നഴ്സിങ് കോളജ് നഷ്ടമാകുമോ..?
മാനന്തവാടി: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം ജില്ലക്കനുവദിച്ച നഴ്സിങ് കോളജിന്റെ നിര്‍മാണം അനിശ്ചിതത്വത്തില്‍. പുരാവസ്തു വകുപ്പിന്റെ നിലപാടാണ് നഴ്സിങ് കോളജിന്റെ പ്രവൃത്തികള്‍ അനിശ്ചിതത്വത്തിലാക്കുന്നത്.
ജില്ലാ ആശുപത്രി, ജില്ല മെഡിക്കല്‍ ഓഫിസ് എന്നിവക്ക് സമീപത്തായാണ് കോളജിന് ഒന്നര ഏക്കര്‍ സ്ഥലം അനുവദിച്ചിരുന്നത്. ഇതിനോട് ചേര്‍ന്നാണ് പഴശ്ശികുടീരവും പഴശ്ശി മ്യൂസിയവും സ്ഥിതി ചെയ്യുന്നത്. പുരാവസ്തു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ യാതൊരു നിര്‍മാണ പ്രവൃത്തിയും അനുവദിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്. സ്ഥലത്തിന്റെ ലെവല്‍സ് എടുക്കാനെത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം പുരാവസ്തു ജീവനക്കാര്‍ തടഞ്ഞിരുന്നു. കെട്ടിട നിര്‍മാണത്തിനായി 4.60 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
ഇതില്‍ ആദ്യ നില പണിയുന്നതിനായി 1.72 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ടെണ്ടര്‍ നടപടികള്‍ പൂര്ത്തീകരിക്കുകയുംചെയ്ത് പ്രവൃത്തി ആരംഭിക്കാനിരിക്കെയാണ് ഉടക്കുമായി പുരാവസ്തു വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രവും ചരിത്ര പ്രാധാന്യവുമുള്ള എടക്കല്‍ ഗുഹ പോലുള്ള ശിലാലിഖിതങ്ങള്‍ ഉള്ള പ്രദേശങ്ങളിലെ ഖനവും നിര്‍മാണ പ്രവൃത്തികളും നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് മറയാക്കിയാണ് പുരാവസ്തു വകുപ്പ് കോളജിനെതിരേ നീക്കം നടത്തുന്നത്.
വിഷയത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പെടെ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ജില്ലക്കനുവദിച്ച നഴ്സിങ് കോളജും ഇല്ലാതാകും. നിലവില്‍ പനമരം നേഴ്സിങ് സ്കൂളില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ ജില്ലാ ആശുപത്രിയില്‍ പ്രാക്ടീസിനായി വന്ന് പോകുന്നത്.
ഇതു മൂലം നേഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരത്തിനും ഭീഷണി നിലനില്‍ക്കുന്നുണ്ട്. എല്ലാ ജില്ലയിലും നേഴ്സിങ് കോളജ് വേണമെന്നാണ് കൗണ്‍സില്‍ നിലപാട്. കെട്ടിട സൗകര്യം ഒരുക്കി കോളജ് പ്രവര്‍ത്തനം ഈ വര്‍ഷം ആരംഭിക്കാനായില്ലെങ്കില്‍ സ്ഥാപനം എന്നന്നേക്കുമായി ഇല്ലാതാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."