ്. എന്നാല്‍, ജില്ലയില്‍ ഇന്റര്‍സെപ്റ്റര്‍ വാഹനത്തിന്റെ വരവോടെ അപകടങ്ങള്‍ ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. ഇന്റര്‍സെപ്റ്റര്‍ എത്തിയതിന് ശേഷം ഉണ്ടായത് 22 അപകടങ്ങളാണ്. സെപ്തംബര്‍ 21നാണ് ജില്ലയില്‍ ഇന്റര്‍സെപ്റ്റര്‍ വാഹനമെത്തിയത്. അതിന് ശേഷം 22 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത്രയും അപകടങ്ങളിലായി ഒരാള്‍ മരിക്കുകയും 26 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വെത്തിരിയിലുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ഫിഷറീസ് വകുപ്പിലെ ജീവനക്കാരിയും കമ്പളക്കാട് പൊലിസ് സ്‌റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസറും പുല്‍പ്പള്ളി ചീയമ്പം 73 സ്വദേശിയുമായ വെല്ലപ്പറ്റ രാമചന്ദ്രന്റെ ഭാര്യയുമായ സജിത (35)യാണ് ഒക്‌ടോബര്‍ 11ന് മരിച്ചത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ഇവരെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."