നവി എത്തി; ഇനി സ്‌കൂട്ടറില്‍ ഇരുന്ന് ബൈക്കോടിക്കാം!
പണ്ട് മഹീന്ദ്രയുടെ പിക്കപ്പ് ലോറി നാട്ടിലിറങ്ങിയപ്പോള്‍ ആളുകള്‍ അതിനെ വിളിച്ചിരുന്നൊരു പേരുണ്ട്. മൂന്ന് ചക്രമുള്ള ഗുഡ്‌സ് ഓട്ടോയേക്കാള്‍ വലിപ്പമുള്ള എന്നാല്‍ മിനിലോറിയുടെ അത്രതന്നെയില്ലാത്ത ഈ വാഹനത്തെ 'നായകുറുക്കന്‍' എന്നായിരുന്നു മലബാറിന്റെ ചില ഭാഗങ്ങളിലെങ്കിലും പറഞ്ഞിരുന്നത്. ഈ വിചിത്രമായ പേര് ഇപ്പോള്‍ പറയാനൊരു കാരണവുമുണ്ട്.
ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഈയിടെ കാണിച്ച ഒരു പണി കാരണം ഇത്തരമൊരു പേര് നമ്മളും കണ്ടെത്തേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. ബൈക്കെന്നും വിളിക്കാന്‍ പറ്റില്ല, സ്‌കൂട്ടറെന്ന് പറയാനുമാകില്ല. പിന്നെയെന്ത് പറയുമെന്ന് ചോദിച്ചാല്‍, കാര്യം കുഴഞ്ഞതുതന്നെ.
ഇതാണ് , ഹോണ്ട നവി. എച്ച്. എം. എസ്. ഐ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹോണ്ട മോട്ടോര്‍ സൈക്കിള്‍സ് ആന്റ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ ലിമിഡ് ഇവിടെ അവതരിപ്പിച്ച സ്‌കൂട്ടറും ബൈക്കുമല്ലാത്ത വിചിത്രവാഹനം.
ഒറ്റ നോട്ടത്തില്‍ നവി ഒരു മോട്ടോര്‍സൈക്കിള്‍ ആണെന്ന് കാണുന്നവര്‍ ധരിക്കും. ടെലസ്‌കോപ്പിക് ഫോര്‍ക്കും മുന്‍വശത്തെ ഹാന്റിലും പെട്രോള്‍ ടാങ്കുമെല്ലാം ഒരു ബൈക്കിന്റെ ലുക്കാണ് നല്‍കുന്നത്. ഹോണ്ട സി. ബി. എഫ് സ്റ്റണ്ണറിന്റെ ടെയില്‍ ലാപും അതിലേക്കെത്തുന്ന വിധത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന സൈഡ് പാനലുമെല്ലാം ഒരു ബൈക്കിന്റേത് തന്നെ.
പക്ഷേ, ഒന്നുകൂടി സൂക്ഷിച്ച് നോക്കിയാല്‍ സംഗതി കുഴയും. ഇനിയുള്ള ഭാഗങ്ങള്‍ ഒരു സാക്ഷാല്‍ സ്‌കൂട്ടറിന്റേത് തന്നെ. ആക്ടീവയില്‍ നിന്ന് കടംകൊണ്ട എഞ്ചിനും സ്‌കൂട്ടറിന്റേതുപോലുള്ള ടയറുകളും ആണ് നവിക്ക്. പിന്നെയും, നേരത്തേ പറഞ്ഞതുപോലെ ആ ഒരു പേര് തിരയേണ്ട അവസ്ഥയിലാകും നമ്മള്‍.
സ്‌കൂട്ടറും മോട്ടോര്‍ സൈക്കിളും സമന്വയിപ്പിച്ച് 1960 കളില്‍ തന്നെ മങ്കി എന്ന പേരില്‍ ഒരുവാഹനം ഹോണ്ട നിര്‍മിച്ചിരുന്നു.
മങ്കി ബൈക്ക് എന്നായിരുന്നു ഇവയെ വിളിച്ചിരുന്നത്. ഹോണ്ട ഗ്രോം എന്ന പേരില്‍ ഒരു മങ്കി ബൈക്ക് നിലവില്‍ സൗത്ത് ഈസ്റ്റ് ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലുംവരെ പ്രചാരത്തിലുണ്ട്. ആക്ടീവയില്‍ നിന്നാണ നവി രൂപമെടുത്തതെങ്കില്‍ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലുള്ള വേവ് എന്ന ഇരുചക്രവാഹനത്തില്‍ നിന്നാണ് ഗ്രോം രൂപമെടുത്തത്.
യുവതലമുറയെയാണ് ഹോണ്ട തങ്ങളുടെ നവിയിലൂടെ ലക്ഷ്യമിടുന്നത്. ഹെഡ്‌ലൈറ്റ് ഉള്‍പ്പെടെയുള്ള വാഹന ഡിസൈന്‍ ഇതിന് ഉതകുന്ന വിധത്തില്‍ ആണ്. ആക്ടീവയുടെ അതേ എഞ്ചിന്‍ ആണെങ്കിലും ട്യൂണിങില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പൂജ്യത്തില്‍ നിന്ന് 60 കി. മി വേഗതയെടുക്കാന്‍ ആക്ടീവ പത്ത് സെക്കന്‍ഡ് സമയം എടുത്തിരുന്നെങ്കില്‍ നവി ഒന്‍പതര സെക്കന്‍ഡുകൊണ്ട് ഈ വേഗത കൈവരിക്കും. ഇത് കാര്യമായൊരു മാറ്റമാണെന്ന് പറയാനാകില്ലെങ്കിലും ട്യൂണിങ്ങിലൂടെ ടോര്‍ക്ക് വര്‍ധിച്ച എഞ്ചിന്‍ നഗരതിരക്കില്‍ ഗുണം ചെയ്യും.
കയറിരുന്നാല്‍ ആക്ടീവയില്‍ ഇരിക്കുന്ന ഒരു പ്രതീതി നവി എവിടെയോ ജനിപ്പിക്കും. പക്ഷേ, കാലുകള്‍ വയ്ക്കാന്‍ സ്‌കൂട്ടറിലേതുപോലുള്ള ഫുട്‌ബോര്‍ഡ് ഇല്ലെന്നതും മുന്നിലുള്ള ടാങ്കുമാണ് വ്യത്യാസം. എന്നാല്‍ ഓടിത്തുടങ്ങിയാലാകട്ടെ ഒരു ബൈക്കിന്റെ സ്വഭാവവിശേഷങ്ങള്‍ ആണ് നവി പ്രകടിപ്പിക്കുന്നത്. ആക്ടീവയിലുള്ളതുപോലെ കോംബി ബ്രേക്കിങ് സംവിധാനം ഇല്ല. ഭാവിയില്‍ ഒരു ഡിസ്‌ക് ബ്രേക്ക് ഓപ്ഷന്‍ വരുമെന്നും കേള്‍ക്കുന്നുണ്ട്. സീറ്റിനടിയില്‍ കാര്യമായ സ്റ്റോറേജ് സ്‌പെയ്‌സ് നവിക്ക് ഇല്ല. ടാങ്കിനടിയിലെ ഒഴിഞ്ഞ ഫ്‌ളോര്‍ ബോര്‍ഡില്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമുണ്ട്.
ഇവിടെ ഘടിപ്പിക്കാന്‍ പാകത്തിലുള്ള ഒരു ബോക്‌സും ഭാവിയില്‍ ഹോണ്ട പുറത്തിറക്കുന്നുണ്ട്. 39,500 രൂപയാണ് നവിക്ക് ഡല്‍ഹിയില്‍ എക്‌സ് ഷോറൂം വില.
ഗിയര്‍ലെസ് ആണെങ്കിലും ആക്ടീവപോലെ ഒരു പ്രാക്ടിക്കല്‍ വാഹനമെന്ന് നവിയെ പറയാനാകില്ല. മികച്ച സസ്‌പെന്‍ഷനും കൂടുതല്‍ ടോര്‍ക്ക് ഉള്ള എഞ്ചിനുമായ് എത്തുന്ന നവി നഗരത്തിരക്കില്‍ ഊളിയിടാന്‍ ഏറെ സഹായകമാകുമെന്ന് ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."