HOME
DETAILS

മഞ്ഞു പുതപ്പിനുള്ളിലെ തലക്കാവേരി

  
backup
November 03 2016 | 15:11 PM

travelogue-thalakaveri-kudak

 


ഡാ... ഞാന്‍ ചൂടു ദോശയും കടലക്കറിയും ചായയും കഴിച്ചിട്ടാ ഇറങ്ങിയത്. നീ വല്ലതും കഴിച്ചാ..?? ഇല്ല. അമര്‍ന്ന സ്വരത്തില്‍ അവനതു പറഞ്ഞപ്പോ ഞാന്‍ പറഞ്ഞു.. ഓ... ഇനി വഴി നീളെ എനിക്കു വെശക്കുന്നേ എനിക്കു വെശക്കുന്നേ എന്നു പറയുയല്ലോ... ഞാന്‍ അന്തവും കുന്തവും ഇല്ലാതെ പുറകിലിരുന്ന് ഓരോന്നു പറയുമ്പോഴും രാജേഷിന്റെ ബൈക്കിന്റെ ഹാന്‍ഡില്‍ നേരെ തലക്കാവേരിക്കായിരുന്നു.

പണ്ടുമുതലേ കേട്ടുതുടങ്ങിയ പേരാണ്. ഇന്ന് അതിന് ഏറെ പ്രശസ്തിയാര്‍ജ്ജിച്ചു. കശ്മീറിനായി യുദ്ധം ചെയ്യുന്ന പാകിസ്താന് ഇല്ല എന്ന ഒറ്റ മറുപടിയേ ഇന്ത്യക്കുള്ളൂ. എന്നാല്‍ കാവേരിക്കായി അടികൂടുന്ന തമിഴ്‌നാടിനോട് ഇല്ല എന്നു കര്‍ണാടക പറഞ്ഞാലും സുപ്രിം കോടതി അതു ശരിവച്ചു തരില്ല.

 

8

കാവേരി ഉത്ഭവിക്കുന്നത് കര്‍ണാടകയില്‍ നിന്നാണെങ്കിലും സ്വന്തമാക്കാന്‍ മോഹിക്കേണ്ടെന്ന് തമിഴ്‌നാടും വാദിച്ചു. ആ ഒരു കാവേരിക്കായി അടിയും തീവയ്പും ഹര്‍ത്താലുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞിട്ട് അധികമായില്ല. ഒരുമാസത്തിനിപ്പുറം പ്രശ്‌നങ്ങളൊക്കെ കെട്ടടങ്ങിയിട്ടായിരുന്നു ഞങ്ങളുടെ യാത്ര. വിജയദശമി അവധിയായതിനാല്‍ റോഡിലൊന്നും അധികം വാഹനങ്ങളില്ല.

ബൈക്ക് നടുവിലില്‍ നിന്ന് ഇരിട്ടിയെത്തിയപ്പോള്‍ ഒരു ഹോട്ടലിനരികില്‍ നിര്‍ത്തി അവന്റെ വയറു നിറച്ചു കൊടുത്തു. അതിന്റെ സന്തോഷം ഇരിട്ടിയില്‍ നിന്നു വിരാജ്‌പേട്ടയ്ക്കു തിരിക്കുമ്പോള്‍ അവന്റെ മുഖത്തുണ്ടായിരുന്നു. തലശ്ശേരികൂര്‍ഗ് ഹൈവേ റോഡിലൂടെയാണ് യാത്ര. കൂട്ടുപുഴ ചെക്‌പോസ്റ്റ് കഴിഞ്ഞാല്‍ കുറച്ചു ദൂരം കാട്ടിലൂടെയാണ് യാത്ര. വളവും തിരിവും ഒരുപാടുണ്ട്. റോഡും മോശമാണ്.

 

6

പ്രഭാതത്തിന്റെ തണുപ്പും ഇളം വെയിലുമേറ്റ് കാടിലൂടെ പ്രകൃതിയെ അറിഞ്ഞുള്ള യാത്ര ഒരു അനുഭവം തന്നെയാണ്. ഇരിട്ടിയില്‍ നിന്ന് വിരാജ്‌പേട്ടക്ക് 40 കിലോമീറ്ററാണു ദൂരം. കുടക് ജില്ലയില്‍പെടുന്നതാണ് വിരാജ്‌പേട്ട. ഏഷ്യയിലെ തന്നെ ഏറ്റവും അധികം തേന്‍ ഉത്പാദിപ്പിക്കുന്ന സ്ഥലം. ആ ചെറിയ ടൗണ്‍ വട്ടം ചുറ്റി ഞങ്ങള്‍ വിരാജ്‌പേട്ടതലക്കാവേരി റോഡില്‍ കയറി. വഴി നീളെ കാപ്പിത്തോട്ടങ്ങളായിരുന്നു. ഇടയ്ക്കിടക്കായി ചെറിയ കവലകള്‍. പൊദ്ദമണി, കൊക്കേരി, നെലാഞ്ചി അങ്ങനെ പോകുന്നു.

 

1

ഇത്തവണത്തെ യാത്രക്ക് പ്രതീക്ഷിക്കാതെ ഒരതിഥിയെത്തി. അതും വില്ലനായിട്ട്. നെലാഞ്ചി കഴിഞ്ഞപ്പൊത്തന്നെ പ്രകൃതി അതിന്റെ ലക്ഷണം കാണിച്ചുതുടങ്ങി. തണുത്ത കാറ്റും ആകെ മൂടിക്കെട്ടിയ കാലാവസ്ഥ. ഉടനെയെത്തി ചാറ്റല്‍ മഴ. ദൈവമേ എന്നു വിളിക്കേണ്ടി വന്നു. കാരണം ഞങ്ങളുടെ രണ്ടുപേരുടെ കൈയിലും മഴക്കോട്ടുണ്ടായിരുന്നില്ല.

കേരളത്തിലെ കാലാവസ്ഥ കണ്ട് ഇറങ്ങിയ ഞങ്ങള്‍ക്ക് കര്‍ണാടകയില്‍ മഴ പണി തന്നു. വഴിയിലുടനീളം കണ്ട മറ്റൊരു സംഗതി മുക്കിനു മുക്കിനു ബസ് കാത്തിരിപ്പുകേന്ദ്രങ്ങളായിരുന്നു. അതുകൊണ്ട് മഴയുടെ ശക്തി കുറയുന്നതു വരെ അല്‍പനേരം അടുത്തു കണ്ട ഒന്നില്‍ കയറി നിന്നു. യാത്ര തുടര്‍ന്നപ്പോള്‍ ചാറ്റല്‍ മഴയുണ്ടായിരുന്നു.

വഴിയരികില്‍ ദിശാബോര്‍ഡുകളില്‍ അധികവും കണ്ടത് ബാഗമണ്ഡല എന്ന പേരായിരുന്നു. കണ്ടതിലും അപേക്ഷിച്ച് കുറച്ചു കൂടി വലിയൊരു കവല ആയിരിക്കും എന്നാണു കരുതിയത്. എത്തിയപ്പോള്‍ പക്ഷേ ആ ധാരണ മാറി. അതൊരു തീര്‍ഥാടന കേന്ദ്രമായിരുന്നു.

ബാഗമണ്ഡേശ്വര അമ്പലവും ത്രിവേണി സംഗമവും

തലക്കാവേരിയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന തീര്‍ഥാടന കേന്ദ്രം. ഏറെ പുണ്യവുമായി തൊട്ടരികെ സുജ്യോതി, കന്നികെ, കാവേരി നദികള്‍ ചേരുന്ന ത്രിവേണി സംഗമവും. വിശേഷ ദിവസമായതുകൊണ്ടാവാം നിരവധി ഭക്തര്‍ ആ നദിക്കരയില്‍ വിശ്വാസത്തോടെ ബലിതര്‍പ്പണം നടത്തുന്നുണ്ടായിരുന്നു. ശിവ, സുബ്രഹ്മണ്യ, മഹാവിഷ്ണു പ്രതിഷ്ഠകളുള്ള ഭാഗമണ്ഡേശ്വര അമ്പലം ആയിരം വര്‍ഷം പഴക്കമുള്ളതാണെന്നാണു വിശ്വാസം. കേരളീയ രീതിയിലാണ് അമ്പലത്തിന്റെ നിര്‍മിതി. അമ്പലത്തില്‍ കയറി തൊഴുതിറങ്ങിയപ്പോഴും ചാറ്റല്‍ മഴയ്ക്കു കുറവുണ്ടായിരുന്നില്ല.

 

4

തുടര്‍ന്നങ്ങോട്ടുള്ള ഏഴു കിലോമീറ്റര്‍ കയറ്റവും കൊടും വളവും നിറഞ്ഞതായിരുന്നു. അതുവരെയുണ്ടായിരുന്ന സ്ഥിതിയൊക്കെ മാറി. റോഡില്‍ അങ്ങോട്ടും ഇങ്ങോട്ടുമായി നിരവധി വാഹനങ്ങളുണ്ടായിരുന്നു. എല്ലാം തലക്കാവേരിയിലേക്കും അവിടുന്നു തിരിച്ചും വരുന്നവ. ചാറ്റല്‍ മഴയോടൊപ്പം കോടമഞ്ഞും ഇറങ്ങിയതോടെ തണുപ്പു ശരിക്കും കൂടി.

സുഗന്ധവ്യഞ്ജനങ്ങള്‍ക്കു മാത്രമായി വഴിനീളെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒരുപാടുണ്ടായിരുന്നു. ഒതുക്കത്തിലൊന്നു കണ്ടപ്പോള്‍ എന്താണു സംഗതിയെന്നറിയാല്‍ ഞങ്ങള്‍ ഒന്നില്‍ കയറിനോക്കി. വിവിധയിനത്തിലുള്ള ചായപ്പൊടി, ഏലം, ചോക്ലേറ്റ്, കാപ്പിപ്പൊടി അങ്ങനെ മറ്റു പലതുമായയിരുന്നു അതില്‍. ഇഷ്ടമുള്ളതു കയറിയെടുക്കാം. കൗണ്ടറില്‍ കാശു കൊടുക്കാന്‍ മറക്കരുത്.

ലക്ഷ്യപ്രാപ്തി... തലക്കാവേരി

പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നു തലക്കാവേരിയുടെ സൗന്ദര്യം. അമ്പലത്തില്‍ റോഡ് അവസാനിക്കുന്നു. അതിനപ്പുറം ബ്രഹ്മഗിരി മലനിരകളാണ്. മഞ്ഞില്‍ പുതഞ്ഞ അമ്പലവും അവിടുത്തെ കാഴ്ചകളും വേറൊരു ലോകത്തെത്തിയ പ്രതീതി ഉളവാക്കി.

 

2

വിജയദശമി ദിനമായതിനാലാവാം, അമ്പലത്തിലെ തിരക്ക് അത്രക്കുണ്ടായിരുന്നു. തലക്കാവേരി അമ്പലത്തില്‍ നമ്മെ സ്വാഗതം ചെയ്യുന്നത് വലിയൊരു കവാടമാണ്. അതു കടന്നു ഞങ്ങള്‍ കയറിച്ചെന്നത് വലിയൊരു ക്യൂവിലേക്കായിരുന്നു. എന്താണെന്നു നോക്കാനൊന്നും നിന്നില്ല. പെട്ടെന്നു അതിനിടയില്‍ കയറിനിന്നു. വലുതെന്ന് ആദ്യം തോന്നിയെങ്കിലും തിരക്കു പെട്ടെന്നു കുറഞ്ഞു.

മുന്നിലെത്തിയപ്പോള്‍ ഒരു യാത്രയുടെ പൂര്‍ത്തീകരണമായി തോന്നി. അവിടെ മന്ത്രോച്ഛാരണങ്ങളോടെ പൂജാരിമാര്‍ തലക്കാവേരിയെ പൂജിക്കുന്നുണ്ടായിരുന്നു. ഒരാള്‍ പൊക്കമില്ലാത്ത ഒരു ചെറിയ കുളം. അതിനപ്പുറത്ത് കാവേരി നദി ഉറവയായി വരുന്നത് ചെറിയൊരു തട്ടു കെട്ടി തിരിച്ചിരിക്കുന്നു. ചിലര്‍ കുളത്തിലൂടെ നടന്ന് അവിടെയെത്തുന്നു.

 

5

മറ്റുള്ളവര്‍ അരികിലൂടെ നടന്നും. എല്ലാവര്‍ക്കും പൂജാരിമാരുടെ വക കാവേരിയുടെ പുണ്യതീര്‍ഥം ലഭിക്കും. പ്രാര്‍ഥനയോടെ ഒരോരുത്തരായി കാവേരിയെ വണങ്ങി കടന്നു പോകുന്നു. അതിനു മുകളിലായി കാവേരി മാത, അഗസ്ത്യമുനി, ഗണപതി എന്നിവരെ ആരാധിക്കുന്ന അമ്പലങ്ങളുമുണ്ട്.

കാഴ്ചകള്‍ മതിവരുവോളം ആസ്വദിച്ച് അമ്പലത്തിന്റെ പടികളിറങ്ങി ബൈക്ക് ഇരമ്പിച്ചപ്പോള്‍ കേട്ടത് അടുത്ത യാത്രയുടെ വിളിയായിരുന്നു. ഒപ്പം ഒരു നല്ല യാത്രയുടെ ഓര്‍മകളും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago
No Image

'ഞാന്‍ നിങ്ങളെ കാണാന്‍ വന്നത് മൂത്ത സഹോദരിയായിട്ടാണ്',ഡോക്ടര്‍മാരുടെ സമരപ്പന്തലിലെത്തി മമത; പിന്‍മാറാന്‍ അഭ്യര്‍ഥന

National
  •  3 months ago
No Image

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

Kerala
  •  3 months ago