മാനന്തവാടിയിലെ സി.പി.ഐ-സി.പി.എം പോര്; നേതൃത്വത്തിന് തലവേദനയാകുന്നു
മാനന്തവാടി: വര്‍ഷങ്ങളായി മാനന്തവാടിയില്‍ നിലനിന്നിരുന്ന സി.പി.എം-സി.പി.ഐ പോര് ഒടുവില്‍ തെരുവ് സംഘര്‍ഷത്തില്‍ കലാശിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പും ഘടകകക്ഷികള്‍ തമ്മില്‍ തെരുവില്‍ കൈയാങ്കാളി അരങ്ങേറിയിരുന്നു. തുടര്‍ന്നു നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.ഐ ഒറ്റക്കാണ് മത്സരിച്ചിരുന്നത്.
എന്നാല്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് ഇരുകക്ഷികളും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സി.പി.ഐയുടെ രണ്ടുപേര്‍ വിജയിക്കുകയും ചെയ്തിരുന്നു. നഗരസഭ എല്‍.ഡി.എഫിന് ലഭിച്ചതോടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തിന് സി.പി.ഐ ആവശ്യമുന്നയിച്ചിരുന്നെങ്കിലും സി.പി.എം അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് ഘടകകക്ഷികള്‍ക്കിടയില്‍ വീണ്ടും അസ്വാരസ്യം ഉടലെടുത്തത്. ഒടുവില്‍ നഗരത്തിലെ കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ വന്‍കിടക്കാരെ ഒഴിവാക്കി തെരുവോര കച്ചവടക്കാരെ മാത്രം ഒഴിപ്പിച്ച് ഭരണസമിതി വിവേചനം കാണിക്കുകയാണെന്നും ഇതുതടയുമെന്നും സി.പി.ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് ഇരുപാര്‍ട്ടികള്‍ക്കിടയിലും ഭിന്നത രൂക്ഷമായത്. അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ കൗണ്‍സിലര്‍മാര്‍ നഗരസഭ ചെയര്‍മാന് കത്തുനല്‍കിയതും വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
ഇതിനിടെ ശ്രമദാനമായി എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ബസ് കാത്തിരിപ്പ് കേന്ദ്രം പുനര്‍നിര്‍മിച്ചത് സി.പി.എമ്മിനെ ചൊടിപ്പിച്ചിരുന്നു. ഭരണം ലഭിച്ചിട്ടും സി.പി.എമ്മിന് എറ്റവുംവലിയ തലവേദന ഘടകകക്ഷിയായ സി.പി.ഐ തന്നെയായിരുന്നു. എന്നാല്‍ സി.പി.എം ഏകാധിപത്യ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നാണ് സി.പി.ഐയുടെ ആരോപണം. ഏറ്റവും ഒടുവിലായി നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചാണ് തെരുവുയുദ്ധത്തിലേക്ക് എത്താന്‍ ഇടയാക്കിയത്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നോട്ടിസ് നല്‍കിയിട്ടും സി.പി.ഐ പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ചതാണ് സി.പി.എമ്മിനെ പ്രകോപിച്ചത്. മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള കൈയാങ്കളി ഇരുപാര്‍ട്ടികളിലേയും നേതാക്കള്‍ക്ക് തലവേദനയാകുകയാണ്.
ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്യണം: സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ്
കല്‍പ്പറ്റ: മാനന്തവാടിയില്‍ സി.പി.ഐ ലോക്കല്‍ കമ്മിറ്റിയുടെ മുനിസിപ്പല്‍ ഓഫിസ് മാര്‍ച്ചിന് നേരെ അക്രമം നടത്തിയ ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്യണമെന്ന് പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
മാര്‍ച്ച് മുന്‍സിപ്പല്‍ ഓഫിസില്‍ എത്തുന്നതിന് മുന്‍പ് പോസ്റ്റോഫിസ് ജങ്ഷനില്‍ വച്ച് ഒരു സംഘം ഗുണ്ടകള്‍ അക്രമിക്കുകയായിരുന്നു.
സാമ്പത്തിക തിരിമറിയടക്കമുള്ള ഗുരുതരമായ അച്ചടക്ക ലംഘനത്തിന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ രണ്ടുപേരുടെ നേതൃത്വത്തിലാണ് ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടത്. അക്രമം തടയാന്‍ ശ്രമിച്ച പൊലിസുകാരെയും ഇവര്‍ അക്രമിച്ചു.
എല്‍.ഡി.എഫ് മാനന്തവാടി മണ്ഡലം കമ്മിറ്റിയിലും ഇതുസംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. എന്നിട്ടും എല്‍.ഡി.എഫ് ഭരിക്കുന്ന മാനാനന്തവാടി നഗരസഭ നടപടിക്ക് തയാറായില്ല. വന്‍കിടക്കാര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടാക്കുന്ന കുതന്ത്രത്തിന്റെ ഭാഗമായാണ് അക്രമമെന്നും യോഗം വിലയിരുത്തി.
പൊലിസിന്റെ വീഴ്ചയെന്ന് ആരോപണം
മാനന്തവാടി: സി.പി.ഐ മാര്‍ച്ച് സംഘര്‍ഷത്തില്‍ അവസാനിച്ചത് പൊലിസിന്റെ വീഴ്ചയാണെന്ന് ആരോപണം. സി.പി.ഐ മാര്‍ച്ച് സി.പി.എം പ്രവര്‍ത്തകര്‍ തടയുമെന്ന് ബുധനാഴ്ചതന്നെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.
രഹസ്യാന്വേഷണ വിഭാഗം ഈ വിവരം മാനന്തവാടിയിലെ ഉന്നത പൊലിസ് അധികാരികള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നിട്ടും ആവശ്യമായ പൊലിസിനെ വ്യന്യസിക്കാനോ സി.പി.എം പ്രവര്‍ത്തകരെ തടയാനോ ശ്രമിച്ചില്ല. മാത്രമല്ല സി.പി.ഐ പ്രകടനത്തിന് നേരെ വടിയുമായി സി.പി.എം പ്രവര്‍ത്തകര്‍ എത്തി അക്രമിക്കാന്‍ തുടങ്ങിയതിനുശേഷം മാത്രമാണ് നഗരസഭ ഓഫിസിന് മുന്നില്‍ നിലയുറപ്പിച്ചിരുന്ന പൊലിസ് സംഭവസ്ഥലത്ത് എത്തിയത്.
അക്രമിക്കാനെത്തിയവരെ വിരട്ടിയോടിക്കാനോ അറസ്റ്റുചെയ്ത് നീക്കാനോ തയാറാകാത്തതാണ് എസ്.ഐ ഉള്‍പ്പെടെയുള്ളവര്‍ അക്രമിക്കപ്പെടാന്‍ കാരണം. അക്രമം ചിത്രീകരിച്ച നാട്ടുകാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങി നശിപ്പിച്ചപ്പോഴും പൊലിസ് നോക്കിനില്‍ക്കുകയായിരുന്നു.
സി.പി.ഐ ഇന്നും മാര്‍ച്ച് നടത്തുംമാനന്തവാടി: വന്‍കിട കൈയേറ്റക്കാരെ സംരക്ഷിക്കുന്ന ഭരണ സമിതിയുടെ നിലപാടില്‍ പ്രതിഷേധിച്ച് സി.പി.ഐ ഇന്ന് മാനന്തവാടി നഗരസഭയിലേക്ക് വീണ്ടും മാര്‍ച്ച് നടത്തും. രാവിലെ 11 മണിക്ക് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്യും. ഇന്നലെ നടത്തിയ മാര്‍ച്ച് സി.പി.എം അക്രമത്തെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
മാനന്തവാടി അക്രമം; ഒരാള്‍ കസ്റ്റഡിയില്‍
മാനന്തവാടി: നഗരസഭയിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ച് സി.പി.എം പ്രവര്‍ത്തകര്‍ അക്രമിക്കുകയും പൊലിസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന സി.പി.എം മാനന്തവാടി ലോക്കല്‍ സെക്രട്ടറി മനോജ് പട്ടേട്ട് ഉള്‍പ്പെടെ നാല്‍പ്പത് പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു.
കൊലപാതകശ്രമം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, സര്‍ക്കാര്‍ ജീവനക്കാരെ ആക്രമിക്കല്‍, ഗുരുതര പരുക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
സംഭവത്തില്‍ ഉള്‍പ്പെട്ട ചൂട്ടക്കടവ് സ്വദേശി എന്‍ രാജനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. മാനന്തവാടി സി.ഐ ടി.എന്‍ സജീവിനാണ് അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."