സിവില്‍ സ്റ്റേഷനിലെ എട്ടിടങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുമെന്ന്
പാലക്കാട്: എല്ലാ ഓഫിസുകളും നിരീക്ഷണത്തില്‍ ഉള്‍പ്പെടുന്ന തരത്തില്‍ സിവില്‍ സ്റ്റേഷനിലെ എട്ടിടങ്ങളില്‍ ഉടന്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ കലക്ട്രേറ്റില്‍ ജില്ലാ കലക്റ്റര്‍ പി. മേരിക്കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
സിവില്‍ സ്റ്റേഷന്‍ കവാടം, ജനസേവന കേന്ദ്രത്തിന്റെ മുന്‍വശം, ജില്ലാ കലക്ടറുടെ ഓഫിസ് പരിസരം, കോടതി കോംപ്ലക്‌സ് എന്നിവിടങ്ങളാണ് യോഗം മുന്നോട്ടുവെച്ച സ്ഥലങ്ങള്‍. പോലിസ്, പി.ഡബ്ല്യൂ.ഡി കെട്ടിട വിഭാഗം ഇതു സംബന്ധിച്ചുള്ള പരിശോധന പൂര്‍ത്തിയാക്കി രണ്ടു ദിവസത്തിനകം പ്രൊപോസല്‍ തയ്യാറാക്കും.
ക്യാമറയുടെ മോണിറ്ററിങ് ജില്ലാ കലക്ടര്‍, എ.ഡി.എം, ഹുസൂര്‍ ശിരസ്തദാര്‍ എന്നിവരുടെ ഓഫിസില്‍ ക്രമീകരിക്കും. സ്വന്തം ഓഫിസ് പരിധിയിലുളള ഇലക്‌ട്രോണിക്ക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ രണ്ടാഴ്ച്ചക്കുള്ളില്‍ നീക്കം ചെയ്യാന്‍ ഓഫിസ് മേധാവികള്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്. ഉപയോഗശൂന്യമായ ഓഫിസ് സാമഗ്രികള്‍ നീക്കം ചെയ്യുമ്പോള്‍ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കാനും നിര്‍ദേശമുണ്ട്.
ഓഫിസുകള്‍ക്കകത്തും, വരാന്തയിലും ഉപയോഗശൂന്യമായ ഫര്‍ണീച്ചറുകള്‍ സംബന്ധിച്ച് ഓഫിസ് മേധാവികള്‍ ജില്ലാ കലക്ടറെ അറിയിക്കണം. ഇത്തരം സാധനങ്ങള്‍ ഉപയോഗയോഗ്യമാക്കി ആവശ്യമുളള ഓഫിസുകള്‍ക്ക് നല്‍കുകയാണ് ഉദ്ദേശ്യം.
സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കിടക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങള്‍ ആര്‍.ടി.ഒയുമായി കൂടിയാലോചിച്ച് വില നിശ്ചയിച്ച് ഉടന്‍ ലേലം ചെയ്യും. കോടതി അധികൃതരുമായി കൂടിയാലോചിച്ച് സിവില്‍ സ്റ്റേഷനിലേക്കുളള മറ്റു പ്രവേശന കവാടങ്ങള്‍ അടക്കാനും പ്രധാന കവാടം മാത്രം സന്ദര്‍ശകര്‍്ക്കും ജീവനകാര്‍ക്കുമായി ഉപയോഗപ്പെടുത്താനും തീരുമാനമുണ്ടാകും.
രാത്രികളില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ എത്രയെന്നും ഇതു സംബന്ധിച്ച മറ്റു വിവരങ്ങളും സൂക്ഷിക്കും. ഇതിനു പുറമെ കൂടുതല്‍ ഹോംഗാര്‍ഡുകളുടെ മേല്‍നോട്ടത്തില്‍ സുരക്ഷിതവും സൗകര്യപ്രദവുമായ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തും.
കൂടാതെ സിവില്‍ സ്റ്റേഷനില്‍ പൊതുവായെത്തുന്ന സന്ദര്‍കര്‍ക്ക് രജിസ്റ്റര്‍ ആരംഭിക്കാനും തീരുമാനിച്ചു.
എ.ഡി.എം എസ്. വിജയന്‍, പി.ഡബ്യു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഡി ബിനു മോന്‍, അസി.എന്‍ജിനീയര്‍ വി.ടി സുനില്‍ കുമാര്‍, ഡിവൈ.എസ്.പി കെ.എല്‍ രാധാകൃഷ്ണന്‍, ഫിനാന്‍സ് ഓഫിസര്‍ ഷക്കീല.ടി.കെ. ഹുസൂറ് ശിരസ്തദാര്‍ ഒ.ജെ ബേബി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."