കായംകുളത്തെ ഗുണ്ടാസംഘത്തിന് സി.പി.എം സംരക്ഷണം; കോണ്‍ഗ്രസ് സത്യഗ്രഹം അഞ്ചിന്
ആലപ്പുഴ: കായംകുളത്ത് മദ്യമയക്കുമരുന്ന് സംഘങ്ങള്‍ക്കും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും സംരക്ഷണമൊരുക്കുന്ന സി.പി.എം നേതൃത്വത്തിന്റേയും പൊലിസിന്റേയും നടപടിയ്‌ക്കെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അഞ്ചിന് കായംകുളത്ത് കൂട്ടസത്യാഗ്രഹം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 9.30ന് ആരംഭിക്കുന്ന പരിപാടി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്യും. സമാപനയോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.സി വേണുഗോപാല്‍ എം.പി, ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാര്‍, നിയോജക മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ ഏകദിന സത്യാഗ്രഹത്തില്‍ പങ്കെടുക്കും.
ക്വട്ടേഷന്‍ സംഘങ്ങള്‍ വാഴുന്ന സ്ഥലമായി കായംകുളം മാറിയിരിക്കുകയാണെന്നത് വന്‍ അപകടത്തെയാണ് വിളിച്ചോതുന്നതെന്ന് ഷുക്കൂര്‍ പറഞ്ഞു. ഇവിടെ നടക്കുന്ന ആക്രമണങ്ങളിലെല്ലാം പൊലിസ് കാഴ്ചക്കാരാകുന്നു.
സി.പി.ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നത് സി.പി.എമ്മിന്റെ മുന്‍സിപ്പല്‍ ചെയര്‍മാനാണെന്ന് ഭരണകക്ഷിയായ സി.പി.ഐ തന്നെ ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞു.
പൊലിസ്-ഗുണ്ടാ കൂട്ടുകെട്ടിനെതിരെ സി.പി.ഐ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചും നടത്തി. ഭരണത്തിന്റെ ഏറാന്‍മൂളികളായി നില്‍ക്കുന്നതിനാല്‍ പൊലിസിനു പോലും ഗുണ്ടാസംഘങ്ങളുടെ ആക്രമണം നേരിടേണ്ടി വരുന്നു. പൊലിസിന് നേര്‍ക്ക് നടത്തുന്ന ആക്രമണങ്ങളിലും പ്രതികള്‍ സി.പി.എം ക്വട്ടേഷന്‍ സംഘങ്ങള്‍ തന്നെയാണ്.
കുടുംബങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ ഇവിടെ വന്നു ചേര്‍ന്നിരിക്കുന്നത്. എക്‌സൈസ് വ്യാജചാരയം പിടിച്ചാലുടന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നു. കായംകുളത്തെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെന്ന തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും പ്രതിഷേധം ശക്തമായിണ്ടുണ്ട്.
ക്വട്ടേഷന്‍ സംഘത്തെ വളര്‍ത്തി നാടിന്റെ സമാധാനം തല്ലിക്കെടുത്തുന്ന സി.പി.എം നേതൃത്വത്തിന്റെ നടപടിയ്‌ക്കെതിരെ ശക്തമായ താക്കീതായിരിക്കും ഈ പ്രതിഷേധമെന്ന് എ.എ ഷുക്കൂര്‍ പറഞ്ഞു. ഡി.സി.സി ട്രഷറര്‍ ടി സുബ്രഹ്മണ്യദാസും വാര്‍ത്താസമ്മളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."