ചെറുവത്തൂരെത്തി, മൂക്ക് പൊത്തിക്കോ ....
ചെറുവത്തൂര്‍: ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലെ വാടക ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാര്‍, നിര്‍ത്തിയിട്ട പാസഞ്ചര്‍ വണ്ടിയെ ശൗചാലയമാക്കുന്നുവെന്ന് ആക്ഷേപം. എല്ലാ ദിവസവും വൈകുന്നേരം 5.20 നു കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന ഈ ട്രെയിന്‍ വൈകീട്ട് 6.30 ഓടെ ചെറുവത്തൂര്‍ സ്റ്റേഷനില്‍ എത്തിച്ചേരും. ഇവിടുത്തെ മൂന്നാമത്തെ ട്രാക്കില്‍ നിര്‍ത്തിയിടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 6.30ന് മാത്രമേ മംഗളൂരുവിലേക്കു പുറപ്പെടൂ. എന്നാല്‍ രാവിലെ യാത്ര പുറപ്പെടുന്നതിനു പത്തു മിനുട്ട് മുമ്പ് യാത്രക്കാര്‍ക്കായി ജനലുകളും വാതിലുകളും തുറന്നിടും.
ഈ സമയം മുതലെടുത്താണു ട്രെയിനിലെ ശൗചാലയങ്ങള്‍ ഇതരസംസ്ഥാനക്കാര്‍ ഉപയോഗിക്കുന്നത്. ട്രെയിന്‍ പോയിക്കഴിയുമ്പോഴേക്കും ഈ ട്രാക്കിന്റെ പരിസരത്തു കൂടി നടക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്.
വാതിലുകള്‍ കൃത്യമായി അടക്കാത്തതിനാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ട്രെയിനിലെ കംപാര്‍ട്ട്‌മെന്റില്‍ കയറി ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു. പിന്നീട് വാതിലുകളും ജനലുകളും കൃത്യമായി അടക്കുക പതിവായിരുന്നു.
ഇതിനെ മറികടന്നാണു പുതിയ തന്ത്രം ഇതരസംസ്ഥാനക്കാര്‍ പയറ്റുന്നത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ വാടക കെട്ടിടങ്ങളില്‍ നൂറുകണക്കിന് ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്നുണ്ട്. ഇവയില്‍ പലതും ഷട്ടറിട്ട ഒറ്റമുറികളാണ്.
ഇവിടങ്ങളില്‍ താമസിക്കുന്നവരാണു ട്രെയിനിനെ ശൗചാലയമാക്കി മാറ്റുന്നത്. രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്നു പുറത്തേക്ക് നടപ്പാലമില്ല.
അതിനാല്‍ വിസര്‍ജ്യത്തില്‍ ചവിട്ടാതെ പ്ലാറ്റ് ഫോമില്‍ എത്താന്‍ പാടുപെടുകയാണ് യാത്രക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."