ഓണാഘോഷം; തൃക്കാക്കര നഗരസഭയ്ക്ക് കടം ഏഴ് ലക്ഷം
കാക്കനാട്: ഓണാഘോഷം കെങ്കേമായി കൊണ്ടാടിയപ്പോള്‍ തൃക്കാക്കര നഗരസഭ ഏഴ് ലക്ഷം രൂപയുടെ കടക്കെണിയില്‍. പരിപാടി പതിമൂന്ന് ദിവസം നീണ്ടതാണ് നഗരസഭ കടക്കെണിയിലാകാന്‍ പ്രധാന കാരണം. സര്‍ക്കാര്‍ നല്‍കിയ തുകയില്‍ പരിപാടി പരിമിതപ്പെടുത്താതെ നഗരസഭയെ കടക്കെണിയിലാക്കിയതില്‍ ഭരണകക്ഷി കൗണ്‍സിലര്‍മാര്‍ക്കിടയിലും മുറുമുറുപ്പുണ്ട്.
മഹാബലിയുടെ ആസ്ഥാനം കൂടിയായ തൃക്കാക്കര നഗരസഭയുടെ ഓണാഘോഷത്തിനായി സര്‍ക്കാര്‍ 18 ലക്ഷം രൂപ നല്‍കിയിരുന്നു. ഇതില്‍ 50,000 രൂപ തൃക്കാക്കര ക്ഷേത്രത്തിലെ ഓണാഘോഷങ്ങള്‍ക്ക് നല്‍കിയതൊഴിച്ചാല്‍ ബാക്കി മുഴുവന്‍ തുകയും നഗരസഭയുടെ പരിപാടിക്കായാണ് വിനിയോഗിച്ചിരുന്നത്. നഗരസഭയുടെ ഓണാഘോഷവുമാ യി ബന്ധപ്പെട്ട് യാതൊരുവിധ പണപ്പിരുവുകളും നടത്തേണ്ടതില്ലെന്ന് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പണം പിരിക്കാതെ തന്നെ പലരില്‍ നിന്നുമായി സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിയായിരുന്നു പരിപാടികള്‍ പലതും നടത്തിയിരുന്നത്.
സംഘാടകര്‍ വഴിവിട്ട് ചെലവഴിച്ചതാണ് നഗരസഭക്ക് വന്‍ ബാധ്യതക്ക് ഇടയാക്കിയതെന്നാണ് പ്രതിപക്ഷ ആരോപണം. ഓണാഘോഷം കഴിഞ്ഞ് രണ്ടര മാസം കഴിഞ്ഞിട്ടും സംഘാടകര്‍ കണക്കുകള്‍ ഹാജരാക്കിയിട്ടില്ലെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. ലോക്കല്‍ ഫണ്ട് ഓഡിറ്റിന് മുമ്പ് കണക്കുകള്‍ തട്ടിക്കൂട്ടാനുള്ള തന്ത്രപ്പാടിലാണ് നഗരസഭ അധികൃതര്‍.
സര്‍ക്കാര്‍ ഫണ്ട് ചെലവഴിച്ചതിന്റെ ബില്ലുകളും വൗച്ചറുകളും ഹാജരാക്കണമെന്ന് ഉദ്യോഗസ്ഥര്‍ സംഘാടകരോട് പലവട്ടം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. പരിപാടി സംഘടിപ്പിച്ചതും പണം ചെലവഴിച്ചതും സംഘാടകരായിരുന്നു.
സെപ്റ്റംബര്‍ മൂന്നു മുതല്‍ 19 വരെയായിരുന്നു നഗരസഭ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. നടന്‍ ഹരിശ്രീ ആശോകന്റെ മെഗാഷോയ്ക്കാണ് സംഘാടക സമിതി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്, നാല് ലക്ഷം രൂപ. നഗരസഭ പരിധിയിലെ സ്ഥിരതാമക്കാരനായ ഹരിശ്രീ അശോകന്‍ വന്‍ തുക പരിപാടിക്ക് വാങ്ങില്ലെന്നാണ് കൗണ്‍സിലര്‍മാരില്‍ ഒരു വിഭാഗം പറയുന്നത്. സെപ്റ്റംബര്‍ 19നായിരുന്നു ഹരിശ്രീ അശോകന്റെ പരിപാടി. സിവില്‍ സേറ്റഷന്‍ പരേഡ് ഗ്രൗണ്ടില്‍ തന്നെ ഗാനമേള അവതരിപ്പിച്ച കണ്ണൂര്‍ ഷെരീഫിന് രണ്ട് ലക്ഷം രൂപയായിരുന്നു നഗരസഭ നല്‍കിയത്.
സെപ്റ്റംബര്‍ 18ന് നടത്തിയ ഷെരീഫിന്റെ പരിപാടിക്ക് 90,0000 രൂപ സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് സമാഹരിച്ചത്. പരിപാടി അവസാനിച്ചതോടെ നഗരസഭക്ക് 25 ലക്ഷം രൂപയുടെ ചെലവുണ്ടായി. പരിപാടിയുടെ ഭാഗമായി ഓണസദ്യ ഉള്‍പ്പെടെയുള്ള ഭക്ഷണം നല്‍കിയതും സ്‌പോണ്‍സര്‍ഷിപ്പിലൂടെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."