പൊലിസ് കംപ്ലയിന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നു
പത്തനംതിട്ട: പൊലിസ് സേനയെ ശുദ്ധീകരിക്കാന്‍ രൂപീകരിച്ച സംസ്ഥാനത്തെ പൊലിസ് കംപ്ലയിന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതായി സൂചന. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമുള്ള അതോറിറ്റികളുടെ പ്രവര്‍ത്തനം അട്ടിമറിക്കുന്നത് പൊലിസിലെ ഉന്നതര്‍ തന്നെയാണെന്നാണ് അതോറിറ്റിയിലെ ഉന്നതവൃത്തങ്ങള്‍ പറയുന്നത്.
2011 ലെ പൊലിസ് ആക്ടിലാണ് കംപ്ലയിന്റ് അതോറിറ്റികള്‍ വിഭാവനം ചെയ്തത്. പൊലിസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ പൊതുജനങ്ങളില്‍ നിന്നും മറ്റും നിരന്തരം പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അതോറിറ്റികള്‍ രൂപീകരിച്ചത്. എന്നാല്‍ നിലവില്‍വന്ന് അഞ്ചു വര്‍ഷമായിട്ടും ഇതിന്റെ പ്രവര്‍ത്തനം കടലാസില്‍ മാത്രം ഒതുങ്ങുകയാണ്. കേരളത്തില്‍ ഏതൊക്കെ ജില്ലകളില്‍ അതോറ്റികള്‍ പ്രവര്‍ത്തിക്കുന്നു, പരാതികളില്‍ന്മേല്‍ സംസ്ഥാന അതോറിറ്റി ശിക്ഷണ നടപടികള്‍ക്ക് ശുപാര്‍ശ നല്‍കിയ കേസുകളില്‍ പൊലിസ് വകുപ്പ് എന്തു നടപടി സ്വീകരിച്ചു തുടങ്ങിയ ഒരു വിവരം സംബന്ധിച്ചും സംസ്ഥാന പൊലിസ് കംപ്ലയിന്റ് അതോറിറ്റിക്ക് വ്യക്തതയില്ല.
പരാതികളിന്മേലുള്ള അതോറിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പൊലിസ് വകുപ്പിന് ബാധ്യത ഉണ്ടെന്നാണ് നിയമം. എന്നാല്‍ ഇതു സംബന്ധിച്ചുള്ള അജ്ഞത മൂലം നടപടി സ്വീകരിക്കാന്‍ പൊലിസ് തയാറാകുന്നില്ല. നിലവിലുള്ള നിയമം അനുസരിച്ച് അതോറിറ്റിയുടെ അധികാരങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കപ്പെടാത്തതും പൊലിസിന്റെ അവഗണനയ്ക്കു കാരണമാണ്. ഈയിടെ നടന്ന തിരുവനന്തപുരം പാറശാല സ്വദേശി രാജീവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച് സംസ്ഥാന പൊലിസ്് കംപ്ലയിന്റ് അതോറിറ്റി നല്‍കിയ ഉത്തരവ് ഡി.ജി.പി നിരസിച്ചതാണ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. കൂടാതെ ജില്ലാ അതോറിറ്റികളിലെ ഒരംഗം സിറ്റിംഗില്‍ ഹാജരാകാതെ വന്നാല്‍ പകരക്കാരെ നിയമിക്കുന്നതിനും നിയമത്തില്‍ വ്യവസ്ഥയില്ല.
റിട്ട. ജില്ലാ ജഡ്ജി, ജില്ലാ പൊലിസ് മേധാവി, ജില്ലാ കലക്ടര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് ജില്ലാതല അതോറിറ്റി. എന്നാല്‍ പരാതികളിന്മേല്‍ ജില്ലാ അതോറിറ്റി സിറ്റിംഗ് നടത്തുമ്പോള്‍ പലപ്പോഴും ജില്ലാ പൊലിസ് മേധാവികള്‍ ഹാജരാകാറില്ല. അതിനാല്‍തന്നെ ആരോപണവിധേയനായ പൊലിസ് ഉദ്യോഗസ്ഥനും സിറ്റിംഗില്‍ പങ്കെടുക്കാറില്ല. ഇതുമൂലം സേനയിലെ കുറ്റവാളികള്‍ ആരൊക്കെയെന്ന് അറിയാന്‍ കഴിയാത്ത സ്ഥിതിയാണ് അതോറിറ്റിക്കുള്ളത്. കൂടാതെ നേരത്തേ ശിക്ഷണ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യപ്പെട്ടവര്‍ വീണ്ടും പരാതികളില്‍പ്പെടുന്നതും ബന്ധപ്പെട്ടവര്‍ അറിയാതെ പോകുന്നു.
അതേസമയം ജീവനക്കാരുടെ അഭാവമാണ് ജില്ലാതല അതോറിറ്റികളുടെ സുഗമമായ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുന്നത് എന്നാണ് പൊലിസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."