ടൂറിസ്റ്റുകള്‍ക്ക് ഇനി പ്രത്യേക ഓട്ടോറിക്ഷകളില്‍ സഞ്ചരിക്കാം
കോഴിക്കോട്: നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളെയും വിദേശികളെയും വിവിധ കേന്ദ്രങ്ങളിലെത്തിക്കാന്‍ പ്രത്യേകതരം ഓട്ടോറിക്ഷകള്‍ വരുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ജി.പി.ആര്‍.എസ് സംവിധാനവും സി.സി.ടി.വി കാമറയുമടങ്ങിയ പ്രത്യേക ഓട്ടോറിക്ഷ സജ്ജമാക്കുന്നത്. ആദ്യഘട്ടമായി 10 ഓട്ടോറിക്ഷകളാണ് പ്രത്യേക സൗകര്യങ്ങളോടെ നിര്‍മിക്കുക.
ഇതിലേക്കായി പ്രത്യേകം പരിശീലനം ലഭിച്ച ഡ്രൈവര്‍മാരെയും നിയമിക്കും. ജില്ലയിലെ മുക്കിലും മൂലയിലുമുള്ള എല്ലാ വിനേദസഞ്ചാര മേഖലയിലേക്കും ഓട്ടോറിക്ഷയില്‍ വിനോദസഞ്ചാരികള്‍ക്ക് സവാരി നടത്താം. സ്വകാര്യകമ്പനികളുടെ പങ്കാളിത്തത്തോടെയാണ് പുതിയ പദ്ധതി ആരംഭിക്കുക.
ഇടുങ്ങിയ റോഡുകളിലൂടെയും സുഗമമായി യാത്ര ചെയ്യാമെന്ന ഓട്ടോറിക്ഷയുടെ പ്രത്യേകത കൂടി കണക്കിലെടുത്താണ് പുതിയ പദ്ധതി.
ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും നിശ്ചിത തുകയും തീരുമാനിക്കും. ഡ്രൈവര്‍മാര്‍ക്ക് പ്രാഥമിക ഭാഷാ പരിജ്ഞാനവും നല്‍കും. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കൃത്യമായ വിവരങ്ങളും മാപ്പും അടങ്ങിയ ബുക്ക്‌ലെറ്റും ഓട്ടോയിലുണ്ടാകും.
നിലവില്‍ കോഴിക്കോട്ടെത്തുന്ന വിനോദസഞ്ചാരികള്‍ ടൂറിസ്റ്റ് ടാക്‌സിയിലാണ് മിക്ക കേന്ദ്രങ്ങളിലേക്കും പോകുന്നത്. ഇതിനു വലിയ തുകയും ഈടാക്കാറുണ്ട്. പലപ്പോഴും പല പരാതികളും വിദേശികളായ വിനോദസഞ്ചാരികള്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കാറുണ്ട്.
ഈ സാഹചര്യത്തിലാണ് സവാരി ഓട്ടോ പദ്ധതിയുമായി ടൂറിസ്റ്റ് പ്രമോഷന്‍ കൗണ്‍സില്‍ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."