സഹായങ്ങളുമായി അഖിലഭാരത അയ്യപ്പ സേവാസംഘം
തളിപ്പറമ്പ്: മണ്ഡല-മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി തീര്‍ഥാടകര്‍ക്കു സഹായങ്ങളുമായി അഖിലഭാരത അയ്യപ്പ സേവാസംഘം. ഇത്തവണ പമ്പയിലും ശബരിമലയിലും പുറമെ 30 കേന്ദ്രങ്ങളില്‍ സേവനക്യാംപുകള് ആരംഭിക്കും.
ശബരിമലയില്‍ അന്നദാനം, ആശുപത്രി, അപകടത്തില്‍പെടുന്നവരേയും അസുഖം ബാധിക്കുന്നവരേയും പമ്പയില്‍ എത്തിക്കുന്നതിനുള്ള സ്ട്രക്ചര്‍ സര്‍വിസ്, മലകയറുന്നവര്‍ക്ക് യാത്ര ആയാസരഹിതമാക്കുന്നതിനായി പരമ്പരാഗത പാതയായ നീലിമല, ശബരിപീഠം വഴിയിലും സ്വാമി അയ്യപ്പന് റോഡിലും ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ഓക്സിജന്‍ പാര്‍ലറുകള്‍ എന്നിവ സംഘം ഒരുക്കും. പമ്പയില്‍ ചെന്നൈ അപ്പോളോ ആശുപത്രിയുടെ സഹകരണത്തോടെ ടെലി ട്രീറ്റ്മെന്റ് അടക്കമുള്ള കാര്‍ഡിയോളജി സെന്ററും സ്ട്രക്ചര്‍ ആംബുലന്‍സ് എന്നിവയോടെ ക്യാംപും നടത്തും. അസുഖ ബാധിതരേയും അപകടത്തില്‍ പെടുന്നവരേയും സഹായിക്കുന്നതിനായി പത്തനംതിട്ട ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവന ക്യാംപുകള്‍ ഉണ്ടാകും. അയ്യപ്പ സേവാസംഘത്തില്‍ യാതൊരു പിളര്‍പ്പുകളും ഇല്ലെന്നും തളിപ്പറമ്പ് താലൂക്ക് യൂനിയന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഇടത്താവളം ആരംഭിക്കാന്‍ നെല്ലിയോട്ട് ശാഖയെ ചുമതലപ്പെടുത്തുക മാത്രമാണ് നടന്നിട്ടുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു. ശബരിമല സീസണ് കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ നിശ്ചയിക്കും. കൊയ്യം ജനാര്‍ദ്ദനനന്‍ നിലവില്‍ സംസ്ഥാന ഭാരവാഹിയല്ലെന്നും മൂന്ന് കമ്മറ്റി യോഗങ്ങളില്‍ ഹാജരാകാതിരുന്നതോടെ അദ്ദേഹം സേവാസംഘം ഭരണഘടന പ്രകാരം സ്വയം പുറത്താവുകയായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന കൗണ്‍സില്‍ പ്രസിഡന്റ് സി ഹരിദാസ്, ജനറല്‍ സെക്രട്ടറി മോഹന്‍ കെ നായര്‍, എന്‍.സി.ആര് കുറുപ്പ്, കൈപ്പട സുരേഷ്, അനില്‍ എസ് നായര്‍, കെ.സി മണികണ്ഠന് നായര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."