പീരുമേടിന്റെ ഉറക്കം കെടുത്തി ജനവാസ മേഖലയില്‍ പുലി
പീരുമേട്: പീരുമേട്ടിലെ ജനവാസ മേഖലയില്‍ പുലിയുടെ സാന്നിദ്ധ്യം മൂലം നാട്ടുകാര്‍ ഭീതിയില്‍.
താലൂക്ക് ആസ്ഥാനമായ പീരുമേട് ടൗണിന്റെ വിവിധ മേഖലകളിലാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും പുലി എത്തിയത്. ഗവ: ഗസ്റ്റ് ഹൗസിന് സമീപം താമസിക്കുന്ന നടുവിത്തിലേഴത്ത് സെബാസ്റ്റ്യന്റെ പൂട്ടിയിട്ടിരുന്ന പട്ടിയെ ആക്രമിച്ചു.
നായയുടെ കഴുത്തില്‍ മുറിവും, സമീപത്ത് പുലിയുടെ കാല്‍പ്പാദങ്ങളുടെ അടയാളവും ലഭിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ പ്രീ മെട്രിക്ക് ഹോസ്റ്റലിന് സമീപം താമസിക്കുന്ന പാറക്കെട്ടില്‍ പ്രസന്നയുടെ വീട്ടിലെ നായയെയും പുലി ആക്രമിച്ചു. വനം വകുപ്പ് രണ്ട് സ്ഥലങ്ങളിലും പരിശോധന നടത്തി നിരീക്ഷണ കാമറ സ്ഥാപിച്ചു. കച്ചേരിക്കുന്ന് മേഖലയില്‍ കഴുത്തില്‍ മുറിവുമായി നടക്കുന്ന തെരുവ് നായ്ക്കള്‍ക്ക് പുലിയുടെ അക്രമണത്തില്‍ പരിക്കേറ്റതാണെന്ന് സംശയിക്കുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകള്‍ക്ക് സമീപം ജനവാസ മേഖലകളിലും തുടര്‍ച്ചയായി പുലിയുടെ സാന്നിദ്ധ്യം നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്.
കരണ്ടകപ്പാറ, കച്ചേരിക്കുന്ന മേഖലകളില്‍ നായ്ക്കള്‍ ഭീതിയോടെ നിര്‍ത്താതെ കുരക്കുന്നതായും സ്ഥലവാസികള്‍ പറഞ്ഞു. കച്ചേരിക്കുന്നില്‍ താമസിക്കുന്ന ജോളിയുടെ രണ്ട് നായ്ക്കള്‍ കഴിഞ്ഞ ദിവസം അപ്രത്യക്ഷമായിരുന്നു.
ഇവിടെയും പുലിയുടെ കാല്‍പ്പാടുകള്‍ വനം വകുപ്പ് അധികൃതര്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."