പാത്തിപ്പാറയില്‍ ലാറ്റക്സ് കമ്പനി കരിമ്പുഴയിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നതായി പരാതി
നിലമ്പൂര്‍: നഗരസഭയിലെ പാത്തിപ്പാറ പ്രദേശത്തെ ലാറ്റക്സ് കമ്പനിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുഴയിലേക്കു തള്ളുന്നതായി പരാതി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പെടെയുള്ള അധികൃതരുടെ അനുമതിയില്ലാതെ അനധികൃതമായാണ് കരിമ്പുഴയിലേയ്ക്ക് ഒഴുക്കിവിടുന്നത്. മാലിന്യങ്ങള്‍ വേര്‍തിരിച്ചു സംസ്കരിക്കുവാനുള്ള സംവിധാനമൊരുക്കാതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം നേരത്തെ നിലനില്‍ക്കുന്നുണ്ട്. രാവിലെ മുതല്‍ വൈകുന്നേരം വരെ രൂക്ഷ ഗന്ധം വമിക്കുന്ന കറുത്ത നിറത്തിലുള്ള ദ്രവ രൂപത്തിലുള്ള മാലിന്യങ്ങള്‍ കരിമ്പുഴയിലേക്ക് ഒഴുക്കി വിടുന്നതായാണ് പരാതി.
റബര്‍ ലാറ്റക്സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ കമ്പനി പ്രദേശവാസികള്‍ക്ക് തൊഴില്‍ നല്കി നിശബ്ദരാക്കാനാണ് ആദ്യം ശ്രമം നടത്തിയത്. എന്നാല്‍ കരിമ്പുഴയില്‍ ഒഴുക്കുന്ന മാലിന്യം ചാലിയാറില്‍ കൂടി എത്തിയതോടെ പ്രദേശവാസികള്‍ പ്രതിഷേധം തുടങ്ങി. കഴിഞ്ഞ മാസം 30ന് 171 പേര് ഒപ്പിട്ട നിവേദനം നഗരസഭാ സെക്രട്ടറിയ്ക്ക് നല്കി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും നഗരസഭ പതിവുപരിശോധന നടത്തിയതല്ലാതെ പ്രവര്‍ത്തനത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയില്ല. ഈ മാലിന്യം ഒഴുകിപോവുന്ന സ്ഥലങ്ങളില്‍ ഒരു പ്രത്യേക പായല്‍ രൂപപ്പെട്ടിട്ടുണ്ട്. പുഴയുടെ ഈ ഭാഗങ്ങളില്‍ കുളിക്കുന്നവര്‍ക്ക് ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപെടുന്നുണ്ട്. പുഴയിലേക്കുള്ള ഈ മാലിന്യം ഒഴുക്കുന്നത് നിര്‍ത്തുവാനും അനധികൃതമായി ഇങ്ങനെ പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരേ നടപടിയെടുക്കുവാനും ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുവാനും ജില്ലാ കലക്ടര്‍, ആര്.ഡി.ഒ, പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് എന്നിവരെ സമീപിക്കുവാനും നിയമനടപടികളുമായി മുന്നോട്ടുപോകുവാനും നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."