പഠിക്കാന്‍ ക്ലാസ് മുറികളില്ല; വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പലിന്റെ മുറിക്കുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തികായംകുളം: പഠിക്കാന്‍ ക്ലാസ് മുറികളില്ല. ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പലിന്റെ മുറിക്കുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. കായംകുളം ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് ഈ ദുരവസ്ഥ. നാലു ബാച്ച് വീതമുള്ള പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലായി 420 കുട്ടികളാണ് പഠിക്കുന്നത്.
ഒരു ക്ലാസില്‍ 60 പേര്‍ വീതമാണ് നിലവിലുള്ളത്. ഇടിഞ്ഞുവീഴാറായ പഴയ കെട്ടിടത്തില്‍ എല്ലാവര്‍ക്കും കൂടി എട്ട് ക്ലാസ് മുറികള്‍ ഉണ്ടെങ്കിലും വൃത്തിയുള്ളത് ആകെ ഒരുമുറി മാത്രമാണ്. ബാക്കിയുള്ളവ എല്ലാം ചോര്‍ന്നൊലിച്ച് ജീര്‍ണ്ണിച്ചതും മരപ്പട്ടി, വവ്വാല്‍ തുടങ്ങയവയുടെ വിഹാര കേന്ദ്രങ്ങളാണ്. അഞ്ച് വര്‍ഷമായി അദ്ധ്യാപകര്‍ ഇവയുടെ ശല്യം സഹിച്ച് കഴിയുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഇതു സഹിക്കാന്‍ പറ്റാത്തതിനാല്‍ മുറികളിലുള്ള ബഞ്ചും തൂക്കി മരത്തണല്‍ തോറും നടക്കുന്നത് സ്ഥിരം കാഴ്ചയാണ്. സ്‌കൂള്‍ ഗ്രൗണ്ടിലുള്ള സ്റ്റേജ്, സമീപമുള്ള ഇരുമ്പ് ഷീറ്റിട്ട ഷെഡ് എന്നിവയാണ് ഇപ്പോള്‍ ക്ലാസ്മുറികളായി ഉപയോഗിക്കുന്നത്. ഒരേ സമയം കൂടുതല്‍ ക്ലാസുകള്‍ എടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ കുട്ടികള്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ കഥ പറഞ്ഞിരിക്കുന്നതും നിത്യ സംഭവമാണ്. സ്‌കൂളിന്റെ ഈ ദുരവസ്ഥ വര്‍ഷങ്ങളായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടികളൊന്നും ആയിട്ടില്ലെന്ന് പിടിഎ ഭാരവാഹികള്‍ പറഞ്ഞു. താല്‍ക്കാലികമായി അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗിക്കുവാന്‍ കഴിയുന്ന ക്ലാസ്മുറികള്‍ പോലും അടഞ്ഞുകിടക്കുകയാണ്. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഓടുമേഞ്ഞതും കാലഹരണപ്പെട്ടതുമായ കെട്ടിടങ്ങളിലാണ് ലാബ് ഉള്‍പ്പെടെയുള്ള ക്ലാസ്മുറികള്‍ പ്രവര്‍ത്തിക്കുന്നത്. കാലാകാലങ്ങലില്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതായി നഗരസഭ അവകാശപ്പെടുന്നുണ്ട്.
മികച്ച അദ്ധ്യാപകരും മിടുക്കരായ വിദ്യാര്‍ത്ഥികളും ഉള്ള ഈ സ്‌കൂളില്‍ ആധുനിക വിദ്യാഭ്യാസത്തിനുള്ള ഭൗതീക സൗകര്യങ്ങള്‍ ഒന്നുംതന്നെ ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇന്നലെ മരപ്പട്ടിയുടെ വിസര്‍ജ്യം വീണ് ക്ലാസ് മുറി മലീമസമായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ അദ്യാപകരോടും പ്രിന്‍സിപ്പാളിനോടും പരാതി പറഞ്ഞെങ്കിലും അവര്‍ നിസഹായാവസ്ഥ അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പാളിന്റെ ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് സമരം ചെയ്തു.
തങ്ങളുടെ ദുരവസ്ഥക്ക് അടിയന്തിരമായി പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പഠിപ്പുമുടക്കി സമരം നടത്തുമെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."