ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്ററുടെ വക മോദിക്ക് ജേണലിസം ക്ലാസ്
ന്യൂഡല്‍ഹി: രാംനാഥ് ഗോയങ്ക അവാര്‍ഡ് തെല്ലൊന്നുമല്ല, മോദിയെ അസ്വസ്ഥമാക്കിയിരിക്കുക. മുഖ്യ അവാര്‍ഡ് വാങ്ങാനെത്തേണ്ടിയിരുന്ന ടൈംസ് ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അക്ഷയ് മുകുള്‍ ചടങ്ങ് ബഹിഷ്‌കരിച്ചതാണ് ഒന്നാമത്തെ കാര്യം. അത് ഇന്നലെയായിരുന്നുവെങ്കില്‍ ഇന്നത്തെ കാര്യം അതിലും കഷ്ടമാണ്.
ഇന്ത്യന്‍ എക്‌സ്പ്രസ് സ്ഥാപകന്‍ രാംനാഥ് ഗോയങ്കയുടെ പേരില്‍ നല്‍കുന്ന രാജ്യത്തെ ഉന്നത മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യമായി എത്തി. അടിയന്തരാവസ്ഥാ കാലത്ത് ഭരണകൂടത്തിനെതിരെ ഗോയങ്ക ശബ്ദിച്ചതിനെ പൊക്കിപ്പറഞ്ഞാണ് മോദി പ്രസംഗിച്ചത്. ചടങ്ങില്‍ നന്ദി പറയാന്‍ എഴുന്നേറ്റ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ ഇന്‍ ചീഫ് രാജ് കമാല്‍ ജാ മോദിയെ ശരിക്കും ഇരുത്തിപ്പൊരിക്കുകയായിരുന്നു.
വെറും നന്ദി വാക്കുകള്‍ക്കപ്പുറം, പ്രധാനമന്ത്രിയുടെ നിലപാടുകളെ കടുത്ത വാക്കുകള്‍ കൊണ്ടു തന്നെ വിമര്‍ശിക്കാന്‍ രാജ് കമാല്‍ ധൈര്യം കാണിച്ചു. അഞ്ചു വാക്യങ്ങള്‍ കൊണ്ട് മോദിക്കൊരു ജേണലിസം ക്ലാസ് തന്നെ രാജ് കമാല്‍ ജാ എടുത്തുകൊടുത്തു.
മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് മോദി പറഞ്ഞ അല്‍ഭുതമായ കാര്യങ്ങള്‍ തങ്ങളെ പേടിപ്പെടുത്തുന്നുവെന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്.
'താങ്കള്‍ക്ക് വിക്കിപീഡിയയില്‍ ഇത് കാണാനാവില്ലായിരിക്കാം, എന്നാല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്റര്‍ എന്ന നിലയ്ക്ക് എനിക്കൊരു സത്യം പറയാനാവും. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി ''ആപ്കാ റിപ്പോര്‍ട്ടര്‍ ബഹുത് അച്ചാ കാം കര്‍ രഹാ ഹേ'' എന്ന് ഒരു പത്രക്കാരനെ പുകഴ്ത്തിയപ്പോള്‍ അക്കാരണത്താല്‍ അയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയയാണ് രാംനാഥ് ഗോയങ്ക.'
'പ്രത്യേകിച്ചും ഈ കാലഘട്ടത്തില്‍ ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഞാന്‍ ഈ വര്‍ഷം 50 തികയ്ക്കുകയാണ്. അതുകൊണ്ടു തന്നെ എനിക്കു പറയാനാവും, റീട്വീറ്റും ലൈക്ക്‌സും വാങ്ങിക്കൂട്ടി ഒരുകൂട്ടം പത്രപ്രവര്‍ത്തക തലമുറം വളരുന്നുണ്ടെന്ന്. സര്‍ക്കാരില്‍ നിന്നുള്ള വിമര്‍ശനം പത്രപ്രവര്‍ത്തകനുള്ള വിമര്‍ശനമാണെന്ന് അവര്‍ അറിയുന്നില്ല'
'ഈ സെല്‍ഫി ജേണലിസത്തില്‍ നിങ്ങള്‍ക്ക് സത്യം കണ്ടെത്താനാവുന്നില്ലെങ്കില്‍ അതു കാര്യമാക്കേണ്ട. ഫ്രെയിമില്‍ ഒരു പതാക കൊണ്ടുവന്ന് അതിനു പിന്നില്‍ ഒളിച്ചാല്‍ മതി'
'നല്ല പത്രപ്രവര്‍ത്തനമെന്നാല്‍ റിപ്പോര്‍ട്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും എഡിറ്റര്‍മാര്‍ എഡിറ്റ് ചെയ്യുന്നതുമാണ്. അല്ലാതെ, സെല്‍ഫി പത്രപ്രവര്‍ത്തകര്‍ ചെയ്യുന്നതല്ല'
'നല്ല പത്രപ്രവര്‍ത്തനം മരിക്കുന്നില്ല, ചീത്ത പത്രപ്രവര്‍ത്തനത്തിന്റെ ശബ്ദ കോലാഹലത്തില്‍ അത് മുങ്ങിപ്പോവുകയാണ് ചെയ്യുന്നത്'
വളച്ചുകെട്ടില്ലാതെ എല്ലാം കടുത്തഭാഷയില്‍ തന്നെ രാജ് കമാല്‍ ജാ പറയുമ്പോള്‍ മോദിയുടെ മുഖം വിറളിയിരുന്നു. അധികാരമേറ്റതു മുതല്‍ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ കൂട്ടാക്കാത്ത മോദിക്ക് രാജ്യത്തെ മാധ്യമപ്രവര്‍ത്തകരുടെ പ്രതികരണമാണ് രാജ് കമാല്‍ ജായിലൂടെ പുറത്തുവന്നത്.
അക്ഷയ് മുകുള്‍ അവാർഡ് ബഹിഷ്കരിച്ചതെന്തിന്, വായിക്കാം...
വീഡിയോ കാണാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."