വിദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഖത്തറില്‍ ഇനി ഏകജാലക സംവിധാനം
ദോഹ: രാജ്യത്ത് മരണപ്പെടുന്ന വിദേശികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനും ഖത്തറില്‍ തന്നെ സംസ്‌കാരിക്കുന്നതിനുമുളള നടപടികള്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഏകജാലക സമ്പ്രാദയത്തിലേക്ക് മാറ്റി. രേഖകള്‍ ശരിയാക്കുന്നതിനായി വിവിധ മന്ത്രാലയങ്ങളിലും ഭരണ വിഭാഗങ്ങളിലും പോകുന്നതിന് പകരം ഇനി മുതല്‍ എല്ലാ രേഖകളും ഒരു ഓഫീസില്‍ നിന്നും ശരിയാക്കാന്‍ സാധിക്കും. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ആരംഭിച്ച ഏകജാലക ഓഫീസിന്റെ ഔദ്യോഗികമായി ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു.
ആഭ്യന്തരമന്ത്രാലയത്തിലെ പൊതുസുരക്ഷ വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സഅദ് ബിന്‍ ജാസിം അല്‍ ഖുലൈഫി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഹമദ് ആശുപത്രി മോര്‍ച്ചറിക്ക് പിന്നിലായാണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുക.
വിദേശികളുടെ മൃതദേഹം സ്വന്തം രാജ്യത്തേക്കയക്കുന്നതുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ക്ക് ഈടാക്കിയിരുന്ന എല്ലാ ഫീസുകളും ഒഴിവാക്കിയതായി കമ്മ്യൂണിറ്റി പൊലീസിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് സയിദ് അല്‍ മുഹന്നദി ചടങ്ങില്‍ അറിയിച്ചു.
മൃതദേഹം സ്വന്തം രാജ്യത്തേക്ക് അയക്കുന്നത് വേഗത്തിലാക്കാന്‍ നയതന്ത്ര കാര്യാലയങ്ങളും ബന്ധപ്പെട്ടവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ രേഖകളും സൗജന്യമാക്കി.
എന്നാല്‍ മൃതദേഹം എംബാം ചെയ്യുന്നതിന് ഫീസ് അടക്കണം. മൃതദേഹം ഖത്തറില്‍ തന്നെ സംസ്‌കരിക്കുന്നവര്‍ക്ക് അതിനുളള സൗകര്യങ്ങളും ഓഫീസ് ചെയ്തുനല്‍കും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇതിനായുള്ള നടപടി ഏകജാലക സംവിധാനം ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഹമദ് ആശുപത്രി മോര്‍ച്ചറിക്ക് പിന്നിലായി ആരംഭിച്ച ഹ്യുമാനിറ്റേറിയന്‍ സര്‍വീസ് ഓഫീസ് ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ഖത്തര്‍ എയര്‍വെയ്‌സ്, വിദേശകാര്യ മന്ത്രാലയം, ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ്, പബ്ലിക് പ്രോസിക്യൂഷന്‍ എന്നിവയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുക.
ഇതില്‍തന്നെ ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ഖത്തര്‍ എയര്‍വെയ്‌സ് എന്നിവയുടെ പ്രതിനിധികള്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസ് ഓഫിസിലുണ്ടാകും. ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ കേന്ദ്രം പ്രവര്‍ത്തിക്കും.
മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനായി പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ നിര്‍ദേശ പ്രകാരം വിവിധ മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവല്‍കരിച്ചിരുന്നു. ഇതിന്റെ പഠന റിപ്പോര്‍ട്ട്് പ്രകാരമാണ് മോര്‍ച്ചറിയോടു ചേര്‍ന്ന് ഓഫീസ് തുറക്കുന്നത്.
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കൗണ്ടറില്‍ നിന്നാണ് മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട നടപടി തുടങ്ങുക. മരിച്ചയാളുടെ വിവരങ്ങളും അവര്‍ ഫയലില്‍ ചേര്‍ക്കും.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കൗണ്ടറില്‍ നിന്ന് ഈ വിവരങ്ങള്‍ പരിശോധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വകുപ്പുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഖത്തര്‍ എയര്‍വെയ്‌സിന്റെ കൗണ്ടറില്‍ നിന്ന് കാര്‍ഗോ പോളിസിയും മൃതദേഹത്തെ അനുഗമിക്കുന്നവര്‍ക്കുള്ള ടിക്കറ്റും നല്‍കും. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ കൗണ്‍സുലാര്‍ അഫയേഴ്‌സ് എംബസികളുമായി ബന്ധപ്പെട്ട് മൃതദേഹം കയറ്റി അയക്കുന്നതിന് എതിര്‍പ്പില്ലെന്ന രേഖ എത്രയും പെട്ടെന്ന് ലഭിക്കാനുള്ള നടപടി സ്വീകരിക്കും. പുതിയ സമ്പ്രദായം നിലവില്‍ വന്നതോടെ മൃതദേഹങ്ങള്‍ മരണപ്പെടുന്ന ദിവസം തന്നെ നാട്ടിലെത്തിക്കാന്‍ സാധ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."