വാളയാറില്‍ ചരക്കു നീ ക്കം സുഗമമെന്ന് വാണിജ്യ നികുതി വകുപ്പ്
തിരുവനന്തപുരം: വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ചരക്കു നീക്കം തടസ്സപ്പെടുന്നതായും ഗതാഗത കുരുക്ക് രൂക്ഷമാണെന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ ശരിയല്ലെന്നു വാണിജ്യ നികുതി വകുപ്പ്. വാളയാര്‍ ഇന്‍ ചെക്ക്‌പോസ്റ്റില്‍ ജീവനക്കാരുടെ കുറവു മൂലം അതിരൂക്ഷമായ ഗതാഗതകുരുക്കും വാഹനങ്ങള്‍ കടന്ന് പോകുന്നതിന് കാലതാമസം നേരിടുന്നതുമായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അധികൃതര്‍.
ഒക്ടോബര്‍ 21 അര്‍ദ്ധരാത്രി മുതല്‍ 30-ാം തീയതി അര്‍ദ്ധരാത്രി വരെ ചെക്ക്‌പോസ്റ്റിലൂടെ 12,105 വാഹനങ്ങള്‍ വിവിധ കൗണ്ടറുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കടന്നുപോയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10,537 വാഹനങ്ങളാണ് ചെക്ക്‌പോസ്റ്റിലൂടെ കടന്നുപോയത്. ഇത് പ്രകാരം ചരക്ക് വാഹനങ്ങളുടെ നീക്കത്തില്‍ 20ശതമാനം വര്‍ധനവ് ഉണ്ടായതായി കാണാന്‍ കഴിയും. ഈ കാലയളവില്‍ ഒരു ചരക്ക് വാഹനം ചെക്ക്‌പോസ്റ്റ് കടന്നു പോകുന്നതിന് ഒരു മിനിട്ട് പതിനെട്ട് സെക്കന്റ് മാത്രമാണ് എടുത്തിട്ടുള്ളതെന്ന് കണക്കുകളില്‍ നിന്നും വ്യക്തമാണെന്നും അധികൃതര്‍ അറിയിച്ചു.
ദീപാവലി ആഘോഷവേളയില്‍ വാഹനങ്ങള്‍ കടന്നുപോകുന്നതിന് യാതൊരു തടസവും നേരിട്ടിട്ടില്ലെന്നും ഈ ദിവസങ്ങളില്‍ ഇന്‍ ചെക്ക്‌പോസ്റ്റില്‍ ഏഴ് കൗണ്ടറുകള്‍ വരെ സജ്ജീകരിച്ചിരുന്നതായും അധികൃതര്‍ പറഞ്ഞു.
പൊതുകൗണ്ടറുകളില്‍ ചരക്ക് വാഹനങ്ങള്‍ കടന്നു പോകാന്‍ ദീപാവലി സമയത്ത് രണ്ടു മുതല്‍ അഞ്ചു മിനിട്ട് വരെയോ പരമാവധി 10 മിനിട്ട് വരെയോ മാത്രമാണ് എടുത്തിട്ടുള്ളത്. എന്നാല്‍ പാഴ്‌സല്‍ കൗണ്ടറുകളില്‍ ചില അവസരങ്ങളില്‍ കാലതാമസം നേരിട്ടിട്ടുണ്ട്. ഇത് മന:പൂര്‍വമല്ല.
സാധാരണ ഒരു പാഴ്‌സല്‍ വണ്ടിയില്‍ 100 മുതല്‍ 150 വരെ കണ്‍സൈന്‍മെന്റുകള്‍ ഉണ്ടാകാം. ഇതിന്റെ എല്ലാ രേഖകളും പരിശോധിച്ചതിന് ഉദ്യോഗസ്ഥര്‍ക്ക് സാധാരണയില്‍ കൂടുതല്‍ സമയം ആവശ്യമായിവരും.
ഇതുമൂലം പൊതു കൗണ്ടറുകളെ അപേക്ഷിച്ച് പാര്‍സല്‍ കൗണ്ടറുകളില്‍ തിരക്ക് കൂടുതല്‍ അനുഭവപ്പെടാറുണ്ട്. അതോടൊപ്പം തന്നെ ഉത്സവ അവധി വേളകളില്‍ അന്തര്‍സംസ്ഥാന വാഹന നീക്കം വര്‍ദ്ധിക്കുന്ന കാര്യവും പരിഗണിക്കേണ്ടതുണ്ടെന്നും വാണിജ്യ നികുതി വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."