വേനലെത്തുമ്പോഴേക്കും മുന്‍കരുതലുകളില്ല; കുഴല്‍കിണറുകള്‍ പലതും നശിക്കുന്നു
മഞ്ചേരി: ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമെന്നോണം ഭൂഗര്‍ഭ ജലവകുപ്പ് നിര്‍മിച്ച കുഴല്‍കിണറുകളില്‍ അധികവും ഉപയോഗശൂന്യമായി കിടക്കുന്നു. വേനലിലെ കുടിവെള്ള ക്ഷാമത്തെ അതിജീവിക്കാനായി വിവിധ ഘട്ടങ്ങളിലായി നിര്‍മിച്ച കുഴല്‍കിണറുകളില്‍ മിക്കതും ഉപയോഗശൂന്യമായത് തക്ക സമയങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്താത്തതു മൂലമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.
ഒരോ വര്‍ഷങ്ങളിലും ഭൂഗര്‍ഭ ജലനിരക്കു ക്രമാതീതമായി കുറവാകുന്നതും കുഴല്‍ കിണറുകളുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നുണ്ട്. ഭൂഗര്‍ഭ ജല വകുപ്പിനു കീഴില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 3000ലേറെ കുഴല്‍ കിണറുകള്‍ നിര്‍മിച്ചിരുന്നു.
മലപ്പുറം, പെരിന്തല്‍മണ്ണ, കുറ്റിപ്പുറം വളാഞ്ചേരി തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതലും ഇത്തരത്തില്‍ കിണറുകള്‍ സ്ഥാപിച്ചിരുന്നത്. വിവിധ പഞ്ചായത്തുകളിലും നിരവധി കുഴല്‍കിണറുകള്‍ ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. സ്പ്രിങ്ങ് തേയ്മാനം, മോട്ടറുകള്‍ തുരുമ്പെടുത്തു നശിക്കല്‍ തുടങ്ങിയ കാരണങ്ങളും ഇവ ഉപയോഗശൂന്യമാകാന്‍ കാരണമായതായി വിലയിരുത്തുന്നുണ്ട്.
ഉപയോഗശൂന്യമായി കിടക്കുന്ന കുഴല്‍ കിണറുകള്‍ ഫലപ്രദമാക്കിയാല്‍ ഗ്രാമീണമേഖലയിലും നഗരപ്രദേശങ്ങളിലും വരാനിരിക്കുന്ന ശക്തമായ കുടിവെള്ളക്ഷാമത്തെ ഒരുപരിധിവരെ തടഞ്ഞുനിര്‍ത്താനാവുമെന്നാണ് വിലയിരുത്തല്‍. കേടായ കുഴല്‍ കിണറുകള്‍ ഉപയോഗപ്രദമാക്കണമെന്നാവശ്യപ്പെട്ടു നിരവധി പരാതികളാണ് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും എത്തികൊണ്ടിരിക്കുന്നത്. അതേസമയം ശക്തമായ വേനല്‍ മുന്നില്‍ കണ്ട് കുഴല്‍കിണറുകളുടെ അനിയന്ത്രിതമായ നിര്‍മാണവും തകൃതിയായി നടക്കുന്നുണ്ട്. മഴ ലഭ്യത കുറഞ്ഞതോടെ ജില്ലയില്‍ പല പ്രദേശങ്ങളിലും400 അടി താഴ്ചയിലാണ് കുഴല്‍ കിണറുകള്‍ കുഴിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളും ഇതുമൂലം ഉണ്ടാവാറുണ്ട്. ജില്ലയിലെ ഹോട്ടലുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കുഴല്‍ കിണറുകളിലെ വെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്.
കാഡ്മിയം, നിക്കല്‍, ലെഡ് ലോഹങ്ങളുടെ അംശം കൂടുതലുള്ള ഈ ഭൂഗര്‍ഭജലം നേരിട്ട് കുടിക്കുന്നത് ശരീരത്തിന്റെ ആന്തരാവയവങ്ങളെ ബാധിക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. പ്രതീക്ഷിച്ച മഴ ലഭിക്കാതായതോടെ അതിര്‍ത്തി പ്രദേശങ്ങളിലെ കര്‍ഷകരും നിയന്ത്രണങ്ങളില്ലാതെ കുഴല്‍ കിണര്‍ നിര്‍മിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."