സ്ഥാനാര്‍ഥിയുടെ പേരറിയാത്ത ഏജന്റ്, ആദ്യ വോട്ടിന്റെ മധുരപ്രതികാരം
തിരുവനന്തപുരം: നാടിന്റെ വിധി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഗൗരവതരമായ നടപടികള്‍ക്കൊപ്പം ചിരിക്കും വകയുണ്ടെന്ന് ബൂത്തുകളിലെ കാഴ്ചകള്‍. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് വോട്ടിങ് യന്ത്രം പരിശോധിക്കാനായി നടന്ന മോക്ക് പോളിങ് സമയം മുതല്‍ തന്നെ ചിരിയുണര്‍ത്തുന്ന രംഗങ്ങള്‍ക്ക് ബൂത്തുകള്‍ സാക്ഷിയായി.
എന്റെ സ്ഥാനാര്‍ഥി
മോക്ക് പോളിങ് സമയത്ത് യന്ത്രങ്ങള്‍ പരിശോധിക്കാനായി ഏജന്റുമാരെ ക്ഷണിച്ചപ്പോള്‍ ആരുടെ ഏജന്റെന്ന പോളിങ് ഓഫിസറുടെ ചോദ്യത്തിന് എല്‍.ഡി.എഫ് എന്നായിരുന്നു ഒരു ഏജന്റിന്റെ മറുപടി. പിറകെ അടുത്തയാളും എല്‍.ഡി.എഫ്. ഒരു സ്ഥാനാര്‍ഥിക്ക് ഒരു ഏജന്റാണല്ലോയെന്ന് ഓഫിസര്‍ ചോദിച്ചപ്പോഴാണ് അമളി മനസിലായത്. ഏതിര്‍സ്ഥാനാര്‍ഥിയുടെ അപരന്റെ ഏജന്റ് പാസാണ് തന്റെ കയ്യിലുള്ളത്.
നോമിനേഷന്‍ കൊടുത്ത ദിവസം മണ്ഡലം വിട്ട അപരനൊക്കെ ഇനി വോട്ടെണ്ണല്ലിന്റെ ചൂടൊക്കെ തണുത്ത ശേഷമേ തിരിച്ചെത്തൂവെങ്കിലും അവരുടെ ഏജന്റുമാര്‍ വോട്ടെടുപ്പിന്റെ അന്ന് കൃത്യമായി ഹാജരാകാറുണ്ട്. അപരനെ നിറുത്തിയവര്‍ക്കൊപ്പം ഇരിക്കുന്നതും പതിവ്. പക്ഷേ സ്ഥാനാര്‍ഥിയുടെ പേരിനെക്കാള്‍ മുന്നണിയുടെ പേര് മാത്രം മനസിലിരുന്നതിനാല്‍ ആദ്യമായി ഏജന്റായി യുവാവ് ഒരു വേള പകച്ചുപോയി. പെട്ടെന്ന് തന്നെ പാസ് എടുത്ത് ഒന്നു കൂടി നോക്കിയ ശേഷം കൃത്യമായ പേര് പറഞ്ഞ് തടിയൂരി.
പരിശോധനയൊക്കെ അവര്‍ നടത്തട്ടെ...
വോട്ടെടുപ്പ് തുടങ്ങാന്‍ പത്തു മിനിട്ട് ബാക്കി നില്‍ക്കേയാണ് ചെറിയ ഉറക്കച്ചടവോടെ ഒരു യുവാവ് ബൂത്തിനകത്തേക്ക് പ്രവേശിച്ചത്. ചോദിച്ചപ്പോള്‍ ഒരു ചെറുപാര്‍ട്ടിയുടെ ഏജന്റാണ്. മോക്ക് പോളിങ്ങൊക്കെ ആറരയ്ക്ക് കഴിഞ്ഞുവെന്ന് പറഞ്ഞ പോളിങ് ഓഫിസര്‍ യന്ത്രം പരിശോധിക്കേണ്ടായിരുന്നോയെന്ന് ചോദിച്ചു. 'ഓ ! അതിനപ്പം നമ്മള്‍ ഉറക്കം കളഞ്ഞ് വരേണ്ട കാര്യമെന്തൊ..ഇവര്‍ രണ്ടു പേരും മത്സരിച്ച് എല്ലാം നോക്കിക്കാണുമല്ലോ??' ഇടതു വലതു മുന്നണികളുടെ ഏജന്റുമാരെ ചൂണ്ടിയുള്ള കക്ഷിയുടെ മറുപടി കേട്ട് അതുവരെ ഗൗരവക്കാരനായിരുന്ന റിട്ടേണിങ് ഓഫിസര്‍ വരെ ചിരിച്ചുപോയി.
ആദ്യ വോട്ട് ഒരു മധുരപ്രതികാരം
നേരം വെളുത്തുവരുന്നതേയുള്ളൂ...ബൂത്തില്‍ പോളിങ് ഓഫിസര്‍മാരും ഏജന്റുമെത്തുമ്പോള്‍ തന്നെ ബൂത്തിന്റെ വാതില്‍ക്കല്‍ കാത്തിരിക്കുന്ന ഒരു യുവാവിനെ കണ്ട് ഉദ്യോഗസ്ഥയ്ക്ക് സംശയം. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പേ തന്നെ എത്തിയ വോട്ടറോ? കാര്യം തിരക്കിയപ്പോള്‍ കക്ഷി ഒരു പ്രതികാരത്തിന് കാത്തു നില്‍ക്കുകയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലായിരുന്നു കന്നിവോട്ട്. കന്നിവോട്ട് ബൂത്തിലെ ആദ്യ വോട്ടാക്കാമെന്ന ആശയോടെ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പെത്തിയപ്പോള്‍ അവിടെ മറ്റൊരാള്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. കന്നിവോട്ടിന്റെ കഥയൊന്നും ഏശിയില്ല. സ്ഥിരമായി ആദ്യ വോട്ട് ചെയ്യാറുള്ളത് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കൂടിയായ ഇദ്ദേഹമാണെന്നും യുവാവിന് മനസ്സിലായി. അന്നു തോറ്റു പിന്മാറിയ യുവാവ് ഇത്തവണ വാശിക്ക് എത്തിയിരിക്കുകയാണ്. കാര്യമറിഞ്ഞപ്പോള്‍ ഓഫിസര്‍മാര്‍ക്കും കൗതുകം. കൃത്യം ആറരയോടെ കക്ഷിയുടെ എതിരാളി എത്തി. ഖദറൊക്കെ ധരിച്ച് പോളിങ് ഓഫിസിലേക്ക് കയറിയ നേതാവ് തന്നെക്കാള്‍ മുമ്പേ എത്തിയ വോട്ടറെ കണ്ട് ഞെട്ടി. തന്റെ സീനിയോറിറ്റിയും ഖദറിന്റെ ബലവുമൊക്കെ വച്ച് ആദ്യ സ്ഥാനം ഒപ്പിക്കൊനൊരു ശ്രമമൊക്കെ നടത്തി നോക്കിയെങ്കിലും ആദ്യ വോട്ട് ഞാന്‍ ചെയ്യുമെന്ന് യുവാവ് കട്ടായം പറഞ്ഞതോടെ നേതാവ് പിന്മാറി. ഇനി അടുത്ത തെരഞ്ഞെടുപ്പില്‍ കാണാം ബാക്കി.
പാലം കടക്കുവോളം..ഇത്തവണയും
വോട്ട് ചെയ്യിക്കാനായി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ പ്രധാന രാഷ്ട്രീയ കക്ഷികള്‍ കാട്ടുന്ന താത്പര്യം ഒന്നു വേറെ തന്നെയാണ്. എന്നാല്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ കൊണ്ടു വന്നവരെ തപ്പി വോട്ടര്‍മാര്‍ നടക്കുന്ന സ്ഥിരം കാഴ്ചയ്ക്ക് ഇത്തവണയും മാറ്റമുണ്ടായില്ല. വന്ധ്യവയോധികരോട് മാത്രം ഇത്തിരി കരുണ കാട്ടിയിട്ടുണ്ടെന്നുള്ളത് വേറെ കാര്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."