ഏക സിവില്‍കോഡിനെതിരേ ഒപ്പുശേഖരണം ഇന്ന്
ചേളാരി: ഇന്ത്യയില്‍ ഏകീകൃത സിവില്‍ നിയമം കൊണ്ടുവരാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് നടത്തുന്ന കാംപയിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രഖ്യാപിച്ച ഒപ്പുശേഖരണം ഇന്ന് സംസ്ഥാന വ്യാപകമായി നടക്കും.
പള്ളികള്‍ കേന്ദ്രീകരിച്ച് പ്രത്യേകം കൗണ്ടര്‍ സ്ഥാപിച്ചും ഗൃഹസന്ദര്‍ശനം നടത്തിയും പൊതുജനങ്ങളില്‍ നിന്ന് പരമാവധി ഒപ്പുകള്‍ സമാഹരിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഴുവന്‍ കീഴ്ഘടകങ്ങളും മഹല്ല് കമ്മിറ്റി ഭാരവാഹികളും പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാരും, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരും അഭ്യര്‍ഥിച്ചു.
പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ നിര്‍ദ്ദേശമനുസരിച്ച് പുരുഷന്മാരുടെയും സ്ത്രീകളുടെയും ഒപ്പുകള്‍ വെവ്വേറെ ഫോറങ്ങളില്‍ ശേഖരിക്കേണ്ടതും ഇവ കമ്പ്യൂട്ടറില്‍ സ്‌കാന്‍ ചെയ്തിന്റെ കോപ്പികള്‍ രാഷ്ട്രപതിയുടെ സെക്രട്ടറി, ([email protected]) ലോ കമ്മിഷന്‍,([email protected]) ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ([email protected]) എന്നീ ഇ മെയിലുകളിലേക്ക് അയക്കേണ്ടതാണ്. സ്ത്രീകളുടെ ഒപ്പുകളുടെ ഒരു കോപ്പി നാഷണല്‍ വുമന്‍സ് കമ്മിഷന്റെ ഇ മെയിലി ([email protected])ലേക്ക് കൂടി അയക്കേണ്ടതാണ്. ഒപ്പു ശേഖരണത്തിനുള്ള ഫോറം www.samtsaha.info, www.skjmcc.com, www.skssf.in എന്നീ സൈറ്റുകളില്‍ നിന്നും ലഭിക്കും.
ശേഖരിച്ച ഒപ്പുകള്‍ താഴെ പറയുന്ന വിധം ജില്ലാ കേന്ദ്രങ്ങളില്‍ എത്തിക്കേണ്ടതാണ്. ജില്ലാ കേന്ദ്രങ്ങള്‍: തിരുവനന്തപുരം: സമസ്ത ജൂബിലി സൗധം-മേലെ തമ്പാനൂര്‍-തിരുവനന്തപുരം, കൊല്ലം: ഇര്‍ഷാദിയ ഓര്‍ഫനേജ് പള്ളിമുക്ക്-കൊല്ലം, ഇടുക്കി: സമസ്ത ജില്ലാ കാര്യാലയം-തൊടുപുഴ, ആലപ്പുഴ:വലിയകുളം ജുമാമസ്ജിദ്-ആലപ്പുഴ, കോട്ടയം: സുപ്രഭാതം ബ്യൂറോ ഓഫിസ് - കോട്ടയം, പത്തനംതിട്ട: സമസ്ത ജില്ലാ കാര്യാലയം എന്‍.കെ.ആര്‍.ബില്‍ഡിങ്-പത്തനംതിട്ട, എറണാകുളം: ആലുവ സെന്‍ട്രല്‍ ജുമാമസ്ജിദ് -ആലുവ, തൃശൂര്‍ : എം.ഐ.സി. മസ്ജിദ്, ശക്തന്‍ നഗര്‍-തൃശൂര്‍, പാലക്കാട്: സമസ്ത കാര്യാലയം- ചെര്‍പ്പുളശ്ശേരി, മലപ്പുറം : സുന്നി മഹല്‍ ഡൗണ്‍ഹില്‍-മലപ്പുറം, സമസ്താലയം- ചേളാരി, കോഴിക്കോട് : ഇസ്‌ലാമിക് സെന്റര്‍, റെയില്‍വേ ലിങ്ക് റോഡ് - കോഴിക്കോട്, വയനാട് : സമസ്ത ഓഫിസ് -കല്‍പ്പറ്റ, കണ്ണൂര്‍: ഇസ്‌ലാമിക് സെന്റര്‍ - കണ്ണൂര്‍, കാസര്‍കോട് : തളങ്കര മാലിക്ദീനാര്‍ ജുമാമസ്ജിദ്, ഖാസി ഓഫിസ്-കാസര്‍കോട്.
വിജയിപ്പിക്കുക: മുസ്‌ലിം ലീഗ്
കോഴിക്കോട്: ഇസ്‌ലാമിക ശരീഅത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് രാജ്യ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന ഒപ്പു ശേഖരണം വന്‍വിജയമാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അഭ്യര്‍ഥിച്ചു.
കര്‍മരംഗത്തിറങ്ങുക:
എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ ആള്‍ ഇന്ത്യാ മുസ്‌ലിം ലോബോര്‍ഡ് നടത്തുന്ന കാംപയിനിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കോ ഓഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ഒപ്പ് ശേഖരണം വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. ഇന്ന് ജുമുഅക്ക് ശേഷം പള്ളികള്‍ക്ക് മുന്നില്‍ പ്രത്യേകം കൗണ്ടറുകള്‍ തയാറാക്കി ഒപ്പ് ശേഖരണത്തിന് ശാഖാ കമ്മിറ്റികള്‍ മുന്‍കൈയെടുക്കണമെന്നും അവര്‍ പറഞ്ഞു.
പ്രക്ഷോഭപരിപാടികള്‍ വിജയിപ്പിക്കുക:
ജംഇയ്യത്തുല്‍ മുഫത്തിശീന്‍
ചേളാരി: ഏകീകൃത സിവില്‍ നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരേയുള്ള പ്രക്ഷോഭപരിപാടികള്‍ വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ യോഗം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുത്വലാഖിന്റെ പേരില്‍ ഇസ്‌ലാമിക ശരീഅത്തില്‍ ഭേദഗതി വരുത്തണമെന്ന ചില തല്‍പര കക്ഷികളുടെ നിലപാടില്‍ യോഗം ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആഹ്വാനപ്രകാരം ഇന്ന് മലപ്പുറത്ത് നടക്കുന്ന ശരീഅത്ത് സംരക്ഷണ സമ്മേളനം വിജയിപ്പിക്കാനും ഏക സിവില്‍കോഡിനെതിരേയുള്ള ഒപ്പ് ശേഖരണത്തില്‍ പങ്കാളികളാകാനും യോഗം ആഹ്വാനം ചെയ്തു.
ടി.കെ മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പുത്തലം അബ്ദുറസാഖ് മുസ്‌ലിയാര്‍, കെ.സി. അഹ്മദ് കുട്ടി മുസ്‌ലിയാര്‍, എം.എ ചേളാരി, അഹ്മദ് തെര്‍ളായി പ്രസംഗിച്ചു. കെ.എച്ച്. കോട്ടപ്പുഴ സ്വാഗതവും വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."