രാജ്യത്തെ വിചാരണത്തടവുകാരില്‍ അഞ്ചിലൊന്നും മുസ്‌ലിംകള്‍
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ജയിലുകളില്‍ വിചാരണത്തടവുകാരായി കഴിയുന്നവരില്‍ 20.1 ശതമാനവും ശിക്ഷിക്കപ്പെട്ടവരില്‍ 15.8 ശതമാനവും മുസ്‌ലിംകള്‍. 2015ലെ നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി) റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് ഏറ്റവും കൂടുതല്‍ മുസ്‌ലിം വിചാരണത്തടവുകാരുള്ളത്.
തമിഴ്‌നാട്ടിലെ മുസ്‌ലിം ജനസംഖ്യ ആറു ശതമാനമാണ്. എന്നാല്‍, അവിടെയുള്ള വിചാരണത്തടവുകാരില്‍ 16 ശതമാനവും ശിക്ഷിക്കപ്പെട്ടവരില്‍ 17 ശതമാനവും മുസ്‌ലിംകളാണ്. 12 ശതമാനം മുസ്‌ലിംകളുള്ള മഹാരാഷ്ട്രയില്‍ വിചാരണത്തടവുകാരില്‍ 30ഉം കുറ്റക്കാരെന്നു കണ്ടെത്തിയവരില്‍ 20 ശതമാനവും മുസ്‌ലിംകളാണ്. 2014ല്‍ 26 ശതമാനമായിരുന്നു മഹാരാഷ്ട്രയിലെ മുസ്‌ലിം വിചാരണത്തടവുകാര്‍. ഒരുവര്‍ഷം കൊണ്ട് നാലുശതമാനം മുസ്‌ലിം വിചാരണത്തടവുകാര്‍ സംസ്ഥാനത്തു വര്‍ധിച്ചു. അതേസമയം, ജനസംഖ്യാനുപാതികമായി മുസ്‌ലിം തടവുകാര്‍ കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 27 ശതമാനമാണ് കേരളത്തിലെ മുസ്‌ലിം ജനസംഖ്യ. എന്നാല്‍, സംസ്ഥാനത്തെ വിചാരണത്തടവുകാരില്‍ 26 ശതമാനം മാത്രമാണ് മുസ്‌ലിംകള്‍.
ഏറെക്കാലമായി ബി.ജെ.പി ഭരണത്തിലുള്ള ഗുജറാത്തിലും ഇടതുപക്ഷവും പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസും ഭരിച്ച പശ്ചിമബംഗാളിലും മൊത്തം ജനസംഖ്യാ ശതമാനത്തിന്റെ ഇരട്ടിയോളം വിചാരണത്തടവുകാരുണ്ട്. 2011ലെ സെന്‍സസ് പ്രകാരം പശ്ചിമബംഗാളിലെ മുസ്‌ലിം ജനസംഖ്യ 27 ശതമാനമാണ്. എന്നാല്‍, സംസ്ഥാനത്തെ ജയിലുകളിലെ വിചാരണത്തടവുകാരില്‍ 47 ശതമാനമാണ് മുസ്‌ലിംകള്‍. കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ 42 ശതമാനവും. ഇവിടുത്തെ ജയിലുകളിലാണ് ഏറ്റവും കൂടുതല്‍ വിദേശികളുള്ളത്. നിയമവിരുദ്ധമായി കുടിയേറിയെന്നാരോപിച്ച് നൂറുകണക്കിന് ബംഗ്ലാദേശികളാണ് വിവിധ ജയിലുകളിലുള്ളത്. 10 ശതമാനം മുസ്‌ലിംകളുള്ള ഗുജറാത്തിലെ ജയിലുകളില്‍ 22 ശതമാനം വിചാരണത്തടവുകാരും 21 ശതമാനം കുറ്റക്കാരെന്നു കണ്ടെത്തിയവരും മുസ്‌ലിംകളാണ്. ഏഴുശതമാനം മുസ്‌ലിംകളുള്ള മധ്യപ്രദേശില്‍ വിചാരണത്തടവുകാരില്‍ 13ഉം ശിക്ഷിക്കപ്പെട്ടവരില്‍ പത്ത് ശതമാനവും ആ സമുദായത്തില്‍പ്പെട്ടവരാണ്. രാജസ്ഥാനില്‍ 18 ശതമാനം ശിക്ഷയനുഭവിക്കുന്നവരും 16 ശതമാനം വിചാരണത്തടവുകാരും മുസ്‌ലിംകളാണ്. ഒന്‍പതു ശതമാനമാണ് സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ.
ഉത്തര്‍പ്രദേശില്‍ 19 ശതമാനമാണ് മുസ്‌ലിംകള്‍. ഇവിടെ ശിക്ഷിക്കപ്പെട്ട 19 ശതമാനവും വിചാരണ കാത്തുകഴിയുന്ന 27 ശതമാനവും മുസ്‌ലിംകളാണ്. ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ മുസ്‌ലിം ജനസംഖ്യയും തടവുകാരുടെ കണക്കും തമ്മില്‍ കാര്യമായ അന്തരമില്ല. ഇന്ത്യയില്‍ ആകെയുള്ള വിചാരണത്തടവുകാരില്‍ 55 ശതമാനവും മുസ്‌ലിംകളോ ആദിവാസികളോ ദലിതുകളോ ആണ്. 16 ശതമാനമുള്ള ദലിതുകള്‍ വിചാരണത്തടവുകാരില്‍ 21 ശതമാനമാണ്. ജയിലുകളില്‍ കഴിയുന്നവരില്‍ മൂന്നില്‍ രണ്ടുഭാഗവും വിചാരണത്തടവുകാരാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."