കാണാക്കഥയിലെ എക്‌സ് റേ
പത്താം ക്ലാസ് ബയോളജി പ്രതിരോധത്തിന്റെ കാവലാളുകള്‍
എന്ന പാഠഭാഗത്തിനാവശ്യമായ അധിക വിവരം
എക്‌സ് റേയുടെ
രസതന്ത്രം
സങ്കീര്‍ണമായ നിരവധി പ്രവര്‍ത്തനങ്ങളാണ് എക്‌സ് റേയുടെ ഉല്‍ഭവത്തിന് കാരണമാകുന്നത്. ഇലക്്‌ട്രോണുകള്‍ ഓര്‍ബിറ്റലുകളിലായാണല്ലോ സ്ഥിതി ചെയ്യുന്നത്. ഒരു ഓര്‍ബിറ്റിന്റെ ഊര്‍ജ്ജം എല്ലായ്‌പ്പോഴും സ്ഥിരമായിരിക്കും. ഇവയില്‍ കൂടിയുള്ള ഇലക്ട്രോണുകളുടെ സഞ്ചാരത്തിലൂടെ ഓര്‍ബിറ്റിന് ഊര്‍ജ്ജവ്യതിയാനം സംഭവിക്കുന്നില്ല.
എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഒന്നില്‍നിന്നു മറ്റൊന്നിലേക്ക് ഇലക്ട്രോണ്‍ സംക്രമണം സംഭവിക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആറ്റങ്ങള്‍ ഊര്‍ജ്ജത്തെ ആഗിരണമോ ബഹിര്‍ഗമണമോ ചെയ്യും. ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകള്‍ക്ക് ന്യൂക്ലിയസുമായി വളരെ അടുത്തു സ്ഥിതി ചെയ്യുന്ന ഇലക്ട്രോണുകളേക്കാള്‍ ഊര്‍ജ്ജം കൂടുതലായിരിക്കും.
ഉയര്‍ന്ന നിലയില്‍(ഋഃരശലേറ േെമലേ)നിന്നു താഴ്ന്ന നിലയിലേക്കാണ് ഇലക്ട്രോണിന്റെ സംക്രമണമെങ്കില്‍ കൂടുതലുള്ള ഊര്‍ജ്ജം റേഡിയേഷന്‍ രൂപത്തില്‍ ഉല്‍സര്‍ജനം (ഋാശ)േ നടത്തുന്നു.
കരീം യൂസഫ് തിരുവട്ടൂര്‍
കൈകാലുകള്‍ക്കു പരുക്കേറ്റ് കൂട്ടുകാര്‍ ആശുപത്രിയില്‍ പോയാല്‍ ഡോക്ടര്‍ എക്‌സ് റേ എടുക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഒരു എക്‌സ് റേ യൂണിറ്റിനു മുന്നില്‍ ഏതാനും മിനുട്ടുകള്‍ കൂട്ടുകാരെ നിര്‍ത്തി ആവശ്യമായ ഭാഗങ്ങളില്‍കൂടി എക്‌സ് കിരണങ്ങള്‍ കടത്തിവിട്ട് ശരീരഭാഗങ്ങളുടെ ആന്തരികരൂപം തയാറാക്കാനാകും. ഈ ദൃശ്യം ഒരു ഫിലിം പേപ്പറില്‍ പകര്‍ത്തും.
അവയവ എക്‌സ് റേ ദൃശ്യം സസൂക്ഷ്മം നിരീക്ഷിച്ചാണ് ഡോക്ടര്‍മാര്‍ ചികിത്സ നിര്‍ദ്ദേശിക്കുന്നത്. സാര്‍വത്രികമായൊരു രോഗനിര്‍ണയോപാധിയാണ് എക്‌സ് റേ. ആധുനിക വൈദ്യശാസ്ത്രത്തില്‍ എക്‌സ് റേയുടെ സാന്നിധ്യം ഒഴിച്ചു കൂടാനാവാത്തതാണ്.എക്‌സറേയുടെ കൂടുതല്‍ വിശേഷങ്ങള്‍ വായിക്കൂ
പണ്ടു പണ്ടൊരു എക്‌സ് റേ കാലത്ത്
പ്രകാശത്തേക്കാള്‍ ഊര്‍ജ്ജമടങ്ങിയതും അതേസമയം പ്രകാശത്തേക്കാള്‍ തരംഗദൈര്‍ഘ്യം കുറഞ്ഞതുമായ വൈദ്യുതകാന്തിക തരംഗമാണ് എക്‌സ് റേ. പ്രകാശത്തിന് ഒരു വസ്തുവിന്റെ ആന്തരികഭാഗങ്ങളിലേക്കിറങ്ങിച്ചെല്ലാനാവില്ല. എന്നാല്‍ എക്‌സ് റേ കിരണങ്ങള്‍ ഇതില്‍നിന്നു വിഭിന്നമാണ്.ഈ സ്വഭാവ സവിശേഷതയാണ് എക്‌സ് റേയെ രോഗനിര്‍ണയോപാധിയില്‍ മുന്‍ നിരയിലാക്കിയതും.
1895 ഡിസംബര്‍ 28 ന് ജര്‍മ്മന്‍ ഫിസിക്‌സ് പ്രൊഫസറായ വില്യം റോണ്‍ജന്‍, വിസ്ബര്‍ഗ് ഫിസിക്കല്‍ മെഡിക്കല്‍ സൊസൈറ്റി ജേണല്‍ അധികാരികള്‍ക്ക് മുമ്പാകെ സമര്‍പ്പിച്ച ലേഖനമായിരുന്നു 'ഓണ്‍ എ കൈന്‍ഡ് ഓഫ് റേ എ പ്രിലിമിനറി കമ്മ്യൂണിക്കേഷന്‍'. എക്‌സ് റേയെക്കുറിച്ച് ലോകത്തിലെ ആദ്യത്തെ പഠനലേഖനമായിരുന്നു ഇത്. ഇദ്ദേഹത്തിന്റെ ലേഖനത്തെ ആധാരമാക്കിയാണ് പിന്നീട് ലോകത്ത് എക്‌സ് കിരണത്തെക്കുറിച്ച് വ്യാപകമായ പഠനങ്ങള്‍ നടക്കുന്നത്.
വൈദ്യുത കാന്തിക തരംഗങ്ങള്‍
ശ്യൂന്യതയിലോ ദ്രവ്യത്തിലോ സ്വയം സഞ്ചാരയോഗ്യമായതും വൈദ്യുത മണ്ഡലത്തിന്റേയും കാന്തികമണ്ഡലത്തിന്റേയും സ്വഭാവം പ്രകടമാക്കുന്നതുമായ തരംഗങ്ങളാണ് വൈദ്യുത കാന്തിക തരംഗങ്ങള്‍. തരംഗത്തിന്റെ വൈദ്യുത കാന്തിക മണ്ഡലം ഊര്‍ജ്ജം കൈമാറ്റം ചെയ്യപ്പെടുന്ന ദിശയ്ക്കു ലംബമായി സഞ്ചരിക്കുന്നു. വൈദ്യുത കാന്തിക തരംഗങ്ങള്‍ വ്യത്യസ്തമാകുന്നതിനനുസരിച്ച് ആവൃത്തിയും വ്യത്യാസപ്പെന്നു.
ദൃശ്യപ്രകാശം, റേഡിയോ തരംഗങ്ങള്‍, എക്‌സ് ഗാമാ കിരണങ്ങള്‍ എന്നിവ ഇതിന് ഉദാഹരണമാണ്. വൈദ്യുത കാന്തിക തരംഗങ്ങളില്‍ ദൃശ്യപ്രകാശം മാത്രമേ നമുക്ക് ദര്‍ശനയോഗ്യമാകുന്നുള്ളൂ.
എക്‌സ് റേയുടെ വരവ്
1895 ല്‍ വില്യം റോണ്‍ജന്‍ എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് എക്‌സ്‌റേ കണ്ടുപിടിച്ചത്. ഡിസ്ചാര്‍ജ് ട്യൂബ് പരീക്ഷണങ്ങള്‍ക്കിടയില്‍ അവിചാരിതമായാണ് അദ്ദേഹം ഈ കണ്ടെത്തല്‍ നടത്തിയത്. ആധുനിക വൈദ്യശാസ്ത്രത്തിലെ ഒരു കുതിച്ചുചാട്ടം കൂടിയാണ് ഈ കണ്ടെത്തല്‍. വായുവിനെ പുറംതള്ളി ശൂന്യമാക്കിയ ഗ്ലാസ് ട്യൂബില്‍ പ്ലാറ്റിനം തകിടുകള്‍ ഉറപ്പിച്ചായിരുന്നു റോണ്‍ജന്‍ പരീക്ഷണം നടത്തിയിരുന്നത്. ഗ്ലാസ് ട്യൂബിനുള്ളില്‍ കണ്ട പ്രകാശകിരണങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാനായി ഇരുട്ടു മുറിയില്‍വച്ച് ഗ്ലാസ് ട്യൂബിനെ കാര്‍ഡ്‌ബോഡ് വച്ച് മൂടി പരീക്ഷണങ്ങള്‍ നടത്താന്‍ തുടങ്ങി. ഈ സമയത്ത് മുറിയില്‍ അല്‍പ്പം അകലെയായിവച്ചിരുന്ന ബേറിയം പ്ലാറ്റിനം സയനൈഡ് പുരട്ടിയ പേപ്പര്‍ കഷ്ണം തിളങ്ങുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.
കാര്‍ഡ്‌ബോഡ് കഷ്ണങ്ങള്‍ മറച്ചുവച്ച ട്യൂബില്‍ നിന്ന് ഉല്‍ഭവിച്ച പ്രകാശത്തിന് കട്ടിയുള്ള വസ്തുക്കളെ മറികടക്കാനാകുന്നുവെന്ന പ്രത്യേകത റോണ്‍ജന്‍ മനസിലാക്കുകയും കൂടുതലായി കിരണത്തെക്കുറിച്ച് അറിയാത്തതിനാല്‍ എക്‌സ് റേ എന്നു വിളിക്കുകയും ചെയ്തു. പിന്നീട് ഈ നാമം ലോകവ്യാപകമായി ഉപയോഗിച്ചു തുടങ്ങി. എക്‌സ് റേയെ സോഫ്റ്റ് എക്‌സ്‌റേ എന്നും ഹാര്‍ഡ് എക്‌സ് റേ എന്നും രണ്ടായി തരം തിരിച്ചിട്ടുണ്ട്. എക്‌സ്‌റേയുടെ തരംഗ ദൈര്‍ഘ്യം 0.01 മുതല്‍ 10 നാനോ മീറ്റര്‍ വരെയാണ്.
എക്‌സ് റേ പകര്‍ത്തുന്ന വിധം
ഇന്ന് ശരീരഭാഗങ്ങളുമായി ബന്ധപ്പെട്ട രോഗനിര്‍ണയത്തിന് എക്‌സ് റേ ഉപയോഗപ്പെടുത്തുന്നുവെന്നു പറഞ്ഞല്ലോ. ട്യൂബ്, മെഷീന്‍ എന്നിവയടങ്ങിയ എക്‌സറേ യൂണിറ്റ് ഉപയോഗിച്ചാണ് എക്‌സ് റേ പകര്‍ത്തുന്നത്. അവശ്യഭാഗത്തിന്റെ നേര്‍രേഖയിലും 90 ഡിഗ്രി ചെരിച്ചുമുള്ള രണ്ട് എക്‌സ് റേകള്‍ എടുക്കുന്നതിലൂടെ പല മാരകരോഗങ്ങളുടേയും പ്രാഥമിക ലക്ഷണങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നു. എക്‌സ് റേ രശ്മികള്‍ ശരീരത്തിലെ ആവശ്യമായ ഭാഗത്തുകൂടെ കടത്തിവിട്ട് നടത്തുന്ന ഈ പ്രക്രിയകള്‍ പഠിപ്പിക്കുന്നതിനുള്ള നിരവധി പാഠ്യപദ്ധതിയും പഠന സ്ഥാപനങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്.
പ്രവര്‍ത്തനതത്വം
എക്‌സ് കിരണങ്ങള്‍ ഉത്പ്പാദിപ്പിക്കാന്‍ എക്‌സ് റേ ട്യൂബ് ഉപയോഗിക്കുന്നു. വായുവിനെ പുറംതള്ളി ശൂന്യമാക്കിയതാണ് എക്‌സ് റേ ട്യൂബ്. ട്യൂബിന്റെ ഇരുവശത്തും ഘടിപ്പിച്ചിട്ടുള്ള ലോഹത്തകിടുകളിലൊന്നില്‍ വൈദ്യുതി കടത്തി വിടുകയും തല്‍ഫലമായി സൃഷ്ടിക്കപ്പെടുന്ന നെഗറ്റീവ് ചാര്‍ജ്ജുള്ള ഇലക്ട്രോണുകള്‍ വിപരീത ഭാഗത്തുള്ള ലോഹത്തകിടിലെ തന്മാത്രകളുമായി രാസപ്രവര്‍ത്തനം നടത്തും. ഇങ്ങനെ രൂപപ്പെടുന്നവയാണ് എക്‌സറേ കിരണങ്ങള്‍. വില്യം കോളിഡ്ജിന്റെ കോളിഡ്ജ് ട്യൂബ് എക്‌സ് റേ ട്യൂബിന് ഉദാഹരണമാണ്.
ട്യൂബിന്റെ ഇരുവശത്തുള്ള ലോഹഭാഗങ്ങളാണ് ആനോഡും കാഥോഡും. എക്‌സ് റേ ട്യൂബില്‍ കാഥോഡായി ടങ്‌സ്റ്റണും ആനോഡായി മോളിബ്ഡിനമോ ടങ്‌സ്റ്റണോ 45 ഡിഗ്രി ചെരിവില്‍ ടാര്‍ജറ്റായി ഘടിപ്പിച്ച ചെമ്പും ഉപയോഗപ്പെടുത്തുന്നു. കാഥോഡില്‍നിന്നു സൃഷ്ടിക്കപ്പെടുന്ന ഇലക്ട്രോണുകള്‍ ടങ്‌സ്റ്റണ്‍ ടാര്‍ഗറ്റില്‍ പതിക്കുമ്പോഴാണ് എക്‌സ് കിരണം സൃഷ്ടിക്കപ്പെടുന്നത്.
ടാര്‍ഗറ്റില്‍ പതിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണത്തിന് ആനുപാതികമായിരിക്കും അവയുടെ തീവ്രത. എന്നാല്‍ കാഥോഡില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇലക്ട്രോണുകള്‍ ആ ഭാഗത്തെ താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു.താപനിലയുടെ വര്‍ധനവ് എക്‌സ് കിരണത്തിന്റെ തീവ്രതയേയും ആശ്രയിച്ചിരിക്കുന്നു.
ഉല്‍ഭവവും വളര്‍ച്ചയും
നെഗറ്റീവ് ചാര്‍ജ്ജുള്ള ഇലക്ട്രോണുകള്‍ പോസിറ്റീവ് ചാര്‍ജ്ജുള്ള ന്യൂക്ലിയസിലേക്ക് വേഗത്തില്‍ ആകര്‍ഷിക്കപ്പെടുമല്ലോ. ഈ സമയം ഇലക്ട്രോണ്‍ കിരണങ്ങള്‍ക്ക് ദിശാവ്യതിയാനം സംഭവിക്കുകയും വേഗം കുറയുകയും ചെയ്യും. മുഖ്യമായും രണ്ടു പ്രവര്‍ത്തനങ്ങളാണ് എക്‌സ് റേയുടെ ഉല്‍ഭവത്തിനു കാരണമാകുന്നത്. അതിവേഗ ഇലക്ട്രോണുകള്‍ ലോഹങ്ങളുമായി കൂട്ടിമുട്ടി അവയുടെ ഗതികോര്‍ജ്ജം നഷ്ടപ്പെടുത്തുന്നതാണ് എക്‌സ് റേയുടെ ഉത്ഭവ കാരണങ്ങളിലൊന്ന്.
ഈ പ്രവര്‍ത്തനം വഴി 99.98 ശതമാനം ഇലക്്‌ട്രോണുകളിലേയും ഗതികോര്‍ജ്ജം താപോര്‍ജ്ജമായി മാറ്റപ്പെടും. എന്നാല്‍ അവശേഷിക്കുന്ന 0.2 ശതമാനമാകട്ടെ ലോഹത്തിലെ ആറ്റങ്ങളുടെ അണുകേന്ദ്രത്താല്‍ ആകര്‍ഷിക്കപ്പെട്ട് ഊര്‍ജ്ജം നഷ്ടപ്പെടുത്തും. ഈ പ്രവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്ന ഊര്‍ജ്ജമാണ് എക്‌സ് കിരണങ്ങളുടെ ഉത്ഭവത്തിന് കാരണമാകുന്നത്.
രണ്ടാമത്തെ കാരണമായി പറയുന്നത് ഇലക്ട്രോണ്‍ കിരണങ്ങള്‍ ലോഹത്തകിടിലൂടെ സഞ്ചരിക്കുമ്പോള്‍ ആറ്റത്തിനകത്തുള്ള ഇലക്ട്രോണുകളുമായുള്ള കൂട്ടിമുട്ടലും സ്ഥാന ചലനവുമാണ്. ഇലക്ട്രോണ്‍ പ്രവേഗം കൂടുതലാകുമ്പോള്‍ ന്യൂക്ലിയസിന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന ഓര്‍ബിറ്റുകളിലെ ഇലക്ട്രോണുകളെ തട്ടിത്തെറിപ്പിക്കുകയും തന്മൂലം ഇലക്ട്രോണുകളുടെ അഭാവം സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഈ അഭാവം നികത്താന്‍ തൊട്ടുമുകളിലെ ഊര്‍ജ്ജ നിലകളില്‍നിന്ന് ഒരു ഇലക്ട്രോണ്‍ ഊര്‍ജ്ജം നഷ്ടപ്പെടുത്തുന്നു. ഈ ഊര്‍ജ്ജമാണ് എക്‌സ് കിരണമായി പരിവര്‍ത്തനം ചെയ്യുന്നത്.
ആദ്യത്തെ എക്‌സ് റേ
വില്യം റോണ്‍ജന്‍ തന്റെ ഭാര്യയുടെ കൈപ്പത്തി ഒരു ഫോട്ടോഗ്രാഫിക് പേപ്പറില്‍ പതിച്ചെടുത്തതാണ് ആദ്യത്തെ എക്‌സ്‌റേ ആയി കണക്കാക്കുന്നത്. വൈദ്യശാസ്ത്ര ആവശ്യങ്ങള്‍ക്കായുള്ള ആദ്യത്തെ എക്‌സ് റേ 1896 ജനുവരി 11 ന് ഇംഗ്‌ളണ്ടില്‍വച്ച് ജോണ്‍ ഹാള്‍ എഡ്വാര്‍ഡ് എടുത്ത എക്‌സ്‌റേ ദൃശ്യമാണ്. കൈയില്‍ തറച്ച ഒരു സൂചിയുടെ സ്ഥാനം കണ്ടെത്തുന്നതിന് വേണ്ടിയാണ് എക്‌സ് റേ എടുത്തത്. ഇതേ വര്‍ഷം ഫെബ്രുവരിയില്‍ ആദ്യത്തെ സര്‍ജിക്കല്‍ ഓപ്പറേഷനു വേണ്ടി എക്‌സ് റേ ഉപയോഗപ്പെടുത്തി.1896 ല്‍ റസ്സല്‍ റയ്‌നോള്‍ഡ് നിര്‍മിച്ച എക്‌സ് റേ മെഷീനാണ് ലോകത്തിലെ ആദ്യത്തെ മെഷീന്‍. ആധുനിക രീതിയിലുള്ള എക്‌സറേ ട്യൂബിന്റെ നിര്‍മാതാവ് വില്യം കൂളിഡ്ജാണ്.
റേഡിയോഗ്രാഫി
ആദ്യ കാലത്ത് ഫോട്ടോഗ്രാഫിക്ക് ഉപയോഗിക്കുന്ന ഫോട്ടോപേപ്പറുപയോഗിച്ചായിരുന്നു എക്‌സ് റേ പകര്‍ത്തിയിരുന്നത്. പിന്നീട് സില്‍വര്‍ ഹാലൈസ് പതിപ്പിച്ച ഫിലിമുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇന്ന് കംപ്യൂട്ടര്‍ റേഡിയോഗ്രാഫിയും ഡിജിറ്റല്‍ റേഡിയോ ഗ്രാഫിയും സാര്‍വത്രികമായിക്കൊണ്ടിരിക്കുകയാണ്. എക്‌സ് റേ ഫിലിമുപയോഗിക്കുന്നില്ല എന്നാണ് ഏറ്റവും വലിയ പ്രത്യേകത. സി.ആര്‍.എല്‍ ഇമേജ് പ്ലേറ്റ് ഉപയോഗിച്ച്് കമ്പ്യൂട്ടര്‍ സഹായത്തോടെ റീഡ് ചെയ്താണ് കമ്പ്യൂട്ടര്‍ ഡാറ്റ നിര്‍മിക്കുന്നത്.
ഇമേജ് പ്ലേറ്റ് വീണ്ടും ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഡി.ആര്‍.സിസ്റ്റം എന്ന ആധുനിക സംവിധാനത്തില്‍ എക്‌സ് റേ ദൃശ്യങ്ങള്‍ നേരിട്ടു കംപ്യൂട്ടറിലേക്ക് എത്തിക്കാന്‍ സാധിക്കും.ഈ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഒരു ഡോക്ടര്‍ക്ക് ഹോസ്പിറ്റലിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് രോഗിയുടെ എക്‌സറേ കാണാന്‍ സാധിക്കും .
വെളിച്ചം കണ്ടാല്‍ കാറ്റുപോകും
എക്‌സ് റേ പകര്‍ത്താനുപയോഗിക്കുന്ന ഫിലിമുകള്‍ എക്‌സ് റേ പകര്‍ത്തുന്നതിന് മുമ്പേ വെളിച്ചം കണ്ടു പോയാല്‍ അവയുടെ പ്രവര്‍ത്തനക്ഷമത ഇല്ലാതാകും. എക്‌സ് റേ ഫിലിം ജെലാറ്റിന്‍ കവേര്‍ഡ് പോളിസ്റ്റര്‍ ബേസ്ഡ് ആണ്. ഇരുവശത്തും എമര്‍ഷന്‍ കോട്ടിംഗ് പതിച്ച ഈ ഫിലിം ഉപയോഗിച്ച് പലരും സൂര്യഗ്രഹണം ദര്‍ശിക്കാറുണ്ട്.
ഉപകാരിയും വില്ലനും
വൈദ്യശാസ്ത്രമേഖലയില്‍ രോഗനിര്‍ണയത്തിന് എക്‌സ് റേ ഉപയോഗിക്കുന്ന കാര്യം സൂചിപ്പിച്ചല്ലോ. എന്നാല്‍ അത്യന്തം അപകടകാരിയാണ് ഇവ. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ രോഗിക്കും രോഗനിര്‍ണയ വിദഗ്ധര്‍ക്കും അപകടമുണ്ടാകും. റേഡിയേഷന്‍ അളവിനെ റെം അല്ലെങ്കില്‍ സെവേര്‍ട്ട് എന്നാണ് പറയുക. ഒരു വര്‍ഷം ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ഏല്‍ക്കാവുന്ന പരമാവധി റേഡിയേഷന്‍ 0.1 റെം ആണ്. പലപ്പോഴും ഒരു എക്‌സ് റേ ഏകദേശം 0.005 റെം ആയിരിക്കും. എക്‌സ് റേ യൂണിറ്റുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗം ലെഡ് പതിച്ചതോ കനം കൂടിയ കോണ്‍ക്രീറ്റോ സമാനമായതു കൊണ്ടോ നിര്‍മിച്ചതായിരിക്കും. എന്നാല്‍ ഇന്നുള്ള പല എക്‌സ് റേ സെന്ററുകളും മതിയായ സുരക്ഷയില്ലാതെ പ്രവര്‍ത്തിക്കുന്നവയാണ്.
രോഗിക്കും സഹായിക്കും പരമാവധി റേഡിയേഷന്‍ ഏല്‍ക്കാതിരിക്കാന്‍ എക്‌സറേ വിദഗ്ധന്‍ ശ്രമിക്കാറുണ്ട്. സ്വയംരക്ഷയ്ക്കായി ലെഡ് എപ്രണോ സമാനമായ ലെഡ് ഫ്രീ എപ്രണ്‍, പ്രൊട്ടക്ഷന്‍ ഗ്ലാസ് ,ഗ്ലൗസ് പോലെയുള്ള സുരക്ഷോപാധികള്‍ എന്നിവ ഓരോ എക്‌സറേ ടെക്‌നീഷ്യനും ധരിച്ചിരിക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ടെക്‌നീഷ്യനെ സംബന്ധിച്ചിടത്തോളം രോഗിയുടെ ശരീരത്തിലൂടെ കടന്നുപോകുന്ന എക്‌സ് റേ റേഡിയേഷനേക്കാള്‍ അപകടകരമാണ് സ്‌കാറ്ററിംഗിന് വിധേയമാകുന്ന സെക്കന്ററി റേഡിയേഷന്‍.
യൂണിറ്റ്
എക്‌സ് കിരണങ്ങളുടെ തരംഗ ദൈര്‍ഘ്യം എക്‌സ് യൂണിറ്റ് ഉപയോഗിച്ച് കണക്കാക്കാം. എക്‌സ് യൂണിറ്റ് രണ്ടു വിധമുണ്ട്. കോപ്പര്‍ എക്‌സ് യൂണിറ്റും മോളിബ്ഡിനം എക്‌സ് യൂണിറ്റും. എക്‌സ് കിരണങ്ങള്‍ക്ക് ഭൗമാന്തരീക്ഷത്തെ മറികടന്നു ഭൂമിയിലേക്ക് പ്രവേശിക്കാനാവില്ല. പ്രപഞ്ചത്തിലെ ഊര്‍ജ്ജമുഖരിതമായ മേഖലകളെക്കുറിച്ച് പഠിക്കാനായി എക്‌സ് റേ തരംഗ ദൈര്‍ഘ്യത്തിലുള്ള വൈദ്യുത കാന്തിക തരംഗങ്ങളെ ഉപയോഗപ്പെടുത്തുന്നു.
ഫിലിം ബാഡ്ജ് ഡൊസിമീറ്റര്‍
എക്‌സറേ യൂണിറ്റില്‍ ജോലിചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന റേഡിയേഷന്‍ തോത് അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് ഫിലിം ബാഡ്ജ് ഡൊസിമീറ്റര്‍. ഇന്ത്യയില്‍ ഈ മീറ്റര്‍ ഓരോ മൂന്ന് മാസത്തിലും ഭാഭാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എനര്‍ജിയിലേക്ക് അയച്ചു കൊടുത്താല്‍ പ്രസ്തുത കാലയളവില്‍ ലഭിച്ച റേഡിയേഷന്‍ തോത് മനസ്സിലാക്കാം. രോഗിക്കും രോഗനിര്‍ണയ വിദഗ്ധനും ലഭിക്കുന്ന പരമാവധി റേഡിയേഷന്‍ തോത് കുറയ്ക്കാനുള്ള തത്വങ്ങളാണ് അലറ(As Low As Reasonably Achievable Principle)
കോംപ്റ്റണ്‍ പ്രതിഭാസം
എക്‌സ്,ഗാമാ കിരണങ്ങള്‍ വസ്തുക്കളില്‍ പതിക്കുമ്പോള്‍ അവയുടെ തരംഗ ദൈര്‍ഘ്യത്തിലുണ്ടാകുന്ന വര്‍ധനവിനും ഊര്‍ജ്ജ വ്യതിയാനത്തിനും കാരണമാകുന്നു. ഇതാണ് ക്രോംപ്റ്റണ്‍ എഫക്റ്റ് .
വൈദ്യുത കാന്തിക തരംഗങ്ങളുടെ വിസരണവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കോംപ്റ്റണ്‍ സ്‌കാറ്ററിംഗ് എന്നും അറിയപ്പെടുന്നു.ആര്‍തര്‍ ഹോളി കോംപ്റ്റണ്‍ എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞനാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. കണ്ടുപിടുത്തത്തിന് അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."